KeralaLatest NewsNews

തര്‍ക്കങ്ങളും പരാതികളും തീര്‍ക്കാന്‍ ജില്ലാതലങ്ങളില്‍ സമിതി: കോണ്‍ഗ്രസില്‍ പുതിയ മാര്‍ഗ്ഗരേഖ

കേഡര്‍മാരുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കും

തിരുവനന്തപുരം: അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. നേതാക്കള്‍ക്കും അണികള്‍ക്കും വേണ്ടി പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുതല്‍ പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശം വരെ ഉള്‍ക്കൊള്ളിച്ചതാണ് പുതിയ മാര്‍ഗ്ഗ രേഖ. ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസാണ് മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്.

ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണമെന്ന് മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. തര്‍ക്കങ്ങളും പരാതികളും ജില്ലാതലങ്ങളില്‍ തീര്‍ക്കണം. പരാതി പരിഹാരത്തിനായി ജില്ലാതലങ്ങളില്‍ സമിതി ഉണ്ടാക്കും. അവിടെയും തീരാത്ത ഗൗരവ പ്രശ്നമെങ്കില്‍ കെപിസിസി ഇടപെടും. കേഡര്‍മാരുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കും. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തണം. കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തി ഡിസിസി പ്രസിഡന്റുമാര്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകുമെന്നും മാര്‍ഗ്ഗ രേഖയില്‍ പറയുന്നു.

കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ല. പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെയല്ലാതെ വ്യക്തിപരമായി ആരും ഫ്‌ളെക്‌സ് ബോര്‍ഡ് വയ്ക്കരുത്. പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ട് വിളിക്കാവൂ. അല്ലാതെ നേതാക്കളുമായി ബന്ധപ്പെടരുത്. വ്യക്തി വിരോധത്തിന്റെ പേരില്‍ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുതെന്നും മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button