KeralaLatest NewsNews

രാഷ്ട്രീയ പാര്‍ട്ടികളില്‍ ജിഹാദി സംഘടനകളുടെ സ്വാധീനം, തെളിവ് സഹിതം തുറന്നടിച്ച് പി.സി.ജോര്‍ജ്

എനിക്കെതിരെ ഫത്വ സംഘടിപ്പിച്ചാല്‍ ഞാന്‍ തളരില്ല

കോട്ടയം; കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനങ്ങളില്‍ പോലും ജിഹാദി സംഘടനകളുടെ സ്വാധീനം പ്രകടമായി കാണാന്‍ കഴിയുന്നുവെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഇത് കണ്ടതാണ്. ‘ലൗ ജിഹാദ്’ വിഷയത്തില്‍ പോലും പല നേതാക്കന്മാരും മലക്കംമറിഞ്ഞു. അധികാരത്തിലെത്താന്‍ ജിഹാദി സംഘടനകളുടെ പിന്തുണ നേടാന്‍ പരസ്പരം ചെളി വാരിയെറിയുന്ന മുന്നണി നേതൃത്വങ്ങളെയും ഈ തിരഞ്ഞെടുപ് കാലത്ത് കണ്ടെന്നും ജോര്‍ജ് പറഞ്ഞു.

‘ഞാനെന്ന ഇസ്ലാം വിരുദ്ധന്‍’ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ജോര്‍ജിന്റെ വിമര്‍ശനം.

Read Also : പി.വി അബ്ദുള്‍ വഹാബ്, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ രാജ്യസഭയിലേയ്ക്ക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് എന്നെ അലട്ടുന്നത് ഇതൊന്നുമല്ല കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനങ്ങളില്‍ പോലും ജിഹാദി സംഘടനകളുടെ സ്വാധീനം പ്രകടമായി കാണാന്‍ കഴിയുന്നു. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും പ്രകടമായ സ്വാധീന ശക്തിയായി ഇവര്‍ മാറുന്നു. ‘ലൗ ജിഹാദ്’ വിഷയത്തില്‍ പോലും പല നേതാക്കന്മാരുടെയും മലക്കംമറിച്ചില്‍ നമ്മള്‍ കണ്ടതാണ്. അധികാരത്തിലെത്താന്‍ ജിഹാദി സംഘടനകളുടെ പിന്തുണ നേടാന്‍ പരസ്പരം ചെളി വാരിയെറിയുന്ന മുന്നണി നേതൃത്വങ്ങളെ നാം ഈ തിരഞ്ഞെടുപ്പില്‍ കണ്ടു. ഇത്തരക്കാരുടെ വോട്ട് വേണ്ട എന്ന് തുറന്നുപറയാന്‍ ഞാന്‍ അല്ലാതെ, മറ്റാരെയും കണ്ടില്ല.

ഈ നാട് എങ്ങോട്ടാണ്… അത് മനസ്സിലാകണമെങ്കില്‍ നാം ഒന്നു തിരിഞ്ഞു നോക്കണം..1992 ഡിസംബര്‍ 6 ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഇന്ത്യയൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും, പല സംസ്ഥാനങ്ങളിലും വലിയ വര്‍ഗീയ ലഹളകളും കലാപങ്ങളും കൂട്ടക്കൊലകളും നടന്നു. കേരളത്തിലാണ് താരതമ്യേന ഏറ്റവും ശാന്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായത്. അതിനുള്ള പ്രധാന കാരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു എന്നതാണ്. ആരും പ്രകോപിതരാകരുതെന്നും സംയമനം പാലിക്കണമെന്നും പാര്‍ട്ടിയുടെ പരമോന്നത നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് കേരളത്തില്‍ വലിയ കലാപങ്ങളോ, കൂട്ടക്കൊലയോ നടക്കാതിരുന്നത്.

എന്നാല്‍ അന്ന് തങ്ങള്‍ കൈക്കൊണ്ട ഈ നിലപാടിന് ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. മുസ്ലിംലീഗ് യു.ഡി.എഫ് വിടണമെന്നും, കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നു. ഈ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു കൊണ്ടാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചത്. അതുപോലെ അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി.പി ഉണ്ടാകുന്നതും ഈ നിലപാടിന് എതിരായാണ്.

