KeralaLatest NewsNews

അവിനാശി ദുരന്തം ; എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കണ്ടെത്തിയത് 3 കാരണങ്ങള്‍

കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കണ്ടെത്തിയത് 3 കാരണങ്ങള്‍. വളവിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാത്തത്, പിന്‍ഭാഗത്തെ ആദ്യനിരയിലുള്ള 2 വീലുകള്‍ അപകടസമയത്ത് ഇവ ഉപയോഗിക്കാതെ ഉയര്‍ത്തി വച്ചത്, കണ്ടെയ്‌നര്‍ ലോക്ക് എന്നിവയാണ് അപകടത്തിന് മൂന്ന് കാരണങ്ങളായി ചൂണ്ടികാണിക്കുന്നത്. പി.ശിവകുമാര്‍(എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ), പി.ടി.പത്മലാല്‍, സി.ബിജു, പി. പ്രശാന്ത്,സി.എസ്. ജോര്‍ജ് (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍). കെ. പ്രദീപ്, എ.അനില്‍കുമാര്‍, കെ.ദേവീദാസന്‍, പി.വി.സജീവ്(അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍) എന്നിവര് ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൂട്ടിയിടി നടന്നതിനു 100 മീറ്റര്‍ മുന്‍പേ ലോറിയുടെ വലതുവശത്തെ ടയര്‍ മീഡിയനിലേക്ക് കയറുന്നു. ദേശീയ പാതയിലെ ഈ വളവിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാത്തതാണു കാരണം(അണ്ടര്‍ സ്റ്റിയറിങ്). മുന്‍ഭാഗത്തെ വലതു ടയര്‍ മീഡിയനിലും പിന്‍ഭാഗത്തെ ടയറുകള്‍ റോഡിലുമായി വേഗം കുറയാതെ തന്നെ 30 മീറ്ററോളം ലോറി മുന്നോട്ടു പോയി. ഈ സമയത്തും സ്റ്റിയറിങ് ആവശ്യത്തിനു തിരിച്ചിട്ടില്ല. ഇതു വലതുഭാഗത്തു പിന്നിലെ ടയറുകള്‍ മര്‍ദം കൂടി ചൂടാകുന്നതിനും ഒന്നു വീല്‍ഡിസ്‌കില്‍ നിന്ന് ഊരിത്തെറിക്കുന്നതിനും ഒന്നു പൊട്ടിത്തെറിക്കുന്നതിനും കാരണമായി.

രണ്ടാമത്തെ കാരണം ലോറിയില്‍ ലോഡ് കയറ്റുമ്പോള്‍ ഉപയോഗിക്കേണ്ടതാണു പിന്‍ഭാഗത്തെ ആദ്യനിരയിലുള്ള 2 വീലുകള്‍(ലിഫ്റ്റ് ആക്‌സില്‍). അപകടസമയത്ത് ഇവ ഉപയോഗിക്കാതെ ഉയര്‍ത്തി വച്ചിരുന്നു എന്ന് അനുമാനം. ഒരു ടയര്‍ ഊരിത്തെറിക്കുകയും ഒരു ടയര്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ വീല്‍ ഡിസ്‌ക് ഡിവൈഡറില്‍ ഉരസി തുടങ്ങി. ഇങ്ങനെ 10 മീറ്ററോളം മുന്നോട്ടു പോയ ലോറി പൂര്‍ണമായും ഡിവൈഡറിലേക്ക് കയറി. ഉയര്‍ത്തി വച്ചിരുന്ന ലിഫ്റ്റ് ആക്‌സിലിനു ഡിവൈഡറിന്റേതിനു സമാനമായ പൊക്കമായതിനാല്‍ ഡിവൈഡറില്‍ കയറിയപ്പോള്‍ ഈ ടയറുകള്‍ കറങ്ങുകയും കയറ്റം എളുപ്പമാക്കുകയും ചെയ്തിരിക്കാം. ഭാരം കൂടുതലുള്ളപ്പോള്‍ ലിഫ്റ്റ് ആക്‌സില്‍ ഉപയോഗിക്കുകയാണു സുരക്ഷിതമെങ്കിലും ഡ്രൈവിങ് അനായാസമാക്കാന്‍ പലരും ഇതു പൊക്കി വയ്ക്കാറുണ്ട്. ലിഫ്റ്റ് ആക്‌സില്‍ ഉപയോഗിച്ചെങ്കില്‍ വണ്ടി ഡിവൈഡറില്‍ കയറാനുള്ള സാധ്യത കുറയുമായിരുന്നു.

മൂന്നാമത്തെ കാരണം കണ്ടെയ്‌നര്‍ ബോക്‌സ് പ്ലാറ്റ്‌ഫോമില്‍ ഉറപ്പിക്കുന്ന കണ്ടെയ്‌നര്‍ ലോക്ക്. പൊട്ടിയ ഒരു ലോക്ക് അപകട സ്ഥലത്തു നിന്നു കണ്ടെത്തി. മറ്റൊരു ലോക്ക് കണ്ടെയ്‌നര്‍ പ്ലാറ്റ്‌ഫോമുമായി ചേര്‍ത്തു മുറുക്കിയ നിലയിലായിരുന്നു. ഡിവൈഡറില്‍ കയറിയ ശേഷം വീല്‍ ഡിസ്‌ക് ഉരസാതെ ലോറി മുന്നോട്ടു പോയി. ലോറിയുടെ മുക്കാല്‍ ഭാഗവും ഡിവൈഡര്‍ വിട്ട് എതിര്‍ വശത്തെ ട്രാക്കില്‍ പ്രവേശിച്ചു. ഇടതു ഭാഗത്തു പിന്നിലെ ടയറുകള്‍ മീഡിയനിലും മുന്നിലെ ടയര്‍ നിലം തൊടാതെയും നില്‍ക്കുമ്പോഴാകാം എതിരെ ബസ് കണ്ടതും ലോറി വെട്ടിച്ചതും. ഇതോടെ, ടയര്‍ പൊട്ടി വലത്തോട്ടു ചരിഞ്ഞു നിന്ന കണ്ടെയ്‌നര്‍ ബോക്‌സിന്റെ മുന്നിലെയും പിന്നിലെ ഇടതു ഭാഗത്തെയും ലോക്കുകള്‍ പൊട്ടുന്നു. നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ബോക്‌സ് റോഡിന്റെ നടുവിലേയ്ക്ക് മൂക്കുകുത്തുന്നു. ബസ് കണ്ടെയ്‌നറിലേക്ക് ഇടിച്ചു കയറുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button