KeralaLatest NewsNewsIndia

രമേശൻ നായർ അരങ്ങൊഴിയുമ്പോൾ മലയാളിക്ക് കിട്ടുമ്മാവനെയും കിങ്ങിണിക്കുട്ടനെയും മറക്കാനാകുമോ?

കൊച്ചി: കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായരുടെ വിടവാങ്ങൽ മലയാള സിനിമയ്ക്കും സാഹിത്യ മേഖലയ്ക്കും തീരാ നഷ്ടമാണ്. ഒരുപിടി മനോഹര ഗാനങ്ങളിലൂടെ അദ്ദേഹം എന്നും മലയാളികൾക്കിടയിൽ ജീവിക്കും. ‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന സിനിമയിലെ ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്നൊരു ഒറ്റ ഗാനം മതി അദ്ദേഹത്തെ തിരിച്ചറിയാൻ. മലയാള സിനിമയിൽ ശ്രദ്ധേയനാകുന്നതിനിടെ അദ്ദേഹത്തെ തേടി വിവാദവുമെത്തിയിരുന്നു.

ഒരു നാടകം കേരള രാഷ്ട്രീയചരിത്രത്തില്‍ തന്നെ കൊടുങ്കാറ്റായി മാറിയത് 1994 ലായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന് ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു എസ് രമേശൻ നായർ. നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടുവന്ന സമയത്തായിരുന്നു രമേശൻ നായർ രചിച്ച ‘ശതാഭിഷേകം’ എന്ന നാടകം ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്. ഈ നാടകം വൻ വിവാദങ്ങൾക്ക് തിരി കൊളുത്തി. ഒരു ദിവസം കൊണ്ട് എഴുതി തയ്യാറാക്കിയ നാടകം പക്ഷെ മാസങ്ങളോളം കേരള രാഷ്ട്രീയത്തിൽ ചർച്ചയായി.

Also Read:കോവിഡ് വ്യാപനം കുറഞ്ഞു: ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കാനൊരുങ്ങി ഈ സംസ്ഥാനം

തറവാട്ടിലെ കസേരയൊഴി‍ഞ്ഞുകൊടുക്കാത്ത കിട്ടുമ്മാവനും മാനസികവളർച്ചയില്ലാത്ത മകൻ കിങ്ങിണിക്കുട്ടനുമായിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങൾ. അന്നത്തെ കാലിക രാഷ്ട്രീയത്തിലെ ചിലരുടെ പ്രതിബിംബങ്ങളായി കഥാപാത്രങ്ങളെ പലരും വ്യാഖ്യാനിച്ചതോടെ കളി കാര്യമായി. കെ.കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമായ കാലം കൂടിയായിരുന്നു അത്. കോൺഗ്രസിലെ യുവാക്കൾ കരുണാകരനെതിരെ നിലപാടെടുത്ത സമയം.

മുഖ്യമന്ത്രിയെയും മകനെയും കളിയാക്കിക്കൊണ്ടുള്ള നാടകമാണെന്ന തരത്തിൽ ‘ശതാഭിഷേകം’ മന്ത്രിമാരുടെ ഔദ്യോഗിക വസതികളിൽ വരെ ചർച്ച ചെയ്യപ്പെട്ടു. ഏതായാലും രമേശൻ നായരുടെ കണ്ടകശനി എന്ന് പറഞ്ഞാൽ മതിയല്ലോ, നാടകം അങ്ങ് കത്തിക്കയറിയതും അദ്ദേഹത്തിന് ശിക്ഷയും കിട്ടി. ബോധപൂർവമല്ലായിരുന്നു ആ നാടകത്തിലെ കഥാപാത്ര അവതരണമെന്ന് ഔദ്യോഗിക തലത്തിൽ രമേശൻ നായർ വാദിച്ചെങ്കിലും അതൊന്നും കേൾക്കാൻ ആരും തയ്യാറായില്ല. ആൻഡമാനിലേക്ക് സ്ഥലംമാറ്റമായിരുന്നു ഫലം. എന്നാൽ, ഔദ്യോഗികരംഗത്തെ ഒറ്റപ്പെടുത്തൽ വേദനിപ്പിച്ചതോടെ അദ്ദേഹം ആകാശവാണിയിൽ നിന്ന് സ്വയം വിരമിച്ചു.

Also Read:ജമ്മു കശ്മീരില്‍ പിടിമുറുക്കി സൈന്യം: ഭീകര ബന്ധമുള്ള 10 പേര്‍ പിടിയില്‍

‘എനിക്കെതിരേയുള്ള നടപടി അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു. നാടകം ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അതിന് അക്കാലത്തു മാത്രമല്ലായിരുന്നു പ്രസക്തി. ശതാഭിഷേകം സര്‍വകാല പ്രസക്തിയുള്ളതാണ്. ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ ചെയ്തത്’, എസ് രമേശൻ നായർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പിന്നീട് കെ.കരുണാകരനും രമേശൻ നായരും നിറമനസ്സോടെ ഒന്നിച്ച കാഴ്ചയ്ക്കും ഗുരുവായൂർ ക്ഷേത്രപരിസരം വേദിയായി. ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറി. രമേശൻ നായർ എഴുതിയ കൃഷ്ണഭക്തിഗാനങ്ങളാണ് തനിക്കേറെ ഇഷ്ടമെന്ന് കരുണാകരൻ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button