India

പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ സാങ്കേതികമേഖലയുടെ തൊട്ടടുത്ത് വരെയെത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ മിഗ് വിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്ള സാങ്കേതിക മേഖലയുടെ 250 മീറ്റര്‍ അടുത്തുവരെ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷാസേന ഇവിടെയുള്ള സംവിധാനങ്ങള്‍ക്ക് യാതൊരു കേടുപാടും വരാത്തവിധം ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു.

സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീകരരെ ഇങ്ങോട്ട് കയറുന്നതില്‍ നിന്നും തടയാന്‍ വ്യോമസേനയുടെ പ്രത്യേക സുരക്ഷാ ഗാര്‍ഡുകളും എന്‍.എസ്.ജിയുടേയും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് ഭാഗത്ത് കൂടിയാണ് ഭീകരര്‍ വ്യോമസേനാ താവളത്തില്‍ കയറിയതെന്ന കാര്യം എന്‍.ഐ.എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരര്‍ ധരിച്ചിരുന്നത് ‘സര്‍ദാര്‍’ എന്ന് പേരുള്ള ഷൂ ആണെന്ന് സംഭവസ്ഥലത്ത് നടന്ന പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ടിലാണ് ലഭ്യമാവുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്ന് സംശയിക്കുന്ന ആറ് വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്. കൊണ്ടുവന്നതില്‍ പത്ത് ശതമാനം ആയുധങ്ങള്‍ മാത്രമേ ഭീകരര്‍ ഉപയോഗിച്ചിട്ടുള്ളൂ എന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button