KeralaLatest NewsNews

രണ്ട് ലക്ഷം രൂപ വായ്പ, തൊഴില്‍ സംരഭകത്വ പദ്ധതികള്‍ : തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികള്‍ക്ക് 64.3 കോടിരൂപയുടെ സഹായം

25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ പലിശ സബ്സിഡിയോടെ പ്രവാസി ഭദ്രത പദ്ധതി വഴി ലഭ്യമാകും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം നാട്ടിൽ എത്തിയതിന് ശേഷം തിരികെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകൾ നേരിടുകയാണ് പ്രവാസികളിൽ ഭൂരിഭാഗവും. പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാരണം തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതാണ്ട് 15 ലക്ഷത്തോളം പേരാണ് കോവിഡ് കാലത്ത് തിരിച്ചെത്തിയത്. ഇതില്‍ വളരെയധികം പേര്‍ ലോക്ഡൗണ്‍ സൃഷ്ടിച്ച തൊഴില്‍ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്ബദ്‌വ്യവസ്ഥ നിലനിര്‍ത്താന്‍ പ്രയത്നിച്ചവരാണിവര്‍. ഇവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതിനാലാണ് അവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തുക അടക്കമുള്ള പദ്ധതികളെക്കുറിച്ചു മുഖ്യമന്ത്രി വിശദീകരിച്ചു.

read also: ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനു കാരണം മൊബൈൽ ഫോണുകളുടെ ദുരുപയോഗം : വിവാദപ്രസ്താവനയുമായി ഇമ്രാൻ ഖാൻ

‘കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടംമുതല്‍ തന്നെ നോര്‍ക്കാ റൂട്ട്സില്‍ കോവിഡ് റെസ്പോണ്‍സ് സെല്‍ ആരംഭിച്ചിരുന്നു. അതുവഴി പ്രവാസി മലയാളികളുടെ ആശങ്കകള്‍ വലിയൊരളവോളം പരിഹരിക്കാനായി. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുമായും പ്രവാസി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട്, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തി. 16 രാജ്യങ്ങളില്‍ കോവിഡ് ഹെല്‍പ്പ്ഡെസ്‌ക് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാന്‍ സാധിക്കാതെ വന്നവര്‍ക്ക് അടിയന്തര ധനസഹായമായി 5000 രൂപ വീതം അനുവദിച്ചു. അത് വലിയ തുകയല്ലെങ്കിലും സര്‍ക്കാറിന്റെ കരുതലിന്റെ സൂചന അതിലുണ്ട്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ഈ സഹായം ലഭിച്ചത്. 64.3 കോടി രൂപ ഇതിനായി വിനിയോഗിച്ചു.

പ്രവാസി ക്ഷേമനിധിക്ക് ഒമ്ബത് കോടി രൂപ വകയിരുത്തി. അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കകായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ഇതില്‍ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദ്രത – പേള്‍), മൈക്രോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദ്രത – മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്പെഷല്‍ അസിസ്റ്റന്‍സ് സ്‌കീം (പ്രവാസിഭദ്രത – മെഗാ) എന്നിവയാണവ.

അവിദഗ്ധ തൊഴില്‍മേഖലകളില്‍ നിന്നുള്ളവരും കുറഞ്ഞ വരുമാന പരിധിയുള്ളവരുമായ പ്രവാസി മലയാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദ്രത-നാനോ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ഇതിനായി 30 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

കേരളാ ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി സഹകരണ സംഘങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ തുടങ്ങിയവ വഴി സ്വയംതൊഴില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ. ഇതുവഴി അഞ്ച് ലക്ഷം രൂപാ വരെ വായ്പ ലഭിക്കും. മാത്രമല്ല, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ഉണ്ടാകും. പദ്ധതിവിഹിതമായി 10 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ പലിശ സബ്സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും. 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പകളില്‍ ഗുണഭോക്താക്കള്‍ അഞ്ച് ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും. ഗുണഭോക്താക്കള്‍ക്കുളള പലിശ സബ്സിഡി ത്രൈ മാസക്കാലയളവില്‍ നോര്‍ക്കാ റൂട്ട്സ് വഴി വിതരണം ചെയ്യും. ഒമ്ബത് കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്.

ഈ പദ്ധതികള്‍ ശരിയാംവിധം ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ തയാറാവണം. സംശയങ്ങള്‍ തീര്‍ക്കാനും പദ്ധതിയില്‍ ചേരുന്നതിനു പിന്തുണ ഒരുക്കാനും നോര്‍ക്കാ റൂട്ട്സ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒപ്പമുണ്ടാകും ‘- മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button