CinemaMollywoodLatest News

മോഹന്‍ലാല്‍ സൂപ്പര്‍ താരമായി മാറി ; എന്നാല്‍ ഇന്ന് ഇടപ്പഴഞ്ഞി ശ്രീധരന്‍ ആ പേര് മാത്രം ബാക്കി

അന്ന് മോഹൻലാൽ ഒന്നുമല്ലായിരുന്നു അഭിനയ മോഹിയായിരുന്ന ഒരു ചെറുപ്പക്കാരൻ മാത്രം. എന്നാൽ അന്ന് എല്ലാവരും അറിയപ്പെടുന്ന ഒരു സ്റ്റില്‍ ഫോട്ടോ ഗ്രാഫർ ആയിരുന്നു ഇടപ്പഴഞ്ഞി ശ്രീധരന്‍. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു ശ്രീധരൻ. പോസ്റ്ററടിക്കാന്‍ മാത്രമല്ല, ഒരു സീനിന്റെ കണ്ടിന്യുറ്റി തീരുമാനിക്കാനും അയാളുടെ ചിത്രങ്ങള്‍ വേണമായിരുന്നു. അന്നത്തെ ആ ചെറുപ്പക്കാരൻ ഇന്ന് സൂപ്പർ സ്റ്റാർ ആയി എന്നാല്‍ അന്നത്തെ സൂപ്പർ സ്റ്റാർ ഇന്ന് എവിടെ പോയി.

1963 പ്രസിദ്ധ ക്യാമറാമാനായ ശിവന്റെ ശിവന്‍സ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അവിടുത്തെ ആളായി തുടങ്ങിയ ഫോട്ടോ ഗ്രാഫർ ജീവിതം. അവിടെ ഡോക്യുമെന്ററികളും സിനിമകളും പിറന്നപ്പോൾ അതിന്റെ ഭാഗമായിരുന്നു ശ്രീധരൻ. 1978 തിരനോട്ടത്തിന്റെ ഭാഗമായി. പിന്നീട് അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആയി മാറി ശ്രീധരന്‍.

മാനസികാസ്വാസ്ഥ്യമുള്ള കുട്ടപ്പന്‍ എന്ന വീട്ടുജോലിക്കാരനായി വി.മോഹന്‍ലാല്‍ എത്തിയ ചിത്രമായിരുന്നു ‘തിരനോട്ടം’.
സൂപ്പര്‍ സ്റ്റാറിന്റെ 25 വര്‍ഷത്തെ സിനിമാജീവിതം ആഘോഷമായപ്പോള്‍ തിരനോട്ടത്തിലെ ഒരു ചെറിയ കുട്ടിയെ പിന്നാലെ ഓടിച്ച് സൈക്കിളില്‍ വെട്ടിവെട്ടി വരുന്ന ആദ്യ സീന്‍ സ്‌റ്റേജില്‍ താരം തന്നെ ആവിഷ്കരിച്ചിരുന്നു എന്നാല്‍, രംഗം നേരില്‍ പകര്‍ത്തിയ ശ്രീധരന് ഓര്‍മ്മകള്‍ അത്രയൊന്നും ഷാര്‍പ്പല്ല.

ഷൂട്ടിങ് പൂര്‍ത്തിയായപ്പോഴേക്ക് മലയാള സിനിമയില്‍ ഏറ്റവും വലിയ മാറ്റം നടന്നു. ദൃശ്യങ്ങള്‍ക്ക് നിറംവച്ചു. അവസാന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലൊന്നായി തിരനോട്ടം മാറി. കളറിലേക്കുള്ള മാറ്റം പല ചിത്രങ്ങളെയും പുറംലോകത്തേക്ക് തടഞ്ഞെങ്കിലും തിരനോട്ടം പുറത്തിറങ്ങി. വിതരണക്കാരനായ നാന മാസിക മുതലാളി തിരുവെങ്കടം മുതലാളിയുടെ കൊല്ലത്തെ തിയേറ്ററിലായിരുന്നു അത്. എങ്കിലും പുറത്തിറങ്ങിയിട്ടില്ലാത്ത മോഹന്‍ലാലിന്റെ ആദ്യചിത്രം എന്നാണ് തിരനോട്ടം അറിയപ്പെടുന്നത്.അതുള്‍പ്പെടെ 45 സിനിമകള്‍ക്കായി ഇടപ്പഴഞ്ഞി ശ്രീധരന്‍ സ്റ്റില്ലൊരുക്കി. അശോക് കുമാറിന്റെ സഹോദരന്‍ രാജീവ് നാഥിന്റെയും പ്രിയദര്‍ശന്റെയുമുള്‍പ്പെടെ സിനിമകള്‍.

