Latest NewsNewsIndia

അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനം; രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

തിങ്കളാഴ്ച രാജ്യത്ത് ഒരു ലക്ഷം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗ നിരക്ക് വര്‍ധിച്ചതിനാല്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ. കഴിഞ്ഞ മാസം മുതല്‍ തലസ്ഥാന നഗരിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്. ഡല്‍ഹിയില്‍ കോവിഡിന്‍റെ നാലാം തരംഗമാണ് അനുഭവപ്പെടുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ലോക് ഡൗണണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയും ജനങ്ങളുമായി ചര്‍ച്ച ചെയ്തും മാത്രമേ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഡല്‍ഹിയില്‍ 3,548 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവശ്യ യാത്രകള്‍ക്ക് രാത്രിയില്‍ നിരോധനം ഏര്‍പ്പെടുത്തില്ല. കോവിഡ് വാക്സിനേഷനുവേണ്ടി യാത്ര ചെയ്യുന്നവര്‍ക്ക് ഇ പാസ് അനുവദിക്കും. റേഷന്‍, പലചരക്കുസാധനങ്ങള്‍, പച്ചക്കറി, പാല്‍, മരുന്ന് എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കും ഇ പാസ് അനുവദിക്കും. ഇലക്‌ട്രോണിക്, പ്രിന്‍റ് മീഡിയ ജേണലിസ്റ്റുകള്‍ക്കും ഇ പാസ് അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ ഐ.ഡി കാര്‍ഡുകളുമായി യാത്ര ചെയ്യാം.

Read Also: ഇനി എത്ര ശരണം വിളിച്ചാലും എൽഡിഎഫ് സര്‍ക്കാരിനോട് അയ്യപ്പൻ ക്ഷമിക്കില്ല; കെ മുരളീധരൻ

ചികിത്സ ആവശ്യമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും നിയമങ്ങളില്‍ ഇളവ് അനുവദിക്കുന്നതാണ്. ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. ചരക്കുകള്‍ക്ക് ഇത് ബാധകമല്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്ത് ഒരു ലക്ഷം പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ആഴ്ചയുടെ അവസാനദിവസങ്ങളിലും രാത്രി എട്ട് മണി മുതല്‍ രാവിലെ ഏഴുമണി വരെയുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ രാത്രി എട്ടുമണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button