News Story

കാണാന്‍ ഒരു ലുക്ക് ഉണ്ടെന്നേയുള്ളൂ, ഞങ്ങള്‍ പട്ടിണിയിലാണ്!

         കോമഡി പരിപാടികളില്‍ സ്ഥിരമായി കാണുന്ന ഒരു ഐറ്റമുണ്ട്. മുഖം മുഴുവന്‍ മേയ്ക്ക്അപ്പുമായി കോട്ടും സ്യൂട്ടുമൊക്കെയിട്ടിരുന്ന് ഘോരഘോരം ചര്‍ച്ച നടത്തുന്ന ചാനല്‍ വാര്‍ത്താവതാരകന്‍. പണി കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ താഴെ കൈലിയും റബ്ബര്‍ ചെരിപ്പുമിട്ട ഒറിജിനല്‍ രൂപം. സംഗതി തമാശയാണെങ്കിലും അത് കേരളത്തിലെ ചില മാധ്യമസ്ഥാപനങ്ങളിലെ ദയനീയമായ അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച്ചയാണ്. മുന്‍പന്തിയിലെ വിരലിലെണ്ണാവുന്ന ചാനലുകളൊഴികെ മിക്കവയിലും ജീവനക്കാരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്.

       ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ ഉടമസ്ഥതയില്‍ വന്ന ടി വി ന്യൂ എന്ന ചാനലിലെ പ്രവര്‍ത്തകര്‍ കുറച്ചുനാള്‍ മുന്‍പ് ശമ്പളക്കുടിശിക ആവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് ഈ പ്രശ്നം പൊതുജന ശ്രദ്ധയിലേയ്ക്ക് വന്നത്. മലയാളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായിരുന്ന ഇന്ത്യാവിഷന്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് പ്രക്ഷേപണം നിര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തോളം ശമ്പളക്കുടിശിക ഉണ്ടായിരുന്നു.

        ശമ്പളമില്ലെന്നേയുള്ളൂ ജോലിയ്ക്ക് കുറവൊന്നുമില്ല താനും. ഭക്ഷണവും യാത്രാ ചെലവും മാത്രമാണ് വേതനമായി ഇവര്‍ക്ക് ലഭിയ്ക്കുന്നത്.കൂലിപ്പണിക്കാര്‍ക്കുപോലും ദിവസക്കൂലി അറുനൂറും എഴുനൂറും രൂപ ലഭിയ്ക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള തൊഴില്‍ പരിശീലനം സിദ്ധിച്ച ഒരു വിഭാഗം ആളുകള്‍ ഇങ്ങനെ ത്രിശങ്കുവില്‍ ജീവിയ്ക്കുന്നത്. ചാനലുകള്‍ തുടങ്ങുന്നത് കൊട്ടിഘോഷിച്ചാണ്. വമ്പന്‍ ഓഫീസ് കെട്ടിടവും ഫ്ലോറും അത്യാകര്‍ഷകമായ ശമ്പള വാഗ്ദാനങ്ങളും. ജേര്‍ണലിസ്റ്റ് എന്ന ജോലിയുടെ ഒരു ഗ്ലാമര്‍ ആ മേഖലയിലെ വേതനവ്യവസ്ഥകള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജോലിയ്ക്ക് സമയനിഷ്ഠയുണ്ടാവില്ല. കുടുംബത്തോടൊപ്പമുള്ള സമയം പോലും മാറ്റിവച്ചാണ് ജോലിയ്ക്കിറങ്ങുന്നത്. അത് ഈ ജോലിയുടെ ഭാഗമാണെങ്കിലും തിരിച്ച് ആത്മാര്‍ത്ഥമായ ആ സമീപനമില്ലെങ്കില്‍ ഇതെല്ലാം പ്രശ്നങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ഏഴായിരം രൂപ മുതലാണ് ഒരു സബ്‌ എഡിറ്റര്‍ ട്രെയിനിയുടെ ശമ്പളം .ട്രെയിനിംഗ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി ജോലിയില്‍ തുടരാം എന്ന പ്രതീക്ഷയിലാണ് പലരും പിടിച്ചുനില്‍ക്കുന്നത്.

         പ്രതിവര്‍ഷം ഇരുനൂറ് പേരെങ്കിലും വിവിധ സ്ഥാപനങ്ങളില്‍ നിന്നായി മാധ്യമപ്രവര്‍ത്തനയോഗ്യതാബിരുദങ്ങള്‍ നേടി പുറത്ത് വരുന്നുണ്ട്. ഇവര്‍ക്കു മുഴുവന്‍ തൊഴില്‍ ലഭിക്കാന്‍ സാഹചര്യമില്ല ഇവിടെ. അത്കൊണ്ട് ആദ്യം കിട്ടുന്നതിനു ചാടിക്കേറി ചേരും. ചാനലുകള്‍ക്ക് ചാകരയാണ്. കുറേക്കാലം കൂലി കൊടുക്കാതെ ജോലി ചെയ്ത് മടുത്ത് പോകുന്നവര്‍ക്കു പകരം പുതിയവര്‍ ഉറപ്പായും കടന്നു വരും. ബിരുദധാരികളുടെ ഈ ബാഹുല്യം തന്നെയാണ് ഈ മേഖലയിലെ ചൂഷണത്തിനും കാരണം. ഇഷ്ടക്കേട്‌ തോന്നിയാല്‍ പിരിച്ചുവിടാനും പ്രത്യേക നൂലാമാലകളൊന്നുമില്ല. അവര്‍ പോയാലും പിന്നീടും വരിവരിയായി ആള്‍ക്കാരുണ്ടാവും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണം നേരിടുന്ന ഒരു മേഖലയാണിത്. കൂണ്‍ പോലെയാണ് മാധ്യമ സ്ഥാപനങ്ങള്‍ മുളച്ച് പൊന്തുന്നത്. മാര്‍ക്കറ്റിലെ കിടമത്സരങ്ങള്‍ക്കിടയില്‍ ഇവയ്ക്കെല്ലാം സ്വയം പിടിച്ച് നില്ക്കാന്‍ പറ്റുമോയെന്നുള്ള സത്യസന്ധമായ ധാരണകളൊന്നുമില്ല.

           നാടൊട്ടുക്കുമുള്ള രഹസ്യങ്ങളും കാണാക്കഥകളും ഫ്ലാഷ് ന്യൂസാക്കുന്ന ചാനലുകളുടെ ഉള്ളറകളിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന്‍റെ ഫലമായി പിരിച്ചുവിടപ്പെട്ട ഒരുപാട് ജീവനക്കാരുണ്ട്. അസംപ്തൃപ്തരായ ജീവനക്കാര്‍ സ്ഥാപനത്തിന്‍റെയും സമൂഹത്തിന്‍റെയും അപചയത്തിന് കാരണമാവുകയെയുള്ളൂ. ഇവരുടെ ദുരിതങ്ങള്‍ക്കൊരു അറുതി വരട്ടെ. നല്ല ഒരു മാധ്യമസംസ്ക്കാരം ഉണ്ടാവട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button