‘മുസ്ലിംലീഗ് മറുപടി പറയണം’ എന്ന മഅ്ദനിയുടെ ഓഡിയോ കാസറ്റ് അന്ന് പതിനായിരക്കണക്കിനാണ് വിറ്റുപോയത്. ഇത് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല വളരെ പ്രകോപനപരമായ പ്രസംഗമാണ് മഅ്ദനി അതില്‍ നടത്തിയത്. പക്ഷേ ഇസ്ലാം സമൂഹം മുസ്ലിം ലീഗിന്റെ മിതവാദ സമീപനത്തിന് ഒപ്പംനിന്നു. സമാധാനവും, ശാന്തിയുമാണ് രാജ്യത്തിന് ആവശ്യം അല്ലാതെ കലഹവും കലാപവുമല്ല എന്ന് തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി കമ്മിറ്റിയില്‍ നമ്മള്‍ ഈ നിലപാട് സ്വീകരിച്ചാല്‍ പാര്‍ട്ടിയില്‍ ഇനി അധികം ആളുകള്‍ ഉണ്ടാവില്ല എന്ന ഒരു അഭിപ്രായത്തോട് ‘ഉണ്ടാകുന്ന അത്ര ആളുകള്‍ മതിയെന്ന’ മറുപടിയാണ് തങ്ങള്‍ നല്‍കിയത്. തങ്ങളുടെ ഈ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു.

ബാബറി വിഷയത്തില്‍ മാത്രമല്ല പൂന്തുറയില്‍ വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ ആദ്യം ഓടിയെത്തിയത് തങ്ങളായിരുന്നു. പെരിന്തല്‍മണ്ണ ക്ഷേത്രത്തിലെ ഗോപുരം സമൂഹവിരുദ്ധര്‍ കത്തിച്ചപ്പോള്‍ അവിടെയും സമാധാന ദൂതനായി എത്തിയതും, ഹിന്ദുമത വിശ്വാസികളെ ആശ്വസിപ്പിച്ചതും, അക്രമത്തെ ശക്തമായി അപലപിച്ചതും തങ്ങളായിരുന്നു. രാഷ്ട്രീയമായി മറ്റു പല വിധത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ ദേശാഭിമാനിയും, ജന്മഭൂമിയും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുഖപ്രസംഗമെഴുതി.

1982- ല്‍ ആലപ്പുഴയില്‍ നബിദിന ആഘോഷങ്ങള്‍ക്കിടയില്‍ വെടിവെപ്പുണ്ടായി പിറ്റേന്ന് സംസ്ഥാന ബന്ദ് പ്രഖ്യാപിക്കപ്പെട്ടു.സി എച്ച് മുഹമ്മദ് കോയയും,പാണക്കാട് തങ്ങളും സമാധാനം കൈവിടരുത് എന്ന് ശക്തമായ ആഹ്വാനം നടത്തി. മുസ്ലിം ലീഗിന് ശക്തിയുള്ള വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നപ്പോള്‍ തെക്കന്‍ കേരളത്തില്‍ വലിയ ലഹളകള്‍ ഉണ്ടായി, സാമൂഹ്യവിരുദ്ധര്‍ തിരുവന്തപുരത്ത് അഴിഞ്ഞാടി, ചാല കമ്പോളം കത്തിക്കപെട്ടു. അന്നുവരെ മതേതരത്വത്തിന്റെ ഈറ്റില്ലമായിരുന്ന അനന്തപുരി ഈ ഒറ്റ സംഭവത്തോടെ വലിയ സാമുദായിക ധ്രുവീകരണത്തിലേക്ക് മാറിയതായി പില്‍ക്കാല രാഷ്ട്രീയം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.

ജിഹാദി സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ മതേതരത്വത്തിന് ദോഷം മാത്രമേ വരുത്തൂ എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ഇവിടെ വിശദീകരിച്ചത്.

എന്റെ ചോദ്യം ഇവിടെയാണ് ഇന്ന് ഇത്തരത്തിലൊരു വര്‍ഗീയ പ്രശ്‌നം ഉടലെടുത്താല്‍ ആര്‍ക്ക് രക്ഷിക്കാനാവും ഈ നാടിനെ…….

ആദരിക്കേണ്ടവരെ ആദരിക്കാനും , സ്‌നേഹികെണ്ടവരെ സ്‌നേഹിക്കാനും ,എതിര്‍ക്കേണ്ടവരെ എതിര്‍ക്കാനും എനിക്ക് നന്നായി അറിയാം…നെല്ലും പതിരും വേര്‍തിരിച്ച്, ഈ നാടിനെ കാക്കുക എന്ന എന്റെ ദൗത്യം തുടരുക തന്നെ ചെയ്യും..

അതുകൊണ്ട് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളുക എന്നത് ഇത് തുടങ്ങിവച്ച നാടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ എന്റെ കടമയാണ്. ഈ കൊറോണയുടെ കാലത്ത് ഞാനിത് പറയുന്നത് ഈ പ്രവണത കൊറോണയേക്കാള്‍ ഈ നാടിന് അപകടകാരിയാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ എന്നെക്കാളും ഞാന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടുത്തെ ജിഹാദി സംഘടനകളാണ്. എന്നാല്‍ മാത്രമേ ഞാന്‍ വിരുദ്ധത പറഞ്ഞ് വര്‍ഗീയത വളര്‍ത്താന്‍ അവര്‍ക്ക് കഴിയൂ.

