KeralaLatest NewsNews

പ്രമുഖ ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് : മലയാളികള്‍ക്ക് അഭിമാനമായി എം.എ.യൂസഫലി

ദുബായ്: ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് . മലയാളികള്‍ക്ക് അഭിമാനമായി എം.എ.യൂസഫലി. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റാണ് ആഗോള റീട്ടെയില്‍ മേഖലയിലെ മുന്‍നിര കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. യുഎഇ റീട്ടെയില്‍ മേഖലയില്‍ നിന്നും രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഇടം കണ്ടത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ക്യാരിഫോറുമാണ് യുഎഇയില്‍ നിന്ന് പ്രമുഖ ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

Read Also : ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടിന് അപേക്ഷിക്കുന്നതിന് തിയതി നീട്ടി സര്‍ക്കാര്‍ ഉത്തരവ്

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ് പട്ടികയില്‍ മുന്‍നിരയിലുള്ളത്. അമേരിക്കന്‍ കമ്പനികള്‍ തന്നെയായ കോസ്റ്റ്‌കോ ഹോള്‍ സെയില്‍ കോര്‍പ്പറേഷന്‍, ആമസോണ്‍, ജര്‍മ്മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പ്, അമേരിക്കന്‍ കമ്പനിയായ ദ ക്രോഗര്‍ കമ്പനി എന്നിവയാണ് പട്ടികയില്‍ മുന്‍നിരയിലുള്ള മറ്റ് സ്ഥാപനങ്ങള്‍. പ്രമുഖ സ്വീഡിഷ് ഫര്‍ണ്ണിച്ചര്‍ കമ്പനിയായ ഐക്കിയ, ഇന്ത്യയിലെ റിലയന്‍സ് റീട്ടെയില്‍ എന്നിവരും പട്ടികയിലുണ്ട്

ആഗോള റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണെന്നത് ശ്രദ്ധേയമാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. കോവിഡ്-19 ആഗോള വാണിജ്യ മേഖലകളെ മന്ദഗതിയിലാക്കുമ്പോള്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ്.

യുഎഇയിലെ അബുദാബി, ഈജിപ്തിലെ കെയ്‌റോ, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത എന്നിവിടങ്ങളിലായി മുന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ലുലു ഗ്രൂപ്പ് ആരംഭിച്ചത്. യുഎഇയില്‍ മാത്രം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 8 മുതല്‍ 12 വരെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ഇത് കൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും.

ഇത് കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂര്‍, കോട്ടയം, കാസര്‍കോട്, പെരിന്തല്‍മണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button