KeralaLatest NewsNews

ബന്ധുക്കളുടെ ‘സ്‌നേഹം’ വിനയായി; ബിനീഷിന് അഴി എണ്ണേണ്ടി വരുന്നത് ഇഡിയുടെ ഒറ്റ ഡയലോഗിൽ

കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ബംഗളൂരു: മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷൻസ് കോടതി 25 വരെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ (നവംബർ-12) രാവിലെ 11.30ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ജാമ്യഹർജി പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ബിനീഷിന് ജാമ്യം നൽകരുതെന്ന് പറഞ്ഞ ഇ ഡി, അതിന് കാരണമായി നിരത്തിയ ന്യായം ബിനീഷിന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബർ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങളെന്നുമായിരുന്നു. ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കാമെന്നും അവർ കോടതിയിൽ വാദിച്ചു.

അതേമയം ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. അതുവരെ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Read Also: ‘തന്നെ ഭയപ്പെടുത്തികളയാം എന്ന് വിചാരിക്കണ്ട’; കഫീല്‍ ഖാൻ

എന്നാൽ കേസുമായി ബന്ധമില്ലാത്തവർ കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നെന്നും ഇത് റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ വാദിച്ചു. കോടതി നടപടികൾക്ക് ഇൻ കാമറ പ്രൊസീഡിംഗ്സ് വേണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 3 തവണയായി 14 ദിവസം കസ്റ്റഡിയിലായിരുന്നു. എന്നാൽ ലഹരിക്കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ അതുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button