Latest NewsNewsIndia

രോഗി വിശേഷങ്ങള്‍ പറഞ്ഞിരുന്നു ; ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയയും നടത്തി

പരിശോധനയില്‍ ഇദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവമാണെന്ന് കണ്ടെത്തി

അഹമ്മദാബാദ് : രോഗി വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുജറാത്തിലാണ് 41-കാരന്റെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഉഡൈസിങ് വാസവ എന്നയാള്‍ക്ക് കഴിഞ്ഞ എട്ടുമാസമായി കടുത്ത തലവേദനയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ചികിത്സ തേടി ആനന്ദിലെ ചൗരസാത്ത് ആശുപത്രിയില്‍ എത്തിയത്.

പരിശോധനയില്‍ ഇദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. സാധാരണ നിലയില്‍ അനസ്തേഷ്യ നല്‍കിയാണ് തലയ്ക്ക് ശസ്ത്രക്രിയ നടത്താറ്. എന്നാല്‍ ഇവിടെ രോഗിയെ അനസ്‌തേഷ്യയ്ക്ക് വിധേയനാക്കാതെ രോഗിയുടെ പ്രതികരണം അറിഞ്ഞ് മുന്നോട്ടു പോകുന്ന നിലയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിനിടെ, രണ്ടര മണിക്കൂര്‍ രോഗി ഉണര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

രോഗി ഉണര്‍ന്നിരിക്കുന്നത് കൊണ്ട് ശസ്ത്രക്രിയ ഫലപ്രദമാണോ എന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. അതനുസരിച്ച് വേഗത്തില്‍ ചികിത്സ നല്‍കാന്‍ സാധിയ്ക്കുമെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ശരീരത്തിന്റെ മുകള്‍ ഭാഗത്തെ ചലനങ്ങള്‍ മനസിലാക്കിയാണ് ശസ്ത്രക്രിയ. ഇതുവഴി രോഗിക്ക് മറ്റു സങ്കീര്‍ണതകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനും സാധിയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ഉഡൈസിങ് വാസവയെ ഡിസ്ചാര്‍ജ് ചെയ്തു വിട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button