KeralaLatest NewsNews

‘മൊഴി മാറ്റിയാൽ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയും നൽകാം’; നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷി

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി രാവിലെ അറസ്റ്റിലായിരുന്നു.

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. എന്നാൽ കേസിൽ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്ന് തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി ജെൻസൺ. മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി കാട്ടി ജെൻസൺ തിങ്കളാഴ്ച തൃശ്ശൂർ പീച്ചി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കാരണവശാലും മൊഴി മാറ്റില്ലെന്ന് ജെൻസൺ മാധ്യമങ്ങൾക്ക് മുന്നിലെത്തി പറഞ്ഞത്. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി രാവിലെ അറസ്റ്റിലായിരുന്നു.

എന്നാൽ സ്വാധീനങ്ങൾക്ക് മുൻപിൽ വീഴില്ലെന്ന് ജെൻസൺ മാധ്യമങ്ങളോട് പറയുഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റില്ല. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. ദിലീപിന്‍റെ അഭിഭാഷകന്‍റെ നിർദേശപ്രകാരം കൊല്ലം സ്വദേശി നാസർ എന്നയാളാണ് തന്നെ വിളിച്ചത് എന്നാണ് ജിൻസണിന്‍റെ പരാതിയിലുള്ളത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിയുടെ ജയിലിലെ സഹതടവുകാരനായിരുന്നു ജെൻസൺ. മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് ജെൻസൺ ജയിലിലായത്. സെല്ലിൽ വച്ച് സുനിയുമായി നല്ല സൗഹൃദമുണ്ടായി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൾസർ സുനി ജെൻസണോട് പറഞ്ഞെന്നും, ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും, അത് ക്വട്ടേഷനായിരുന്നുവെന്നും സുനി പറഞ്ഞെന്നും ജെൻസൺ പിന്നീട് പുറത്തുവന്ന ശേഷം പോലീസിന് മൊഴി നൽകി. ഇത് കേസന്വേഷണത്തിൽ നിർണായകമാവുകയും ചെയ്തു.

Read Also: ആശുപത്രിയിൽ നിന്നും ജയിലിലേക്ക്; എംസി കമറുദ്ദീന് ഡിസ്ചാർജ്

കേസിൽ കോടതിയിൽ നിലനിൽക്കുന്ന നിർണായക സാക്ഷികളിലൊരാളാണ് മൊഴി മാറ്റാൻ സമ്മർദ്ദമുണ്ടെന്ന് കാട്ടി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ വൻതോതിൽ ശ്രമം നടന്നേക്കാമെന്ന് പ്രോസിക്യൂഷൻ ആദ്യം മുതലേ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ ജഡ്ജി നിഷ്പക്ഷമായല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, അവരെ മാറ്റണമെന്നും കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. ഇതേത്തുടർന്ന് കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചു. ഇതിനിടെയാണ്, സാക്ഷികളെ സ്വാധീനിക്കാൻ തുടർച്ചയായി ശ്രമം നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജെൻസൺ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഈ കേസിൽ തിങ്കളാഴ്ച കാസർകോട് കോടതി പ്രദീപ് കോട്ടത്തലയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button