Latest NewsNewsInternational

പൗരത്വം, വിസ പരിഷ്‌കരണങ്ങള്‍; അടുത്തിടെ യുഎഇ നടപ്പിലാക്കിയ സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്

ദുബായ്: കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പരിഷ്‌കരണങ്ങളാണ് യുഎഇ നടപ്പിലാക്കി വരുന്നത്. പൗരത്വം നല്‍കുന്നതു മുതല്‍ വിസ പരിഷ്‌കരണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. റിമോര്‍ട്ട് വര്‍ക്ക് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ തുടങ്ങി നിരവധി പുതുമകള്‍ നിറഞ്ഞ പ്രഖ്യാപനങ്ങളാണ് യുഎഇ അടുത്തിടെ നടത്തിയത്.

റിമോര്‍ട്ട് വര്‍ക്ക് വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും

ലോകത്തിലെ ഏത് ഭാഗത്തുമുള്ള കമ്പനിയുടെയും ജോലി യുഎഇയില്‍ വെച്ച് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് റിമോട്ട് വര്‍ക്ക് വിസ. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ ജോലിയും ഈ വിസയിലെത്തി യുഎഇയില്‍ വെച്ച് ചെയ്യാം. എല്ലാ രാജ്യങ്ങള്‍ക്കും ഈ വിസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇതിന് പുറമെ, എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാനും പോകാനും സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

യുഎഇ സിറ്റസണ്‍ഷിപ്പ്

ഇക്കഴിഞ്ഞ ജനുവരിയിലാണ് നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്‍മാര്‍, എഴുത്തുകാര്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുകയെന്ന സുപ്രധാന പ്രഖ്യപനം യുഎഇ നടത്തിയത്.

കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

യുഎഇയില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സാമ്പത്തിക നിലയും താസിക്കാന്‍ ഇടവുമുണ്ടെങ്കില്‍ മാതാപിതാക്കളെ തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിപ്പിക്കാനാകും. വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അവരുടെ കുടുംബങ്ങളേയും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ രാജ്യത്തേക്ക് കൊണ്ടുവരാം. എന്നാല്‍ കുടുംബത്തിന് താമസിക്കാന്‍ അനുയോജ്യമായ വീടും മതിയായ സാമ്പത്തിക അന്തരീക്ഷവും ഉണ്ടെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

വര്‍ക്ക് ഇന്‍ ദുബായ് റസിഡന്‍സി സ്‌കീം

ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിച്ചിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് യുഎഇ തീരുമാനിച്ചത്. ജോലി ചെയ്യുന്ന കമ്പനി ലോകത്ത് എവിടെയുമാവാം. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനമാവണമെന്നും നിര്‍ബന്ധമില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുമെന്നര്‍ത്ഥം.

ഗോള്‍ഡന്‍ വിസ ലോംഗ് ടേം

2019ലാണ് യുഎഇ ലോംഗ് ടേം റെസിഡന്‍സി സ്‌കീം അവതിരിപ്പിച്ചത്. വിദേശികള്‍ക്ക് രാജ്യത്ത് താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും നാഷണല്‍ സ്‌പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. 5-10 വര്‍ഷമാണ് വിസയുടെ കാലാവധി. പിഎച്ച്ഡി ഉള്ളവര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ കൂടുതല്‍ വിഭാഗങ്ങളെ ഗോള്‍ഡന്‍ വിസയുടെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി.

റിട്ടയര്‍മെന്റ് വിസ

വ്യത്യസ്തമായ വിശ്രമജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ പദ്ധതിയ്ക്ക് യുഎഇ തുടക്കമിട്ടിരുന്നു. 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് റിട്ടയര്‍മെന്റ് വിസ അവതരിപ്പിച്ചത്. വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് നിക്ഷേപങ്ങളില്‍നിന്നോ പെന്‍ഷനില്‍ നിന്നോ മാസം 20,000 ദിര്‍ഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ദുബായില്‍ 20 ലക്ഷം ദിര്‍ഹത്തിന്റെ സ്വത്തോ ഉണ്ടായിരിക്കണം.

മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വിസ

വിദേശരാജ്യത്തു നിന്നുള്ളവര്‍ക്കുള്ള മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വിസയിലും യുഎഇ മാറ്റം വരുത്തിയിരുന്നു. വിദേശത്തു നിന്നുള്ള രോഗികള്‍ക്ക് 90 ദിവസത്തേയ്ക്ക് വ്യക്തിഗത/ഗ്രൂപ്പ് വിസ നല്‍കാന്‍ അനുമതി നല്‍കുന്നതാണിത്. ആശുപത്രി ആവശ്യപ്പെടുകയാണെങ്കില്‍ വിസ പുതുക്കി നല്‍കുകയും ചെയ്യും.

സ്‌പെഷ്യല്‍ വിസ

യുദ്ധങ്ങളോ മറ്റ് ദുരന്തങ്ങളോ നേരിടുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് റസിഡന്‍സി വിസ അനുവദിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. വിവാഹ മോചനം നേടിയവര്‍, വിധവമാര്‍. ഇവരുടെ മക്കള്‍ തുടങ്ങിയവര്‍ക്ക് ഇതുവഴി സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ഒരു വര്‍ഷത്തേയ്ക്ക് കൂടി വിസ കാലാവധി ദീര്‍ഘിപ്പിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button