KeralaLatest NewsNews

സമൂഹത്തില്‍ ഇനി ഉത്രമാര്‍ ഉണ്ടാകാതിരിക്കാന്‍; ഒരാണ്‍തുണ ഉണ്ടെങ്കിലേ പെണ്ണിന് ജീവിച്ചിരിക്കാന്‍ പറ്റൂ എന്ന വിചാരം എടുത്ത് തോട്ടിലിടുക : പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കായി ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പ്

ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് സാക്ഷര കേരളം. പണത്തിനോടും സ്വത്തിനോടും സ്വര്‍ണത്തോടുമുള്ള ആര്‍ത്തിയാണ് സൂരജ് എന്ന ഭര്‍ത്താവിനെ കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിച്ചിരിക്കുന്നത്. തങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കണമെന്ന ചിന്തയില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരുടേയും ആവശ്യങ്ങളെല്ലാം തങ്ങളാവും വിധം നിറവേറ്റിക്കൊടുത്തു ഉത്തരയുടെ മാതാപിതാക്കള്‍. എന്നാല്‍ ഉത്ര അനുഭവിച്ചതോ ?

read also : കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് സൂരജ്; അങ്ങനെയുള്ളവൻ എങ്ങനെ ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിക്കും? ഇത് കള്ളക്കേസെന്ന് സൂരജിന്റെ അമ്മ

കല്യാണം കഴിപ്പിച്ചു വിടുന്നതോടെ പെണ്‍മക്കളുടെ മേലുള്ള ബാധ്യതയെല്ലാം തീര്‍ന്നെന്നും എന്തും സഹിച്ചും ക്ഷമിച്ചും അവള്‍ ഭര്‍തൃവീട്ടില്‍ കഴിയണമെന്നും ചിന്തിക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ അങ്ങനെയല്ല വേണ്ടെതെന്നും, ഇനി ഇത്തരത്തിലുള്ള കേസുകള്‍ നടക്കാതിരിക്കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മനോജ് വെള്ളനാട്. അദ്ദേഹം സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് വായിക്കാം.

അച്ഛാ, എന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ?’

‘നീ ഒരുപാടാലോചിച്ചിട്ടല്ലേ ആ തീരുമാനമെടുത്തത്..?’

അതെ

എങ്കിലത് ശരിയായിരിക്കും. പിന്നെ, എല്ലാ ശരിയായ തീരുമാനങ്ങളുടെയും അന്തിമഫലം സന്തോഷകരമാകണമെന്നില്ലല്ലോ..’

<p>ഥപ്പടില്‍ ‘ഡൈവോസ്’ എന്ന തന്റെ തീരുമാനത്തെ പറ്റി അമുവും അച്ഛനും തമ്മിലുള്ള ഒരു സംഭാഷണമാണ്. ഇതുപോലെ അല്ലെങ്കിലും ഇതിന്റെ 10% സെന്‍സിബിളിറ്റിയോടെ മകളുടെ ജീവിതത്തിലെ ഒരു ആശയക്കുഴപ്പത്തെ കൈകാര്യം ചെയ്യുന്ന എത്ര അച്ഛനമ്മമാര്‍ നമ്മുടെ നാട്ടിലുണ്ടാവും? എന്റെ അറിവില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

ഇങ്ങനൊരു അവസരം വന്നാല്‍, ബാക്കിയെല്ലാവരും സ്വന്തം മകളോട് എന്തായിരിക്കും പറയുക. നീയൊന്ന് അഡ്ജസ്റ്റ് ചെയ്താ തീരുന്നതല്ലേ ഉള്ളൂ ഈ പ്രശ്‌നം..? കല്യാണം കഴിഞ്ഞു ചെന്ന് കയറുന്ന വീടാണ് ഇനി നിന്റെ വീട്. എന്തു സംഭവിച്ചാലും അവിടെ നിന്നുകൊണ്ടു തന്നെ പരിഹരിക്കണം. കല്യാണമെന്ന ഏച്ചുകെട്ടലിന്റെ ഭാരം ഏതുവിധേനയും ജീവിതകാലം മുഴുവനും ചുമക്കേണ്ടവളാണ്, അതിന് ഏതറ്റം വരെയും താഴാനും തയ്യാറാവേണ്ടവളാണ് ഒരു പെണ്ണെന്ന് അവളെക്കൊണ്ട് സകല അടവുകളുമെടുത്തായാലും അവര്‍ സമ്മതിപ്പിക്കും.

