ThiruvananthapuramKeralaNattuvarthaLatest NewsNewsNews Story

ആക്കുളം കായല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകരുത്

കായലിന്റെ പേരില്‍ 10 വര്‍ഷത്തിനിടെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്

മാലിന്യം നിറഞ്ഞ ആക്കുളം കായലിന്റെയും കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ ഇതുവരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്ന ആക്കുളം കായലും ബോട്ട് ക്ലബ്ബും ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ആഫ്രിക്കന്‍ പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിന്റെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. വൈകുന്നേരങ്ങളിലെ വിശ്രമ വേളകള്‍ ചിലവഴിക്കാന്‍ കായല്‍ തീരത്ത് എത്താമെന്ന് കരുതിയാലോ, നടപ്പാതകള്‍ തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്.

ഒരു കാലത്ത് ധരാളം മല്‍സ്യസമ്പത്ത് ഉണ്ടായിരുന്നു കായലില്‍. എന്നാല്‍ ഇന്ന് വിവിധ മാലിന്യങ്ങള്‍ കൊണ്ട് ദുര്‍ഗന്ധം നിറഞ്ഞ കായലില്‍ മത്സ്യ സമ്പത്തും ജൈവവ്യവസ്ഥയും നാമവശേഷമായിരിക്കുകയാണ്. ആക്കുളം കായല്‍ നവീകരണത്തിന്റെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ എല്ലാം വെള്ളത്തില്‍ എഴുതിയ വരപോലെയാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആദ്യ നീര്‍ത്തട പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും പദ്ധതി യാഥാര്‍ത്ഥ്യമായിട്ടില്ല. 64.13 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മാലിന്യങ്ങളും പായലും നീക്കി, നിലവില്‍ മണ്ണ് ഉയര്‍ന്നു കിടക്കുന്ന കായല്‍ ഭാഗം ഹരിതാഭമായ ചെറുദ്വീപ് ആക്കി അതിനുള്ളില്‍ ജല ശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് അനുമതി നല്‍കി കഴിഞ്ഞു. ഇനി വൈകാതെ ആക്കുളം കായലിന്റെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം. കായലിന്റെ പേരില്‍ 10 വര്‍ഷത്തിനിടെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ സഞ്ചാരികളെ പോലെ പ്രദേശവാസികള്‍ക്കും ആനന്ദകരമായ വിശ്രമ വേളകള്‍ ഇനി കായല്‍ തീരങ്ങളില്‍ ചെലവഴിക്കാം. കായലിലെ മാലിന്യങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിച്ച്, കല്‍ബഞ്ചുകളും നടപ്പാത നിര്‍മ്മാണവും ബോട്ട് സര്‍വ്വീസും ആരംഭിക്കുമ്പോള്‍ തന്നെ ആക്കുളം മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button