അക്കാലത്തൊക്കെ തമിഴില്‍ നിന്നുള്ളവരാണ് ക്യാമറയുള്‍പ്പെടെ കൈകാര്യം ചെയ്തിരുന്നത്. ഒരു സീന്‍ ഷൂട്ട് ചെയ്തശേഷം ഒരിക്കല്‍ക്കൂടി അഭിനയിപ്പിച്ചാണ് ഫോട്ടോ എടുത്തിരുന്നത്. ഈ രീതി മാറ്റിയതില്‍ മുന്നിലായിരുന്നു ശ്രീധരന്‍. സ്റ്റാര്‍ട്ട്.. ആക്ഷന്‍.. എന്നുകേള്‍ക്കുമ്പോള്‍ തന്നെ തന്നെ ശ്രീധരന്റെ ക്യാമറയും തയ്യാറാകും. ഷൂട്ടിങ്ങിനൊപ്പം തന്നെ സ്റ്റില്ലും എടുക്കും. അങ്ങനെ മൂവി ക്യാമറയ്ക്കു മുന്നിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ അതേപടി നിശ്ചല ചിത്രങ്ങളാകും.
പിന്നീട് ശ്രീധരൻ രണ്ടു സ്റ്റുഡിയോ കൂടി തുറന്നു വഴുതക്കാടും വട്ടിയൂര്‍ക്കാവും വൈശാലി, ബാബു എന്നി പേരുകളിൽ സ്റ്റുഡിയോ തുടങ്ങി
പിന്നീട് തിരക്കുള്ള ഫോട്ടോ ഗ്രാഫർ ആയി മാറി. സമയക്രമം ഇല്ലാത്ത സിനിമ ജീവിതമായിരുന്നു ശ്രീധരന്റെ അത് അദ്ദേഹത്തിന്റ ജീവിത തളർത്തി. രാത്രി ഗ്യാസ്ട്രബിള്‍ കാരണം ഒരു സോഡ കൈയില്‍ കരുതിയേ തീരൂ എന്നായി. ഉറക്കമില്ലാതായി. ഒടുവില്‍ ശ്രീധരന്‍ അപ്പണി ഉപേക്ഷിച്ചു. സ്റ്റുഡിയോ മുഴുവന്‍ സമയം നോക്കി നടത്താമെന്നായി. വൈശാലി പ്രസിദ്ധമായി. ബാബു വട്ടിയൂര്‍ക്കാവുകാരെ പടമെന്തെന്ന് പഠിപ്പിച്ചു.

പിന്നീട് ജീവിതം മാറി മറിയുകയായിരുന്നു. വാടകയുമായി ബന്ധപ്പെട്ട് കടയുടമായി തര്‍ക്കമുണ്ടായി. പാര്‍ക്കിങ് ഏരിയയെ സ്റ്റുഡിയോ ആക്കി മാറ്റിയത് കാര്യമായ രേഖകളിലൊന്നുമുണ്ടായിരുന്നില്ല. ഉടമ ഒഴിപ്പിക്കാന്‍ കേസുകൊടുത്തു. കോടതിയുടെ സമന്‍സ് എങ്ങനെയോ മുക്കി തനിക്ക് ഒരു കത്തുപോലും കിട്ടിയിട്ടില്ലെന്ന് ശ്രീധരന്‍ പറയുന്നു. കേസ് തീര്‍പ്പായി.

അങ്ങനെ ആ സ്റ്റുഡിയോയുടെ തിരശീല വീണു വഴുതക്കാട് കോട്ടണ്‍ഹില്ലിനടുത്ത ഈശ്വരവിലാസം ജങ്ഷനില്‍ ആ ഇരുനിലക്കെട്ടിടം ഇന്നുമുണ്ട്. നിശ്ചല ചിത്രങ്ങള്‍ ഡിജിറ്റലിലേക്ക് മാറിയ കാലത്ത് വട്ടിയൂര്‍ക്കാവിലെ ബാബുവിലേക്കും ആരും വരാതായി. അതോടെ ഫോട്ടോ ഗ്രാഫർ എന്ന പദവി ശ്രീധരൻ അഴിച്ചു വച്ചു.
ഇന്നും പലക കതകുകൾ ഉള്ള ആ പൊടിപിടിച്ച സ്റ്റുഡിയോയിൽ മുടങ്ങാതെ വരും ഇടുങ്ങിയ ആ മുറിക്കുള്ളിൽ ചുമ്മായിരിക്കും. പഴയ കാലം ഓർമകളിൽ തിരിച്ചു കൊണ്ടുവരും. പ്രതാപകാലത്ത് സ്റ്റുഡിയോയുടെ ഡാര്‍ക്ക് റൂം അതായിരുന്നു. ഉള്ളില്‍ പൊളിഞ്ഞ പഴയൊരു ക്യാമറ, ചിതലുപിടിച്ച കുറെ സാധനങ്ങൾ
ഇതൊക്കെയാണ് ഇപ്പോള്‍ ആ സ്റ്റുഡിയോയിൽ ഉള്ളത് പൊടിപിടിച്ച സ്റ്റുഡിയോ നന്നാക്കണമെന്നുണ്ട്. പക്ഷേ, എന്തുവേണമെന്ന് ആലോചിക്കുന്നതേയുള്ളൂ. അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷനാണ് ഇപ്പോള്‍ സ്വന്തമായ വരുമാനം.

പതിറ്റാണ്ടുകൾക്കു ശേഷം പഴയ സൂപ്പർ സ്റ്റാറും പുതിയ സൂപ്പർ സ്റ്റാറും കണ്ടു മുട്ടിയിരിക്കുകയാണ്. മോഹന്‍ലാലിന്റെയും മകന്‍ പ്രണവിന്റെയും സിനിമകളുടെ പൂജയിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. ഏറെക്കാലമായി കാണണമെന്നു കരുതുകയായിരുന്നെന്ന് മോഹൻലാൽ പറഞ്ഞു. ശ്രീധരന്റെ കൊച്ചുമകനൊപ്പം സെല്‍ഫിയെടുത്തു.ചടങ്ങിൽ പുത്തൻ ക്യാമറകൾ ഫോട്ടോകൾ പകർത്തിയപ്പോൾ ക്യാമറ ഇല്ലാതെ നോക്കി നിൽക്കേണ്ടി വന്നു പഴയ സൂപ്പർ സ്റ്റാറിന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button