Latest NewsNewsIndia

ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴി ഇന്ത്യ അടയ്ക്കുമോ? ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ ആശങ്ക ഐക്യ രാഷ്ട്ര സഭയിലേക്കും

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴി ഇന്ത്യ അടയ്ക്കുമോയെന്ന് ഉറ്റു നോക്കി ഐക്യ രാഷ്ട്ര സഭ. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതാണ് ആഗോള ക്രൂഡ് ഓയില്‍ വിപണിയെ ആശങ്കയിലാക്കുന്നത്.

ചൈനയിലേക്കുള്ള ഇന്ധന കപ്പലുകള്‍ കടന്നുപോകുന്നത് മലാക്ക ഉള്‍ക്കടലിലൂടെയാണ്. ഗള്‍ഫ് മേഖലകളില്‍ നിന്ന് ഏഷ്യന്‍ വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ കപ്പലുകളുടെ പ്രധാന പാതയുമാണിത്. പശ്ചിമേഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള വാര്‍ഷിക പെട്രോളിയം കയറ്റുമതിയുടെ 85-90 ശതമാനവും മലാക്ക ഉള്‍ക്കടല്‍ വഴിയാണ്. 16 ബില്യണ്‍ ബാരല്‍ പെട്രോളിയമാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഏറെ കാലമായി തുടരുന്നതാണെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകുകയും സൈനികര്‍ കൊല്ലപ്പെട്ടതുമാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. അതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്ക് ചൈനയും നിരോധനം ഏര്‍പ്പെടുത്തി.പസിഫിക്കിലെയും ഇന്ത്യന്‍ സമുദ്രത്തിലെയും സൈനിക വിന്യാസം ഇന്ത്യയും ചൈനയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ക്രൂഡ് ഓയില്‍ പാതയായ മലാക്ക ഉള്‍ക്കടലാണ് ഇന്ത്യയുടെയും ചൈനയുടെയും യഥാര്‍ഥ ലക്ഷ്യമെന്നതാണ് ഐക്യരാഷ്ട്രസഭയെയും ലോകത്തെയാകെയും ഭയപ്പെടുത്തുന്നത്. രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എത്ര വലിയ നാശമുണ്ടാക്കുമെന്ന ഭീതിയാണ് ആശങ്കയ്ക്ക് കാരണം. പരമാവധി സംയമനം പാലിക്കാന്‍ ഇന്ത്യയോടും ചൈനയോടും ഐക്യരാഷ്ട്ര സഭ അഭ്യര്‍ഥിച്ചിട്ടുണ്ട്.ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച്‌ ഇന്ത്യ സൈനികശക്തി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

മലാക്ക ഉള്‍ക്കടലിനോട് വളരെ അടുത്താണ് ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍. അതിനാല്‍ ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിലായുള്ള മലാക്ക ഉള്‍ക്കടലിലൂടെയുള്ള കപ്പല്‍ പാത തടസ്സപ്പെടുത്താന്‍ ഇന്ത്യക്ക് വളരെ എളുപ്പമാണെന്ന് ഫോര്‍ബ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ സമുദ്ര വിഷയങ്ങളില്‍ വിദഗ്ധനായ എച്ച്‌ ഐ സുട്ടണ്‍ വിശദീകരിക്കുന്നു.

മലാക്ക ഉള്‍ക്കടലിലെ പാത തടസ്സപ്പെടുത്തിയാല്‍ അമേരിക്കയിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള കപ്പലുകളും കുടുങ്ങും. മാത്രമല്ല, ഇത് ഏഷ്യയുടെ വ്യാപാര മേഖലയെയാകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.മലാക്ക ഉള്‍ക്കടലിലൂടെയുള്ള വ്യാപാരത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. മലാക്ക പാത ഒഴിവാക്കിക്കൊണ്ടുള്ള വ്യാപാരത്തിന് രണ്ട് പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്.

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി പാകിസ്ഥാനില്‍ പണിയുന്ന ഗ്വാഡര്‍ തുറമുഖമാണ് അതിലൊന്ന്.മറ്റൊന്ന് ആര്‍ട്ടിക്കിലെ വടക്കന്‍ സമുദ്രപാതയാണ്. ആര്‍ട്ടിക് മേഖലയിലെ സുസ്ഥിര വികസനത്തിനായി പോളാര്‍ സില്‍ക്ക് പാത നിര്‍മിക്കാനാണ് 2018-ലെ ആര്‍ട്ടിക് പോളിസിയില്‍ ചൈന തീരുമാനിച്ചിരിക്കുന്നത്.ഈ പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button