Latest NewsKeralaNews

വനിതകൾക്കെതിരായ അക്രമം സംബന്ധിച്ച പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണം: മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: വനിതകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യണമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരം പരാതി ലഭിച്ചാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് നിർദ്ദേശം.

Read Also: സ്വർണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജീവന് ഭീഷണി: വിശദീകരണവുമായി ജയിൽ ഡി.ജി.പി കോടതിയിൽ

പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണം. പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതി ഇൻസ്പെക്ടർ തന്നെ നേരിട്ട് കേൾക്കുകയും ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വേണം. ഇക്കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികൾ സ്വീകരിക്കണം. ഓരോ സ്റ്റേഷനിലും ക്രൈം കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും രാത്രി പോലീസ് സ്റ്റേഷനുകളിൽ കഴിയുന്നവരുടെയും പൂർണ്ണവിവരങ്ങൾ അതത് സബ് ഡിവിഷൻ പോലീസ് ഓഫീസർമാർക്ക് അറിവുണ്ടായിരിക്കണം. അനധികൃതമായി ആരും കസ്റ്റഡിയിൽ ഇല്ലെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പുവരുത്തണം.
മനുഷ്യാവകാശങ്ങളുടെ സംരക്ഷകർ ആകേണ്ട പോലീസ് ഉദ്യോഗസ്ഥർ തന്നെ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചാൽ കർശന നടപടി സ്വീകരിക്കും. കേസ് രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഇൻസ്‌പെക്ഷൻ മെമ്മോ തയ്യാറാക്കുന്നത് ശീലമാക്കണം. നാട്ടുകാർ പിടികൂടി ഏൽപ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകൾ കണ്ടെത്തിയാൽ അക്കാര്യം ഇൻസ്‌പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തണം. തുടർന്ന് വൈദ്യപരിശോധന നടത്തി തുടർനടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പോലീസ് സ്‌ക്വാഡ്, ഷാഡോ പോലീസ് എന്നിവർ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാൻ ചില സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഷാഡോ ടീം തന്നെ അവരെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും പീഡനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിവരങ്ങൾ അറിയാത്തത് പ്രോസിക്യൂഷൻ നടപടികളെയും ബാധിക്കുന്നു. അതിനാൽ ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സിപിഎമ്മും കിറ്റെക്‌സ് മാനേജ്‌മെന്റും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ : വി.ഡി സതീശന്‍

രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സാമൂഹ്യമാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ ഔദ്യോഗിക ഇമെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിക്കാൻ പാടില്ല. പരാതിയുമായി എത്തുന്നവരെ പോലീസ് സ്റ്റേഷനുകളിൽ ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന പ്രവണത ഉടനടി അവസാനിപ്പിക്കേണ്ടതാണ്. പോലീസ് സ്റ്റേഷനുകൾക്ക് പെർമനൻറ് അഡ്വാൻസ് ആയി നൽകുന്ന തുക 5,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈഎസ്പിമാരും ഉറപ്പുവരുത്തണം. പോലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താനും തെറ്റുകൾ തിരുത്താനും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും ജില്ലാ പോലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലർത്തും. രാവിലെയും വൈകിട്ടുമുള്ള സാറ്റ കോൺഫറൻസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരുമായുള്ള സമ്പർക്കം എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും അനിൽ കാന്ത് നിർദ്ദേശം നൽകി.

Read Also: പൊലീസുകാര്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയം പറയരുത്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button