India

ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍:മരുന്നുകമ്പനികളുടെ കൊള്ളലാഭം അവസാനിയ്ക്കുന്നു

ജീവന്‍ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണത്തിന് കര്‍ശനമായ നടപടികളുമായി ആരോഗ്യമാന്ത്രാലയം.ഇതിനാവശ്യമായ നിയമഭേദഗതികള്‍ക്ക് ദേശീയ ഔഷധവില നിയന്ത്രണസമിതി ശ്രമം തുടങ്ങി.

അമിതവില ഈടാക്കുന്ന മരുന്നുകമ്പനികള്‍ക്ക് കനത്തപിഴയുള്പ്പെടെ ശിക്ഷാനടപടികള്‍ ഉണ്ടാകും.മരുന്നുകളുടെ വിപണനലാഭത്തിന് പരിധി ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. നിയന്ത്രണപ്പട്ടികയിലുള്ള മരുന്നുകള്‍ക്ക് കൂടുതല്‍വില ഈടാക്കുന്നതിന് വിലയിലെ അന്തരവും അതിന്റെ കാലയളവിനുള്ള പലിശയും മാത്രമാണ് ഇപ്പോഴത്തെ ശിക്ഷ. അവശ്യവസ്തുനിയമത്തിന് സമാനമായി കുറ്റക്കാര്‍ക്ക് കനത്തപിഴ ചുമത്തുവാന്‍ പാകത്തില്‍ നിയമനിര്‍മാണം വേണമെന്നാണ് സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

1995-ലെ നിയമപ്രകാരം പട്ടികയിലുണ്ടായിരുന്ന രാസനാമങ്ങള്‍ അടിസ്ഥാനമാക്കി മരുന്നുകളുണ്ടാക്കിയ കമ്പനികള്‍ വ്യാപകമായി അമിതവില ഈടാക്കിയിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ പഠനത്തിന് വിദഗ്ധരെ നിയോഗിച്ചു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1,100 കമ്പനികള്‍ 3,820 കോടി രൂപ ഇക്കാര്യത്തില്‍ ലാഭമുണ്ടാക്കിയതായി കണ്ടെത്തി. എന്നാല്‍ ഔഷധനിര്‍മാതാക്കളില്‍നിന്ന് 382 കോടി മാത്രമേ സര്‍ക്കാരിന് തിരിച്ചുപിടിക്കാനായുള്ളൂ. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ക്കശവും ഫലപ്രദവുമായി നിയമത്തിന് ശ്രമം തുടങ്ങിയത്.

മരുന്നുകമ്പനികള്‍ അനധികൃതമായി കൊള്ളലാഭമുണ്ടാക്കുന്ന അവസ്തയ്ക്കെതിരെ സ്ഥിതിവിവരങ്ങള്‍ പഠിയ്ക്കാനാണ് കേന്ദ്ര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുധാംശു പന്തിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ ശുപാര്‍ശകള്‍ ജനങ്ങളുടെ പ്രതികരണത്തിനായാണ് ഔഷധ വിലനിയന്ത്രണസമിതി പ്രസിദ്ധീകരിച്ചത്.

പട്ടികയില്‍പ്പെടുന്നതും അല്ലാത്തതുമായ എല്ലാ മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വിപണനലാഭത്തിന് നിയന്ത്രണം വേണമെന്നതാണ് പ്രധാന ശുപാര്‍ശ. വില്‍പ്പനവില രണ്ടുരൂപയില്‍ത്താഴെയുള്ള മരുന്നുകളുടെ കമ്മിഷന് പരിധി വേണ്ട എന്നതാണ് മറ്റൊന്ന്. വിലകുറഞ്ഞ ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിയന്ത്രണങ്ങള്‍ വരുന്നതോടെ മരുന്നുകമ്പനികളുടെ കൊള്ളലാഭക്കൊയ്ത്തിന് നിയന്ത്രണമുണ്ടാകും എന്നാണു പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button