Latest NewsNewsInternationalTechnologyTravel

വീണ്ടും ലോകത്തെ ‍ ഞെട്ടിച്ച് ചൈന, ഇനി റോഡിലൂടെയും ട്രെയിന്‍ ഓടും

ചൈനയില്‍ ഇനി റെയില്‍ പാളമില്ലാതെ ട്രെയിനുകളോടും. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഭാവിയുടെ സാങ്കേതികവിദ്യ എന്ന് അറിയപ്പെടുന്ന പദ്ധതി ചൈനയില്‍ വിജയകരമായി പൂര്‍ത്തിയായി. പാളമില്ലാത ഓടുന്ന ട്രെയിനുകൾ രാജ്യത്ത് സർവീസും തുടങ്ങി. ചൈനയിലെ സിഷുവാന്‍ പട്ടണത്തിലെ ജനങ്ങൾക്കാണ് റെയില്‍ പാളമില്ലാത്ത ട്രെയിനില്‍ സഞ്ചരിക്കാന്‍ ആദ്യം അവസരം ലഭിച്ചിരിക്കുന്നത്. 2017 ലാണ്  ഈ ആശയം  മുന്നോട്ട്  വെയ്ക്കപ്പെടുന്നത്. പല രാജ്യങ്ങളും പാളങ്ങളില്ലാത്ത ട്രെയിൻ എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പദ്ധതി ആദ്യം നടപ്പിലാക്കിയ ക്രെഡിറ്റ് ഇപ്പോൾ ചൈന സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 17.7 കിലോമീറ്ററാണ് ഈ  ട്രെയിന്‍ സര്‍വീസ് നടത്തുക. റെയില്‍പാതയില്ലാത്ത ട്രെയിന്‍ പദ്ധതിക്കായി ചൈനക്ക് ചെലവായത് 1.128 ബില്യണ്‍ യുവാന്‍ (ഏകദേശം 1,144 കോടി രൂപ) ആണ്. ട്രെയിനുകളുടെ മുന്‍ഭാഗത്ത് ഡ്രൈവറുണ്ടാകുമെങ്കിലും ട്രെയിന്‍റെ നീക്കങ്ങളിൽ വലിയ നിയന്ത്രണം ഉണ്ടാവില്ല. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ട്രെയിന്‍ ഡ്രൈവര്‍മാര്‍ നിയന്ത്രണം ഏറ്റെടുക്കുക. ജിപിഎസ് – ലിഡാര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഡ്രൈവറില്ലാ കാറുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്.

സാധാരണ വാഹനങ്ങൾ കടന്നു പോകുന്ന റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള മഞ്ഞ വരകളിലൂടെയായിരിക്കും ട്രെയിനുകൾ സഞ്ചരിക്കുക. ഒരു ട്രെയിനിന് 12.3 അടി വീതിയുണ്ട് . ട്രാം, സബ്‌വേ തുടങ്ങി നഗരങ്ങളിലെ ട്രെയിന്‍ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനങ്ങളേക്കാള്‍ ചിലവ് കുറവാണ് പുതിയ പാളമില്ലാ ട്രെയിനുകള്‍ക്കെന്നാണ് നിര്‍മ്മാതാക്കൾ അവകാശപ്പെടുന്നത്.

ആദ്യഘട്ടത്തില്‍ പാളമില്ലാ ട്രെയിനിന്റെ സേവനം ദിവസേന 10,000 പേര്‍ ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. മണിക്കൂറില്‍ പരമാവധി വേഗത 70 കിലോമീറ്റര്‍ ആയിരിക്കും ഈ ട്രെയിനുകൾക്ക്. ഒരു ട്രെയിനില്‍ 300 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഈ ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ചൈനയുടെ CRCC കോര്‍പറേഷനാണ് പാളമില്ലാ ട്രെയിനുകൾ നിര്‍മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button