അച്ഛന്റെയും അമ്മയുടെയും സമൂഹത്തിലെ സ്ഥാനം, കുടുംബയോഗ്യത, സഹോദരങ്ങളുടെ നടക്കാനിരിക്കുന്ന കല്യാണം, കുഞ്ഞുങ്ങളുടെ ഭാവി മുതല്‍ ഞാനിപ്പൊ കയറെടുക്കുമെന്ന വിധമുള്ള ആത്മഹത്യാഭീഷണി വരെ മുഴക്കിയിട്ടായാലും അവളെക്കൊണ്ടത് സമ്മതിപ്പിച്ച്, മനസില്ലാ മനസോടെ പഴയ അവസ്ഥയിലേക്ക് പറഞ്ഞു വിടുകയെന്നത് നമ്മുടെ നാട്ടില്‍ ഉത്തരവാദിത്തപ്പെട്ട അച്ഛനമ്മമാര്‍ക്കിടയിലുള്ള വലിയൊരു ആചാരമാണ്.

അച്ഛനമ്മമാര്‍ മക്കളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണ്ടാ എന്നല്ലാ, രണ്ട് വശത്തുള്ളവരോടും സംസാരിച്ച്, നിങ്ങളെക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണെന്ന് മനസിലായാല്‍ മാത്രം ശ്രമിക്കണം എന്നാണ്. അല്ലെങ്കില്‍ അവര്‍ക്ക് വിട്ടുകൊടുക്കണം. വാദി തന്നെ വീണ്ടും വീണ്ടും ശിക്ഷിക്കപ്പെടുന്ന വിധം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അഡ്ജസ്റ്റ് ചെയ്യുക, ക്ഷമിക്കുക, സഹിക്കുക എന്നത് ഒരാളുടെ മാത്രം കടമയാണെന്ന് ആവര്‍ത്തിക്കാതിരിക്കുക. അവിടെയും ഇവിടെയും ഒരിടത്തും രക്ഷയില്ലാതാവുമ്പോള്‍ തന്നെയാണ് ഒരാള്‍ ആത്മഹത്യയെ പറ്റി ചിന്തിച്ചു പോകുന്നത്. ചിന്തിച്ചുനോക്കിയാല്‍ ഭര്‍തൃപീഡനം കാരണമുണ്ടാവുന്ന ആത്മഹത്യകളിലെല്ലാം, പ്രത്യക്ഷമായി തന്നെ പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ക്കും മേല്‍പ്പറഞ്ഞ വിധം പങ്കുണ്ടാവും.

ഇങ്ങനല്ലാത്ത അച്ഛനമ്മമാരും, നേരത്തെ പറഞ്ഞ പോലെ വിരലിലെണ്ണാവുന്നവര്‍ ഉണ്ട്. ഈയടുത്ത് സംഭവിച്ചൊരു കാര്യം. എന്റെയൊരു സുഹൃത്ത്. ലൗ മാരേജായിരുന്നു. രണ്ടുപേരും ഡോക്ടേഴ്‌സ്. കല്യാണം കഴിഞ്ഞ് ഒരുവര്‍ഷത്തിനകം അവര്‍ പിരിയാന്‍ തീരുമാനിച്ചു. സ്വാഭാവികമായും അവരുടെ പാരന്റ്‌സ് ഞെട്ടി. പ്രശ്‌നപരിഹാരക്രിയകള്‍ തുടങ്ങി. ഒരുപാട് സംസാരിച്ചു. നോ രക്ഷ. അതിനിടയില്‍ പലപ്രാവശ്യം ആ പയ്യന്റെ അമ്മ പെണ്‍കുട്ടിയോട് പറഞ്ഞൂ, ‘മോളൊന്ന് അഡ്ജസ്റ്റ് ചെയ്താ, കുറച്ചു നാളൂടെ ക്ഷമിച്ചാ, അവന്‍ ചിലപ്പൊ ശരിയാവും..’ ഈവിധം ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ പെണ്ണിന്റെ അച്ഛന്‍ തന്നെ പറഞ്ഞു, ‘എന്റെ മകള്‍ എനിക്കൊരു ഭാരമൊന്നുമല്ലാ. അവളെ ഇനിയും ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.’

