Latest NewsKeralaNattuvarthaNews

കെ എസ് യു വിന്റെ കുട്ടികളെ തല്ലിയൊതുക്കാൻ ശ്രമിച്ചാൽ നേരിടാൻ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ ഇറക്കും: കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌. കെടിയു ആസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഏറ്റെടുത്തു കൊണ്ടാണ് കെ സുധാകരൻ രംഗത്തു വന്നിരിക്കുന്നത്. എ കെ ജി സെന്ററില്‍ നിന്നും മാരാര്‍ജി ഭവനില്‍ നിന്നും വിരിയിച്ചെടുക്കുന്ന ക്രിമിനലുകളെ ഏത് വിധേനെയും സംരക്ഷിക്കാന്‍ തയ്യാറാകുന്ന പിണറായി സര്‍ക്കാര്‍, കെ എസ് യു വിന്റെ കുട്ടികളെ തല്ലി ഒതുക്കാമെന്നു കരുതേണ്ടെന്നാണ് കെ സുധാകരന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.

Also Read:2024ല്‍ നരേന്ദ്ര മോദിയെ നേരിടാന്‍ മമതയാണ് ബെസ്റ്റ്: എല്ലാവര്‍ക്കും ഇക്കാര്യം മനസിലായെന്ന് മദന്‍ മിത്ര

പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍, രാഷ്ട്രീയമായി അവരെ നേരിടാന്‍ കെ എസ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും. വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി, നിയമസഭയിലും സഭക്ക് പുറത്തും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കുമെന്നും കെ സുധാകരൻ പറയുന്നു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്ന കെ ടി യു സമരം പ്രതിപക്ഷം ഏറ്റെടുക്കുന്നു. കെ ടി യു ആസ്ഥാനത്തിന് മുന്നില്‍ നിരാഹാര സമരം നടത്തിയ എൻ എസ് യു ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചൊതുക്കാമെന്ന മിഥ്യാധാരണയില്‍ നിന്ന് ആഭ്യന്തര വകുപ്പ് പുറത്ത് വരണം. ബലപ്രയോഗങ്ങള്‍ സമരങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും സര്‍ക്കാര്‍ ഓര്‍ക്കുക.

കോവിഡ് കാലത്ത് ഓഫ്ലൈൻ പരീക്ഷകള്‍ നടത്തിയതിലൂടെ 150ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ കെ എസ് യു പ്രഖ്യാപിച്ച സമരത്തെ ധാര്‍ഷ്ട്യത്തോടെയാണ് സര്‍വകലാശാലയും സര്‍ക്കാരും നേരിട്ടത്. തുടര്‍ച്ചയായി പരാതികള്‍ വൈസ് ചാന്‍സലര്‍ക്കും മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ അയച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഈ അവസ്ഥയിലാണ് വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ കെ എസ് യു നിര്‍ബന്ധിതമായത്. സമരത്തെ വളരെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്.

കൊല്ലത്തെ ടി കെ എം എഞ്ചിനീയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. അക്രമത്തില്‍ പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകനെ സന്ദര്‍ശിച്ചിരുന്നു. ക്യാമ്പസിനുള്ളില്‍ കയറി നരനായാട്ട് നടത്താന്‍ ആരാണ് പോലീസിന് അനുവാദം നല്‍കിയത്?.

വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയെ അപലപിക്കാത്ത, വിദ്യാര്‍ത്ഥികളുടെ ആവശ്യം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹനാണോ എന്ന് പൊതുസമൂഹം വിലയിരുത്തുക. കഴിഞ്ഞ എട്ടു ദിവസമായി നടത്തുന്ന വിദ്യാര്‍ത്ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുത്.

മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് മുറവിളി കൂട്ടിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പലതും കേരളത്തിലെ പരീക്ഷ നടത്തിപ്പില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. ഭരണവിലാസം സംഘടനകളായി അധഃപതിച്ച വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുവാന്‍ ഇന്ന് കേരളത്തില്‍ കെ എസ് യു മാത്രമാണുള്ളത്. സര്‍ക്കാര്‍ തിണ്ണ മിടുക്ക് കാണിച്ചു നടത്തിയ പരീക്ഷകള്‍ ഹൈ കോടതി റദാക്കിയെന്ന വാര്‍ത്തകളും പുറത്തോട്ടു വരുന്നുണ്ട്. കെ എസ് യു നടത്തിയ സമരം ന്യായത്തിന് വേണ്ടിയാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. സമരത്തെ മുന്നിലും നിന്നും നയിക്കാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ എറിക് സ്റ്റീഫനെയും മറ്റുള്ള സമരപോരാളികളെയും കെപിസിസി അഭിനന്ദിക്കുന്നു.

എ കെ ജി സെന്ററില്‍ നിന്നും മാരാര്‍ജി ഭവനില്‍ നിന്നും വിരിയിച്ചെടുക്കുന്ന ക്രിമിനലുകളെ ഏത് വിധേനെയും സംരക്ഷിക്കാന്‍ തയ്യാറാകുന്ന പിണറായി സര്‍ക്കാര്‍, കെ എസ് യു വിന്റെ കുട്ടികളെ തല്ലി ഒതുക്കാമെന്നു കരുതേണ്ട. പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍, രാഷ്ട്രീയമായി അവരെ നേരിടാന്‍ കെ എസ് യു വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും. വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി, നിയമസഭയിലും സഭക്ക് പുറത്തും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button