Kerala

മുസ്ലീം ലീഗ് വനിതാപ്രാതിനിധ്യവാദത്തിന്റെ യഥാര്‍ത്ഥചിത്രം

മുസ്ലിംലീഗിന് 68 വയസ്സാവുമ്പോള്‍ ഇതുവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഒരു വനിതയെ മാത്രം. അവരേയും ജയിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞില്ല.

1996ല്‍ കോഴിക്കോട് രണ്ടില്‍ നിലവിലെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറിനാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. വിശ്വാസപരമായ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. സിപിഎമ്മിലെ എളമരം കരീമിനോട് 8,766 വോട്ടിന് ഖമറുന്നീസ പരാജയപ്പെട്ടു. ഈ മണ്ഡലത്തില്‍ അതിന് മുമ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു മുന്‍തൂക്കം. 1977 മുതല്‍ 1991 വരെയുള്ള അഞ്ച് തെരഞ്ഞെടുപ്പുകളില്‍ നാലിലും ലീഗിനൊപ്പമായിരുന്നു മണ്ഡലം. 1987ല്‍ സി.പി. കുഞ്ഞുവിലൂടെ ചെറിയ മാര്‍ജ്ജിനിലാണ് സിപിഐ(എം) വിജയിച്ചത്. അതായത് ലീഗ് ഖമറുനീസയെ മത്സരിപ്പിച്ചത് ഉറച്ച മണ്ഡലത്തില്‍. എന്നിട്ടും തോറ്റു. 50 ശതമാനത്തിനടുത്ത് വോട്ട് നേടി ലീഗ് സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി വിജയിക്കുന്ന മണ്ഡലത്തില്‍ ഖമറുന്നീസയ്ക്ക് ലഭിച്ചത് 39.88 ശതമാനം വോട്ട് മാത്രം.

2001ല്‍ ടി.പി.എം.സാഹിറിലൂടെ എളമരത്തെ തോല്‍പ്പിച്ച് ലീഗ് മണ്ഡലം വീണ്ടെടുത്തു. ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്തയ്ക്ക് വനിതകള്‍ മത്സരരംഗത്തേക്ക് വരുന്നതിനോട് അത്ര താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഖമറുനീസ് തോറ്റതെന്നതാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പിന്നീട് വനിതകളെ നിറുത്തി പരീക്ഷണത്തിന് ലീഗ് തയ്യാറായതുമില്ല. പുരോഗമന വാദം വാക്കുകളില്‍ ഒതുക്കി പുരുഷ കേസരികള്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചു.

ഇത്തവണ ലീഗ് മത്സരിക്കുന്ന 24 സീറ്റുകളില്‍ 20ലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വനിതാലീഗിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റുകളാണ് ഇവയെല്ലാം. ശേഷിക്കുന്ന നാല് സീറ്റുകളില്‍ രണ്ടെണ്ണം കിട്ടണമെന്ന വാദവുമായി യൂത്ത് ലീഗ് രംഗത്തുണ്ട്. ഒരെണ്ണം ദളിത് ലീഗിലെ യു.സി.രാമന് ലഭിച്ചേക്കും. ബാക്കിയുള്ള ഒന്ന് ചിലപ്പോള്‍ സ്ത്രീയ്ക്ക് നല്‍കിയേക്കും. വനിതാലീഗ് ജനറല്‍ സെക്രട്ടറിയും വനിതാ കമ്മിഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദിനെയും ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. കെ.പി. മറിയുമ്മയേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു.

നവംബറില്‍ കൊച്ചിയില്‍ നടന്ന വനിതാലീഗ് ദേശീയ സമ്മേളനത്തില്‍ സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യമേകുമെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതിലാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സംവരണമുള്ളതിനാല്‍ പല നേതാക്കളുടെയും ഭാര്യമാര്‍ ജനപ്രതിനിധികളാകുന്നു. അതിനപ്പുറത്തേക്ക് നിയമസഭയിലേക്ക് ഒരു വനിതാ എംഎല്‍എയെ ജയിപ്പിച്ചു വിടാന്‍ ഇനിയും മുസ്ലിംലീഗിന് കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button