COVID 19News

യാത്രയിലുടനീളം കോവിഡ് ചര്‍ച്ച ; പാക് വിമാനാപകടം ശ്രദ്ധക്കുറവ് കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

ഇസ്‌ലാമാബാദ് : കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ 97 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിനു കാരണം പൈലറ്റുമാരുടെ അശ്രദ്ധയെന്ന് അന്വേഷണ റിപ്പോർട്ട്. വിമാന യാത്രയിലുടനീളം കൊവിഡ് രോഗത്തെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നുവെന്നും വിമാനത്തിന്റെ പ്രവര്‍ത്തനം അവർ  ശ്രദ്ധിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യോമയാനമന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ ആണ് ഇക്കാര്യം പാക്ക് പാര്‍ലമെന്റിനെ അറിയിച്ചത്.

മേയ് 22-നാണ് ലഹോറിൽനിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന എയർബസ് എ-320 ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപത്തെ ജനവാസമേഖലയിൽ തകർന്നുവീണത്. വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടുപേർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. യാത്രയിലുടനീളം പൈലറ്റുമാര്‍ കൊറോണയെക്കുറിച്ചാണു ചര്‍ച്ച ചെയ്തിരുന്നത്. വിമാനം ഉയർത്താന്‍ കണ്‍ട്രോള്‍ ടവറില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും സാരമില്ല, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു മറുപടി. അമിത ആത്മവിശ്വാസമായിരുന്നു പൈലറ്റുമാര്‍ക്കെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സി.എ.എ. ഉദ്യോഗസ്ഥർ, കോക്പിറ്റിൽ ഉണ്ടായിരുന്നവർ, കൺട്രോൾ ടവർ, എയർ ട്രാഫിക് കൺട്രോളിൽ ഉണ്ടായിരുന്നവർ എന്നിവർക്ക് വീഴ്ച പറ്റിയതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തകരാർ ഉള്ളതായി വിമാനത്തിന്റെ ബ്ലാക് ബോക്സും കണ്ടെത്തിയിട്ടില്ല. ഇറങ്ങാൻ തുടങ്ങുമ്പോൾ വിമാനത്തിന്റെ ഉയരവും വേഗവും കൃത്യമായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

മാനുഷികമായ പിഴവാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനം പറന്നിരുന്ന ഉയരത്തെക്കുറിച്ചു നല്‍കിയ നിര്‍ദേശങ്ങള്‍ പൈലറ്റുമാര്‍ അവഗണിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.  ഫ്രഞ്ച് സർക്കാരിന്റെയും പാകിസ്ഥാൻ വ്യോമയാന വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർ വിമാനത്തിലെ ഡാറ്റയും വോയിസ് റെക്കോർഡറും പരിശോധിച്ചു. വിമാനത്തിന് യാതൊരുവിധ യന്ത്രതകരാറും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button