KeralaLatest NewsNews

രാമനാട്ടുകര വാഹനാപകടം, മരിച്ചവര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് സൂചന : ദുരൂഹ സാഹചര്യത്തില്‍ 15 വാഹനങ്ങള്‍

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് സൂചന. സ്വര്‍ണക്കടത്ത് ഇടനിലക്കാരാണ് ഇവരെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read Also : ‘കാരണോർക്ക് അടുപ്പിലുമാവാം’: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.കെ. അബ്ദുറബ്ബ്

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിംഗ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. സ്വര്‍ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും വിവരമുണ്ട്. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റൊന്നും കണ്ടെടുത്തിട്ടില്ല.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് അപകടമുണ്ടായ ഉടന്‍ മറ്റൊരു സംഘം സ്വര്‍ണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങള്‍ സ്വര്‍ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button