Latest NewsKerala

മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണില്‍ തീരുമാനം എടുത്തേക്കും

28-ാം തിയതി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗമാണിത്. 28-ാം തിയതി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. വൈകീട്ട് വിവിധ സമിതികളും സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യും. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന്റെ അടുത്ത് രേഖപ്പെടുത്തി. ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും അന്തിമ തീരുമാനം സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

മദ്യശാലകള്‍ തുറന്നാല്‍ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. വാക്സിന്‍ എത്രയും വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button