നിങ്ങള്‍ ചിന്തിക്കുക….. കടുത്ത ഇസ്ലാം വിരോധി ആയി ഈ കൂട്ടര്‍ ചിത്രീകരിക്കുന്ന ഞാന്‍ എന്നെങ്കിലും നബി(സ)യെയും,പരിശുദ്ധ ഖുര്‍ആനെയും നിന്ദിച്ചിട്ടുണ്ടോ? പിന്നെ എവിടെയാണ് കുഴപ്പം….. 1980 മുതല്‍ 2019 വരെ അന്യ സമുദായത്തില്‍ നിന്നും ഇസ്ലാം സമൂഹത്തിന് ഏറ്റവും സ്വീകാര്യനായ ജനപ്രതിനിധി ഞാനായിരുന്നു എന്നത് എനിക്ക് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. അതുതന്നെയാണ് ഈ നാട്ടിലെ മതേതരത്വം തകര്‍ത്തു ഏതു വിധേനയും മതസംഘടന വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ജിഹാദി സംഘടനകള്‍ക്ക് മുമ്പിലെ കരടായി ഞാന്‍ മാറിയതും. ആദ്യം അവര്‍ എന്നെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും, എന്നെ പിന്തുണയ്ക്കുകയും ചെയ്തു.

എന്നാല്‍ അവര്‍ നടത്തിയ അഭിമന്യുവിന്റെ ഉള്‍പ്പെടെയുള്ള കൊലപാതകങ്ങളെയും, ജിഹാദി പ്രവര്‍ത്തനങ്ങളെയും ഞാന്‍ എതിര്‍ത്തപ്പോള്‍ മുതല്‍ എനിക്കെതിരെയുള്ള വര്‍ഗീയ പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ശബരിമല ആചാര ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. മതേതരത്വത്തിന്റെ ഈറ്റില്ലമായ എരുമേലിയില്‍ വിശ്വാസ സംരക്ഷണ സത്യാഗ്രഹം സംഘടിപ്പിച്ചുകൊണ്ട് ഈ വിഷയത്തില്‍ ആദ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതും പ്രകടമായ പ്രക്ഷോഭ പരിപാടിയുമായി രംഗത്തെത്തിയതും ഞാനായിരുന്നു. നാസ്ത്വികനായ പിണറായി ഭൂരിപക്ഷ സമുദായത്തിനോട് ഇത് ചെയ്താല്‍ നാളെ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും ഇത് ആവര്‍ത്തിക്കുമെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് എല്ലാ മത വിഭാഗത്തിലെയും പുരോഹിതരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

പക്ഷേ ആ പ്രക്ഷോഭത്തെ പോലും മേല്‍പ്പറഞ്ഞ സംഘടനകള്‍ മറ്റൊരു തരത്തില്‍ ആയിരുന്നു കണ്ടതെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയി.

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യുഡിഎഫിന് പിന്തുണ അറിയിച്ച് ഞാന്‍ കത്തുനല്‍കി,എന്നാല്‍ എന്നെയും എന്റെ പ്രസ്ഥാനത്തെയും അപമാനിക്കുന്ന സമീപനമാണ് യുഡിഎഫ് നേതൃത്വത്തില്‍ നിന്നും ഉണ്ടായത്. ഈ സമയത്ത് എന്നോടൊപ്പം ശബരിമല സമരത്തില്‍ ശക്തമായി നിലകൊണ്ട ശ്രീ. കെ.സുരേന്ദ്രന്‍ പിന്തുണ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണ അറിയിച്ചു.

എന്നാല്‍ അതിനെ വര്‍ഗീയപരമായി ചിത്രീകരിച്ച് ഞാനെടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തെ എനിക്കെതിരെയുള്ള ഒരായുധമായി ഉപയോഗിച്ച് ജുമുഅ നമസ്‌ക്കാരത്തിന് ഈരാറ്റുപേട്ടയിലെ ഭൂരിഭാഗം പള്ളികളിലും എനിക്കെതിരെ ഫത്വ (വിലക്ക്) പുറപ്പെടുവിച്ചുകൊണ്ട് പ്രസംഗം നടന്നു.വിവാഹം, ഉദ്ഘാടനങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, എന്തിന് ഞാന്‍ ഉണ്ടാക്കിയ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് പോലും അവര്‍ എനിക്ക് വിലക്കേര്‍പ്പെടുത്തി. നാലു പതിറ്റാണ്ടായി ഞാന്‍ നെഞ്ചില്‍ കൊണ്ടുനടന്ന ഒരു സമൂഹം എന്നോട് എടുത്ത ഈ സമീപനം എനിക്ക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടില്‍ ഞാനും എന്റെതായ ശൈലിയില്‍ പ്രതികരിച്ചു എന്നത് സത്യം തന്നെയാണ്. അതിനു ഞാന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button