Latest NewsIndiaNews

ശവസംസ്‌കാരത്തിനുള്ള പണം പിന്‍വലിയ്ക്കാന്‍ മൃതദേഹം ബാങ്കിലെത്തി

മഹേഷിന്റെ ബന്ധുക്കള്‍ ആരും ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ഇയാളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിയ്ക്കാമെന്ന് നാട്ടുകാര്‍ തീരുമാനിച്ചു

പാറ്റ്‌ന : ശവസംസ്‌കാരത്തിനുള്ള പണം പിന്‍വലിയ്ക്കാന്‍ ബാങ്കില്‍ മൃതദേഹവുമായി എത്തി നാട്ടുകാരുടെ പ്രതിഷേധം. ഷാജഹാന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിംഗ്രിയാവന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹേഷ് യാദവ് എന്ന അറുപതുകാരന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചത്. ശവസംസ്‌കാരത്തിനുള്ള പണമെടുക്കാനായാണ് ഇദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കിലെത്തിയത്.

അക്കൗണ്ടിലെ പണത്തില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാനാണ് നാട്ടുകാര്‍ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചതോടെ പ്രതിഷേധവുമായി ഗ്രാമീണര്‍ കാനറ ബാങ്കിനുള്ളിലേക്ക് എത്തുകയായിരുന്നു. അവിവാഹിതനായ മഹേഷ് യാദവ് മരിച്ചതോടെ നാട്ടുകാര്‍ ഇയാളുടെ ശവസംസ്‌കാരത്തിനുള്ള പണം വീട്ടില്‍ തിരഞ്ഞു. അപ്പോഴാണ് പാസ്ബുക്ക് ലഭിച്ചത്. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് കണ്ടെത്തി.

മഹേഷിന്റെ ബന്ധുക്കള്‍ ആരും ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ഇയാളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിയ്ക്കാമെന്ന് നാട്ടുകാര്‍ തീരുമാനിച്ചു. പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടില്‍ നോമിനി ആയി ആരുടെയും പേര് നല്‍കാത്തതിനാല്‍ പണം നല്‍കാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. 1.18 ലക്ഷം രൂപയാണ് മഹേഷിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. മഹേഷിന്റെ സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കുടുംബത്തില്‍ മറ്റാരും ഇല്ല. തുടര്‍ന്ന് മൂന്ന് മണിക്കൂറോളമാണ് മൃതദേഹം ബാങ്കിനകത്ത് വെച്ചത്. ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്ന് സംസ്‌കാര ചടങ്ങിനായി 10,000 രൂപ നല്‍കിയാണ് അവസാനം പ്രശ്‌നം പരിഹരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button