KeralaLatest NewsNews

വിവാദ കാർഷിക ബിൽ: സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാൻ: മുല്ലപ്പള്ളി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കര്‍ഷകരോട്‌ ഒരു പ്രതിബദ്ധതയുമില്ല.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാനെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള സർക്കാർ കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഒന്നും ചെയ്തില്ലെന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. സെപ്‌റ്റംബര്‍ 26ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അധികാരത്തിലെത്തിയ നാള്‍മുതല്‍ ഇന്നുവരെ കര്‍ഷകവിരുദ്ധ നടപടികളാണ്‌ കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കര്‍ഷകരോട്‌ ഒരു പ്രതിബദ്ധതയുമില്ല.സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ്‌ കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെടുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ല്‌ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്‌. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ മോഹന വാഗ്‌ദാനങ്ങളാണ്‌ ഇടതുപക്ഷം നല്‍കിയത്‌. അതില്‍ ഒന്നു പോലും പാലിക്കാന്‍ അവര്‍ക്കായില്ല. കൃഷിക്കാരോട്‌ അല്‍പ്പംപോലും കരുണയില്ലാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌.

Read Also: കേരള സർക്കാർ തുടങ്ങിയ കോവിഡ് 19 ജാഗ്രതാ പോർട്ടലിന് മികച്ച സ്വീകാര്യത: ഇതുവരെ സേവനം ഉപയോഗിച്ചത് പത്ത് ലക്ഷത്തോളം പേർ

കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ സംസ്ഥാനത്ത് 17000 കോടിയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിലയിരുത്തുന്നതെന്നും നാശനഷ്ടം കണക്കാക്കി കർഷകർക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനായിട്ടില്ലന്നും പിണറായി സർക്കാരിനെതിരെ മുല്ലപ്പള്ളി ആരോപിച്ചു. കോവിഡ് വ്യാപന ഘട്ടത്തിൽ‌ പോലും കൃഷിക്കാര്‍ക്ക്‌ ധനസഹായം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ്‌ കര്‍ഷക പ്രേമം ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ നിയമപോരാട്ടത്തിന്‌ തയ്യാറെടുക്കുന്നത്‌. കര്‍ഷകരോട്‌ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കര്‍ഷക വിരുദ്ധ നിലപാടാണ്‌ മോദി സര്‍ക്കാരും കാട്ടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടമാണ്‌ എഴുതി തള്ളിയത്‌. എന്നാൽ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ഇരുസര്‍ക്കാരുകളും ഇതുവരെ ശ്രമിച്ചിട്ടില്ല. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ഒരു നടപടിയും ഇരുസര്‍ക്കാരും സ്വീകരിച്ചിട്ടില്ലന്നും മല്ലപ്പള്ളി വ്യക്തമാക്കി.

കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ കടന്നു കയറാനും സ്വാധീനം ഉറപ്പിക്കാനുമുള്ള കുറുക്കുവഴിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്‌. മൊറട്ടോറിയം കാലാവാധി നീട്ടി നല്‍കിയെങ്കിലും ആ കാലയളവിലെ പലിശ തിരിച്ചടക്കേണ്ട ഗതികേടിലാണ്‌ കര്‍ഷകര്‍. കര്‍ഷകരെ ചൂഷണം ചെയ്യുന്നതിലും ഇടത്തട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും വിലപേശല്‍ ശക്തി കുറയ്‌ക്കുന്നതിലും ഇരു സര്‍ക്കാരുകളും മത്സരിക്കുകയാണ്‌. ഇത്‌ രാജ്യതാല്‍പ്പര്യത്തിന്‌ വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ കെപിസിസി ആഹ്വാന പ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 26ന്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button