KeralaLatest NewsNews

കെടിഡിസി ഹോട്ടലില്‍ ഇന്‍ കാര്‍ ഡൈനിംഗ് : ഇനി റെസ്‌റ്റോറന്റില്‍ കയറാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാം

ആലപ്പുഴ : റെസ്റ്റോറന്റില്‍ കയറാതെ പുറത്ത് കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമൊരുക്കി കെ.ടി.ഡി.സി. കൊവിഡ് കാലത്ത് യാത്രയ്ക്കിടെ സുരക്ഷിതമായി ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കെ.ടി.ഡി.സി. ലക്ഷ്യമിടുന്നത്. ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കെ.ടി.ഡി.സി.യുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റെസ്റ്റോറന്റുകളിലാണ് തയ്യാറാകുന്നത്. ‘ഇന്‍ കാര്‍ ഡൈനിങ്ങ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

Read Also : കോവിഡിനെ പരാജയപ്പെടുത്തിയ ചൈനീസ് ഭരണകൂടം മാതൃകാപരം , ഷി ജിന്‍പിങ്ങിന്റെ വാക്കുകള്‍ ആവേശകരം : എ.വിജയരാഘവന്‍

ഇന്‍ കാര്‍ ഡൈനിങ്ങ് പദ്ധതി കായംകുളം ആഹാര്‍ റെസ്റ്റോറന്റില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മ്മശാല എന്നിവിടങ്ങളിലെ ആഹാര്‍ റസ്റ്റോറന്റുകളിലും ഇതോടൊപ്പം ‘ ഇന്‍ കാര്‍ ഡൈനിംഗ് ‘ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന ‘ഇന്‍-കാര്‍ ഡൈനിംഗ്’ പദ്ധതിക്ക് കീഴില്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ നല്‍കും. തുടക്കത്തില്‍, സംസ്ഥാനത്തെ തിരഞ്ഞെടുത്ത കെ.ടി.ഡി.സി. റെസ്റ്റോറന്റുകളില്‍ മാത്രമാകും പദ്ധതി നടപ്പിലാക്കുക. പാര്‍ക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കും. വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യേണ്ട. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും .

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കെ.ടി.ഡി.സി. ഹോട്ടലുകളില്‍ ഇപ്പോള്‍ ഈ പദ്ധതി നടപ്പിലാക്കിയതെന്നും, പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിങ്ങ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കായംകുളം എംഎല്‍എ യു.പ്രതിഭ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ വി.ആര്‍ കൃഷ്ണതേജ മൈലവാരപ്പൂവ് ഐഎഎസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശശികല, വാര്‍ഡ് കൗണ്‍സിലര്‍ ബിനു അശോകന്‍ തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button