KeralaLatest NewsIndia

ഇഡിക്കെതിരെ കേസെടുത്തു വെട്ടിലായി ഉദ്യോഗസ്ഥർ , ഡിജിപി തലയൂരി, ക്രൈം ബ്രാഞ്ചിനും ആശങ്ക

കേസ് എടുത്ത കേരള പൊലീസ് ഉന്നതർക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാൻ ഒരുങ്ങുന്നതായി പൊലീസ് തലപ്പത്തു വിവരം ലഭിച്ചു.

തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) 2 പുതിയ കേസ് കൂടി റജിസ്റ്റർ ചെയ്യാനുള്ള പൊലീസ് ആസ്ഥാനത്തെ നിർദേശം ക്രൈംബ്രാഞ്ച് ഒന്നിലൊതുക്കി. ഡിജിപിക്കു പകരം പൊലീസ് ആസ്ഥാനത്തെ 2 മിനിസ്റ്റീരിയൽ ജീവനക്കാരാണു കേസ് എടുക്കാനുള്ള കത്തിൽ ഒപ്പിട്ടത്. കേസ് എടുത്ത കേരള പൊലീസ് ഉന്നതർക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാൻ ഒരുങ്ങുന്നതായി പൊലീസ് തലപ്പത്തു വിവരം ലഭിച്ചു.

അതോടെയാണ് പുതിയ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടുന്നത് ഡിജിപി ലോക്നാഥ് ബെഹ്റ ഒഴിവാക്കിയതെന്നും കേന്ദ്രത്തിന്റെ നീക്കം മണത്തറിഞ്ഞ ഡിജിപി തലയൂരാൻ നോക്കിയെന്നുമാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസ് എടുത്തത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകി. ഈ 2 പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദേശം. ഡിജിപി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി.

തുടർന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചു.പൊലീസ് ആസ്ഥാനത്തു ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്‌ഷനിലെ 2 ജൂനിയർ സൂപ്രണ്ടുമാർ പരാതികളിൽ ഒപ്പിട്ടു ക്രൈംബ്രാഞ്ചിനു കൈമാറി. ഓരോ പുതിയ കേസ് കൂടി എടുക്കാനായിരുന്നു നിർദേശം. എന്നാൽ ഡിജിപി ഒപ്പിടാത്തതു ക്രൈംബ്രാഞ്ച് ഉന്നതരുടെ ശ്രദ്ധയിൽപെട്ടു. മാത്രമല്ല, തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് ഒരു കേസും എടുക്കാൻ പാടില്ലെന്നു ബെഹ്റ ഈയിടെ ഉത്തരവു നൽകിയിരുന്നു.

അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പുതിയ കേസ് വേണ്ടെന്നു വച്ചു. പകരം ആദ്യ കേസ് അന്വേഷിക്കുന്ന സംഘം ഇതും അന്വേഷിക്കാൻ നിർദേശിച്ചു. സന്ദീപ് നായരുടെ പരാതിയിൽ പുതിയ കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ ഫയൽ കണ്ടതായി ഡിജിപി രേഖപ്പെടുത്തി. അതേസമയം വ്യാജ കേസ് എടുത്ത പൊലീസുകാർ അടക്കമുള്ളവർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. വോട്ടെടുപ്പിനു ശേഷമാകും ഇഡിയുടെ പുതിയ നീക്കങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button