COVID 19KeralaLatest News

കോവിഡ് മരണം: വിവാദമായതോടെ മരിച്ചവർ മാസങ്ങൾക്കുശേഷം പട്ടികയിൽ

ഏപ്രിൽ 19-നു മരിച്ച 64 വയസ്സുള്ള വ്യക്തിയുടെ മരണം ജൂലായ് രണ്ടിന്റെ പട്ടികയിലാണു ചേർത്തത്.

തിരുവനന്തപുരം: കോവിഡ് മരണക്കണക്ക് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിത്തുടങ്ങി. പത്തുദിവസം മുമ്പുള്ള 93 മരണങ്ങൾ ജൂൺ 30 മുതലുള്ള പട്ടികകളിലുണ്ട്. എറണാകുളം ജില്ലയിലെ ഒരുപുരുഷന്റെ മരണം 75-ാം ദിവസമാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഏപ്രിൽ 19-നു മരിച്ച 64 വയസ്സുള്ള വ്യക്തിയുടെ മരണം ജൂലായ് രണ്ടിന്റെ പട്ടികയിലാണു ചേർത്തത്.

മെഡിക്കൽരേഖകൾ പൂർണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതൽ പരിശോധനകൾ വേണ്ടിവന്നതിനാലും പട്ടികയിൽ ഉൾപ്പെടുത്താൻ മാറ്റിവെച്ച മരണങ്ങളാണിവയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സംശയങ്ങൾ ദുരീകരിച്ചാണ് ഇപ്പോൾ ഉൾപ്പെടുത്തിയത്.ജൂൺ 30-ന്റെ പട്ടികയിൽ കോഴിക്കോട്ടുളള 63-കാരി മരിച്ചതിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1900 ജനുവരി എന്നാണ് മരണത്തീയതിയുടെ കോളത്തിലുള്ളത്. ഏപ്രിലിൽ മരിച്ച രണ്ടുപേരുണ്ട് ഈ പട്ടികയിൽ.

അതേസമയം കോവിഡ് മരണക്കണക്കിലെ അവ്യക്തതകളെല്ലാം നീക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. രേഖപ്പെടുത്താത്ത മരണങ്ങളുണ്ടെങ്കിൽ മൂന്നുദിവസത്തിനുള്ളിൽ പട്ടികയിൽപ്പെടുത്തും. മരണക്കണക്കിൽ സുതാര്യത ഉറപ്പാക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഡി.എം.ഒ. തലത്തിൽ പരാതികൾ പരിഹരിക്കും. ഒറ്റപ്പെട്ട മരണങ്ങൾ വിട്ടുപോയാലും പരാതി നൽകാം. ജൂൺ 16-ന് ശേഷമുണ്ടായ മരണങ്ങൾ 24 മണിക്കൂറിനുള്ളിൽ പ്രസിദ്ധപ്പെടുത്തണം. മരണം സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിൽ പരിശോധിക്കാനും നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button