KeralaLatest NewsNews

‘1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ’; മനോരമയ്‌ക്കെതിരെ എം സ്വരാജ്

പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്.

മനോരമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ്. ഗൗരിയമ്മയുടെ നിര്യാണത്തിന് പിന്നാലെ സി പി എമ്മിനെ പരസ്യമായി വിമർശിക്കുന്ന തരത്തിലുള്ള വാർത്തകൾ മനോരമ നൽകിയതിനെ തുടർന്നാണ് സ്വരാജ് രംഗത്ത് എത്തിയത്. മനോരമ നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ടെന്നും 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയെന്നും സ്വരാജ് ആഞ്ഞടിച്ചു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

ഇതു കള്ളമാണ് .. ഗൗരിയമ്മയുടെ മരണവേളയിൽ സി പി ഐ (എം ) ൻ്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് ശ്രമിയ്ക്കുന്നത്. നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത് .

ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ … പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങൾ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത്? സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോൾ ഭാവനകൾ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്.

1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ൽ ഇല്ല. ഇതാണ് സത്യം . ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് .

Read Also: രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം അത്യാര്‍ഭാടങ്ങളില്ലാതെയെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button