NewsIndia

ഇസ്രത്ത് ജഹാന്‍ കേസിലെ തിരിമറികള്‍: പി ചിദംബരത്തിന്‍റെ മേലുള്ള കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: മുന്‍ അഭ്യന്തര സെക്രട്ടറി ജി കെ പിള്ള ഉള്‍പ്പെടെ മൂന്ന്‍ മുന്‍ ബ്യൂറോക്രാറ്റുകള്‍ ഇസ്രത്ത് ജഹാന്‍റെ ഏറ്റുമുട്ടല്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ നടന്ന തിരിമറികളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും, അവയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാല്‍പര്യ ഹര്‍ജിയും കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മേലുള്ള കുരുക്ക് മുറുക്കിയിരിക്കുകയാണ്. സുപ്രീംകോടതിയിലെ ഹര്‍ജിയിലെ ആവശ്യം, ഇസ്രത്ത് ജഹാന്‍ കേസില്‍ ക്രിമിനല്‍ നടപടികള്‍, സസ്പെന്‍ഷന്‍ മുതലായവയടക്കമുള്ള ശിക്ഷണനടപടികള്‍ നേരിട്ട ഗുജറാത്ത് പോലീസ് ഓഫീസര്‍മാരെ കുറ്റവിമുക്തരാക്കണമെന്നതാണ്.

ഇതേത്തുടര്‍ന്ന്‍ ഇസ്രത്ത് ജഹാന്‍ കേസിലെ പഴയ ഫയലുകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കാമെന്ന് അഭ്യന്തര മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിചാരണ കോടതിയില്‍ സിബിഐയുടെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ (എസ്ഐടി) വാദഗതികളെ ഈ പഴയ ഫയലുകളിലെ വിവരങ്ങള്‍ സ്വാധീനിക്കാന്‍ സാധ്യതകള്‍ ഏറെയാണ്‌.

ഈ കുരുക്കുകളെല്ലാം ഫലത്തില്‍ മുറുകുന്നത് പി ചിദംബരത്തിന്‍റെ മേലാണ്. അധികാരത്തിലിരുന്നപ്പോള്‍, ഇസ്രത്ത് ജഹാന്‍ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെള്ളംചേര്‍ത്തത് ചിദംബരം ഒറ്റയ്ക്കെടുത്ത തീരുമാനമാണ്. ഇപ്പോള്‍ മാറിയ സാഹചര്യത്തെ താന്‍ ഭയക്കുന്നില്ല എന്ന്‍ പറയുന്നുണ്ടെങ്കിലും കൃത്രിമത്വം കാണിച്ചതിനും, ഇസ്രത്തിന്‍റെ ലഷ്കര്‍ ബന്ധത്തെക്കുറിച്ചുള്ള ഭാഗം അഭ്യന്തര മന്ത്രാലയത്തിന്‍റെ സത്യവാങ്മൂലത്തില്‍ നിന്ന്‍ നീക്കംചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ചിദംബരത്തിനെതിര നടപടി എടുക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. രക്ഷപെടല്‍ അത്ര എളുപ്പമല്ലാത്ത ഒരു കെണിയിലാണ് ഇത് ചിദംബരത്തെ പെടുത്തിയിരിക്കുന്നത്.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ രണ്ട് ഉദ്യോഗസ്ഥര്‍, ശനിയാഴ്ച, എസ്ഐടി അംഗവും സീനിയര്‍ ഐപിഎസ് ഓഫീസറുമായ സതീഷ്‌ വര്‍മ അന്വേഷണസമയത്ത് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇസ്രത്തിന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് വര്‍മ എസ്ഐടിയുടെ ഭാഗമായത്.

2000-2005 കാലഘട്ടത്തില്‍ അഭ്യന്തര മന്ത്രാലയത്തില്‍ ജോയിന്‍റ്-സെക്രട്ടറിയായിരുന്ന അരുണ്‍ കുമാര്‍ ജെയിന്‍റെ വെളിപ്പെടുത്തല്‍ പ്രകാരം ഇസ്രത്തിനെക്കുറിച്ചുള്ള ഫയലുകളില്‍ പറയുന്ന ലഷ്കര്‍-ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ ഒന്നും തന്നെ ഊഹിച്ചു കണ്ടുപിടിക്കേണ്ട കാര്യമില്ല.

“ഇന്‍റലിജന്‍സ് ബ്യൂറോയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ലഭിച്ച വിവരങ്ങളും ഇസ്രാത്തടക്കമുള്ളവരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ആ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ സംബന്ധിച്ച് അന്ന്‍ ചോദ്യമൊന്നുമുയര്‍ന്നിരുന്നുമില്ല. പിന്നീട് 2009 വരേയും പുതിയ വിവരങ്ങളൊന്നും ലഭിച്ചിരുന്നുമില്ല. അപ്പോള്‍, സത്യവാങ്മൂലം തിരുത്തിയത് തീര്‍ത്തും വിചിത്രമായ നടപടിയാണ്, ” ജെയിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button