Oru Nimisham Onnu Shradhikkoo

ഉദാത്തമായ സ്നേഹം സൌഹൃദത്തിന്റെത്

ശ്രീരാമൻ

സൌഹൃദമാണ് ലോകത്തിലെ ഏറ്റവും നിസ്വാർത്ഥമായ സ്നേഹം. ഏറ്റവും ഉദാത്തമായ സ്നേഹവും അത് തന്നെ കാരണം യാതൊരു ഉപാധികളും ആവശ്യങ്ങളും ഇല്ലാതെ നൽകുക എന്നതിൽ മാത്രമാണതിന്റെ ആനന്ദം. – ഓഷോ

സ്നേഹത്തെ കുറിച്ചു നിരവധി നിർവ്വചനങ്ങൾ സമൂഹത്തിനു പകർന്നു നൽകിയ വ്യക്തിത്വമാണ് ഓഷോയുടേത് . ജീവിതം എന്നാൽ ആനന്ദമാണെന്ന് സ്വയം തിരിച്ചറിഞ്ഞ അപാര പ്രതിഭയും ആയിരുന്നു അദ്ദേഹം. സ്നേഹത്തെ കുറിച്ചുള്ള നിരവധി വചനങ്ങളുട് അദ്ദേഹത്തിന്റേതായി. സൌഹൃദത്തിന്റെ മഹത്വത്തെ കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയ വ്യക്തിയാണ് ഓഷോ.

1931 ല് മധ്യപ്രദേശിൽ ജനിച്ച ചന്ദ്ര മോഹൻ ജയിൻ എന്നാ രജനീഷ് എന്ന് വിളിപ്പേരുണ്ടായിരുന്ന യുവാവ് ഓഷോ ആയി മാറിയതിനു പിന്നിൽ കാലം പകർന്നു നൽകിയ കുറെ കഥകളുണ്ട് . യാഥാസ്ഥിതിക ജയിന കുടുംബത്തിൽ ജനിച്ചെങ്കിലും സമൂഹത്തിലെ റിബൽ ആയിരുന്നു ഓഷോ.
“.ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു… ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി…ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു… ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു…ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക്‌ ആസ്വദിക്കുവാൻ സാധിച്ചു…ആ പൂന്തോട്ടം ആകെ സജീവമായതു പോലെ…ചെറു പുൽക്കൊടികൾ വരെ അതി സുന്ദരമായിരുന്നു…ഞാൻ ചുറ്റും നോക്കി…ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി… ആ മരച്ചുവട്ടിലേക്ക്‌ ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു..അത്‌ ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല…ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു…ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി… ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി” എന്ന് തനിയ്ക്ക് ബോധോദയം ലഭിച്ചതിനെ കുറിച്ച് അദ്ദേഹം പറയുന്നു. വിവാദങ്ങളുടെയും കൂടപ്പിറപ്പായിരുന്നു ഓഷോ. അതിനാൽ പലരും ഇപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കാത്തവർ പോലും അദ്ദേഹത്തിന്റെ മഹദ് വചനങ്ങളെ സ്വീകരിക്കുന്നവരാണ്.

സൌഹൃദമാണ് ഒരു വ്യക്തിയുടെ ജീവിതത്തെ അർത്ഥപൂർണമാക്കുന്നത്. ഭർത്താവിന്റെയും കാമുകന്റെയും കാമുകിയുടെയും മാതാപിതാക്കളുടെ വരെയും സ്നേഹം പലപ്പോഴും എന്തെങ്കിലും പകരം പ്രതീക്ഷിച്ചിട്ടാകുമ്പോൾ ഒരു സുഹൃത്ത്‌ എന്തെങ്കിലും ലഭിക്കും എന്ന് കരുതുന്നെയില്ല. പലപ്പോഴും സൗഹൃദം അതെ നിലയിൽ തിരികെ വേണം എന്ന് പോലും ചിലർ ആഗ്രഹിക്കുന്നില്ല, അത് തന്നെയാണ് സൌഹൃദത്തിന്റെ പ്രസക്തിയും. അല്ലെങ്കിലും എന്താണ് സ്നേഹത്തിന്റെ നിർവ്വചനം? പ്രകൃതിയുടെ സ്നേഹമാണ് ഏറ്റവും മഹത്തരമായതെന്നു തോന്നുന്നു. തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അവൾ നമ്മെ സ്നേഹിച്ചു കൊണ്ടേയിരിക്കും, പൂക്കള നല്കും, തേൻ നൽകും , കാറ്റും മഴയും നൽകും. പകരം നൽകുന്നത് വേദനകൾ ആണെങ്കിലും നൽകുന്നതിൽ പിഴവുകൾ ഒന്നും തന്നെ പ്രകൃതി വരുത്താറില്ല. എന്നാൽ മനുഷ്യന് പ്രകൃതിയാവുക എന്നത് അത്ര എളുപ്പമല്ല. ഒരു വ്യക്തിയെ സ്നേഹിക്കുമ്പോൾ താൻ തിരികെയും സ്നേഹിക്കപ്പെടണം എന്ന നിഷ്ഠ കാത്തു സൂക്ഷിക്കുന്നവരാണ് മനുഷ്യർ. അതിൽ എന്തെങ്കിലും കുറവുകൾ വന്നാല പിന്നെ അത്ര നാൾ ഉണ്ടായിരുന്ന സ്നേഹം അപ്രത്യക്ഷമായി പോകുന്നു. തികച്ചും സ്വാർത്ഥമായ ഇത്തരം സ്നേഹത്തിനെ ഓഷോ മനസ്സിലാക്കിയിരുന്നു, അതിനാൽ തന്നെയാണ് സൌഹൃദങ്ങളുടെ അടുപ്പത്തെ കുറിച്ച് മാത്രം ഇത്തരത്തിൽ ഓഷോ പരാമർശം നടത്തിയത്. മറ്റു ബന്ധങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൗഹൃദം എന്നത് ഉദാത്തമായി സ്നേഹത്തെ നിർവചിക്കുന്ന ഒന്ന് തന്നെയാണെന്ന് നിസ്സംശയം പറയാം.

ഇനി സ്നേഹത്തെ കുറിച്ച് ഒരു വാക്ക് കൂടി… പ്രകൃതിയെ പോലെ സ്നേഹിക്കാൻ പഠിക്കൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button