അത് സന്തോഷത്തോടെ എടുക്കുന്ന തീരുമാനമൊന്നുമല്ല. പക്ഷേ, അമുവിന്റെ അച്ഛന്‍ പറഞ്ഞ പോലെ, എല്ലാ ശരിയായ തീരുമാനങ്ങളുടെയും റിസള്‍ട്ട് സന്തോഷകരമാവണമെന്നില്ല.

ഇങ്ങനെ കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാന്‍ നമ്മുടെ അച്ഛനമ്മമാര്‍ക്ക് കഴിയണം. അത് മക്കളുടെ കല്യാണശേഷമല്ലാ, എല്ലാ കാലത്തും അതങ്ങനെ തന്നെ ആവുന്നതെത്ര മനോഹരമാണ്.

1.പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കാന്‍ വേണ്ടി വളര്‍ത്താതിരിക്കുക. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവസരങ്ങള്‍ കൊടുക്കുക. സ്വാഭിമാനമുള്ളവരായിരിക്കാന്‍ പഠിപ്പിക്കുക.

2. 20 വയസില്‍ കല്യാണം നടന്നില്ലേല്‍ പിന്നെ, 72-ാം വയസില്‍ ചെറുമകളുടെ കല്യാണത്തിന്റെ കൂടേ അവളുടെ കല്യാണം നടക്കൂ എന്ന് ഏതെങ്കിലും ജ്യോത്സ്യന്‍ പറഞ്ഞാല്‍ അവന്റെ കൂമ്പിനിട്ടിടിക്കണം. ആദ്യം സ്വന്തം കാലില്‍ നില്‍ക്കാനാണ് മകളെ പ്രാപ്തയാക്കേണ്ടത്. ഡിഗ്രിയ്ക്ക് പഠിച്ചോണ്ടിരിക്കുന്ന പെണ്ണിനെ ഇമ്മാതിരി വാക്കും കേട്ട്, ഏതോ ഒരുത്തന്റെ കൂടെ പറഞ്ഞു വിട്ടാല്‍ ബാധ്യത തീര്‍ന്നു എന്ന് വിചാരിക്കുന്ന അച്ഛനമ്മമാരാണ് കേരളത്തിലെ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും ജീവിതം തകര്‍ത്തിട്ടുള്ളത്.

3.കല്യാണം കഴിഞ്ഞു പോയാലും സ്വന്തം വീട്ടില്‍ കിടക്കാനൊരു പായ അവള്‍ക്കായി മാറ്റി വച്ചേക്കുക. 2 ദിവസത്തില്‍ കൂടുതല്‍ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുന്നവളെ ആട്ടിയോടിക്കാതിരിക്കുക.

4. അവളെ വിശ്വാസത്തിലെടുക്കുക. അവളുടെ ഭാഗത്തും തെറ്റുണ്ടെങ്കില്‍ പറഞ്ഞു മനസിലാക്കുക. എന്തായാലും കൂടെ നില്‍ക്കുക. അഭിമാനം, കുഞ്ഞ്, നാട്ടുകാര്‍, ആത്മഹത്യ തുടങ്ങിയവ വച്ചുള്ള ഇമോഷണല്‍ ബ്ലാക്‌മെയിലിങ് ചെയ്യാതിരിക്കുക.

5.ഒരാണ്‍തുണ ഉണ്ടെങ്കിലേ പെണ്ണിന് ജീവിച്ചിരിക്കാന്‍ പറ്റൂ എന്ന വിചാരം എടുത്ത് തോട്ടിലിടുക. ചിലപ്പോഴെങ്കിലും ആ തുണയില്ലാതിരിക്കുന്നതായിരിക്കും അവര്‍ക്ക് കുറച്ച് മനസമാധാനം നല്‍കുന്നത്. അല്ലെങ്കില്‍ ജീവന്‍ ബാക്കി വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button