Latest NewsNewsGulf

വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ രേഖകള്‍ ശരിയാക്കണം; നിലപാട് കടുപ്പിച്ച് യുഎഇ

അബുദാബി: മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ ഒരു മാസത്തിനുള്ളില്‍ രേഖകള്‍ ശരിയാക്കുകയോ രാജ്യം വിടുകയോ വേണമെന്ന് യുഎഇ. യുഎഇ. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. ഈ ഒരു മാസത്തെ കാലയളവ് ജൂലൈ 12ന് ആരംഭിച്ചതായി ഐ.സി.എ വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നിന് ശേഷം രേഖകളുടെ കാലാവധി അവസാനിച്ചവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ അവ പുതുക്കാന്‍ സമയം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ ഇത് റദ്ദായി. പ്രവാസികളുടെ റെസിഡന്‍സി, വിസ, എന്‍ട്രി പെര്‍മിറ്റ്, ഐ.ഡി കാര്‍ഡ് എന്നിവയുടെ കാലാവധി സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കിക്കൊണ്ട് യുഎഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരമാണ് പുതിയ കാലാവധികള്‍ നിലവില്‍ വന്നത്.

ഇപ്പോള്‍ യുഎഇയിലുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും, കാലാവധി അവസാനിച്ച രേഖകള്‍ പുതുക്കാന്‍ 90 ദിവസത്തെ സമയം അനുവദിക്കുമെന്നും ബ്രിഗേഡിയര്‍ അല്‍ കാബി പറഞ്ഞു. ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് അവര്‍ രാജ്യത്ത് എത്തിയ ശേഷം ഒരു മാസത്തെ കാലാവധി ആയിരിക്കും ലഭിക്കുക.

കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് രാജ്യത്തേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമാണെന്നും ഐ.സി.എ വക്താവ് പറഞ്ഞു. യുഎഇയില്‍ പ്രവേശിക്കാനുള്ള പ്രത്യേക അനുമതിയും നേടിയിരിക്കണം. പ്രവാസികള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കുന്നതിനുള്ള പ്രത്യേക സംവിധാനം ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button