KeralaNews

വിവാഹ തട്ടിപ്പു സംഘത്തിലെ പ്രധാനി പിടിയില്‍

തൃശൂര്‍: പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന സംഘത്തിലെ സൂത്രധാരനും പ്രധാനിയുമായ പ്രതിയെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം വേങ്ങര മുട്ടുംപുറം അരീക്കോട് വീട്ടില്‍ സെയ്തലവി(45)യാണ് പിടിയിലായത്. തൃശൂര്‍ കേച്ചേരി സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് അഞ്ചര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് പ്രതി കുടുങ്ങിയത്.

കേച്ചേരിയിലെ യുവതിയെ കുടുക്കിയ കഥയിങ്ങനെ: വിവാഹ പരസ്യത്തില്‍ കേരളത്തില്‍ മുസ്ലീം യുവതിയെ രണ്ടാം വിവാഹത്തിന് ആവശ്യമുണ്ടെന്ന പരസ്യം കണ്ട യുവതിയുടെ വീട്ടുകാര്‍ പരസ്യത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഇതനുസരിച്ച് പരസ്യം നല്‍കിയ യുവാവും കൂട്ടുകാരും ഒരു കാറില്‍ യുവതിയെ പെണ്ണുകാണുന്നതിനായി കേച്ചേരിയിലെ വീട്ടിലെത്തി. പെണ്ണുകാണല്‍ ചടങ്ങ് നടത്തിയതിനുശേഷം യുവതിയെ കാണുന്നതിനായി ബന്ധുക്കളെയുംകൊണ്ട് വരാമെന്നും പറഞ്ഞ് യുവതിയുടെ മൊബൈല്‍ നമ്പറും വാങ്ങി സംഘം തിരികെ പോയി. പിന്നീട് യുവതിയെ മൊബൈല്‍ നമ്പറില്‍ യുവാവ് നിരന്തരം ബന്ധപ്പെട്ടു.

അടുത്ത ദിവസം ഉമ്മയും പെങ്ങളും യുവതിയെ കാണാന്‍ വരുമെന്നും അവര്‍ നല്ല സാമ്പത്തിക സ്ഥിതിയില്‍ ഉള്ളവരാണെന്നും യുവതി അണിഞ്ഞിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പഴയ ഡിസൈനില്‍ ഉള്ളതാണെന്നും അതൊന്നും ഉമ്മയ്ക്കും പെങ്ങള്‍ക്കും ഇഷ്ടമാകില്ലെന്നും യുവതിയോട് പറഞ്ഞു. എന്റെ മുന്‍ ഭാര്യയുടെ കുറച്ച് സ്വര്‍ണം കൈവശം ഉണ്ടെന്നും അതുകൂടി ചേര്‍ത്ത് പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി തൂക്കം കൂടുതലുള്ള പുതിയ ഡിസൈനിലുള്ള സ്വര്‍ണാഭരണങ്ങള്‍ എടുക്കണമെന്നും യുവതിയോട് പറഞ്ഞു. അതനുസരിച്ച് യുവതിയെ തൃശൂരിലേക്ക് വിളിച്ചു വരുത്തുകയും കാറില്‍ കയറ്റി ഒരു പ്രമുഖ ജ്വല്ലറിയുടെ പരിസരത്തെത്തി. ജ്വല്ലറിയിലേക്ക് പോയി പണിക്കൂലിയും, തൂക്കകുറവും മറ്റും സംസാരിച്ച് വരാമെന്നു പറഞ്ഞ് യുവാവിന്റെ കൈയിലുള്ള സ്വര്‍ണാഭരണങ്ങള്‍ കാണിച്ച് യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങി ജ്വല്ലറിയിലേക്ക് പോയി. പിന്നീട് യുവതിയെ മൊബൈലില്‍ വിളിച്ച് ജ്വല്ലറിയിലേക്ക് വരാന്‍ പറഞ്ഞു. കാറില്‍ നിന്നിറങ്ങി യുവതി ജ്വല്ലറിയിലെത്തി യുവാവിനെ അന്വേഷിച്ചെങ്കിലും കാണാതിരുന്നതിനെ തുടര്‍ന്ന കാര്‍ കിടന്ന സ്ഥലത്തേക്ക് എത്തി. അപ്പോള്‍ കാര്‍ അവിടെ ഉണ്ടായിരുന്നില്ല. യുവാവിന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നായിരുന്നു മറുപടി.

താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.സൈമന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തട്ടിപ്പ് നടത്തി പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ നിരവധി ആസൂത്രണങ്ങളാണ് പ്രതി നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്തിരുന്നത്. അതിനുശേഷം വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ സംസ്ഥാനത്തിന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു വാങ്ങും.

പിന്നീട് ദൂര സ്ഥലത്തുള്ള പത്ര ഏജന്റുമാരുടെ അടുത്തോ, പത്രം ഓഫീസിലോ ചെന്ന് വിവാഹ പരസ്യം നല്‍കും. പരസ്യത്തില്‍ ബന്ധപ്പെടുന്നതിനുള്ള മൊബൈല്‍ നമ്പറായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച മൊബൈല്‍ നമ്പറുകളാണ് നല്‍കിയിരുന്നത്. പരസ്യത്തില്‍ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെടുന്നവരോട് കുടുംബത്തിലെ കാര്യങ്ങള്‍ ചോദിച്ചറിയും. വീട്ടില്‍ ബാപ്പയും സഹോദരന്‍മാരുമുള്ള ആലോചനകള്‍ ഇവര്‍ ഒഴിവാക്കും. സ്ത്രീകള്‍ മാത്രമുള്ള വിവാഹ ആലോചനകളില്‍ തട്ടിപ്പിനിരയാക്കേണ്ട സ്ത്രീകളെ കണ്ടെത്തുകയും അതിനുശേഷം അവരുമായി ബന്ധപ്പെട്ട് പെണ്ണുകാണല്‍ നാടകം നടത്തുകയും പിന്നീട് നിരന്തരം മൊബൈല്‍ ഫോണില്‍ സംസാരിച്ച് യുവതിയുടെ വിശ്വാസം നേടിയെടുക്കുകയുമാണ് ചെയ്യുന്നത്.

ഒരു പ്രാവശ്യം ഇവര്‍ പത്രത്തില്‍ നല്‍കുന്ന പരസ്യത്തില്‍ ഒരു സ്ത്രീയെ തട്ടിപ്പിനിരയാക്കിയ ശേഷം പരസ്യത്തില്‍ നല്‍കിയ മൊബൈല്‍ നമ്പറും ഉപയോഗിച്ച് മൊബൈല്‍ ഫോണും ഉപേക്ഷിക്കും. പിന്നീട് അടുത്ത പരസ്യം നല്‍കും. ഇതാണ് ഇവരുടെ തട്ടിപ്പിന്റെ രീതി. പിടിയിലായ സെയ്തലവിയുടെ സംഘം ഇപ്രകാരം സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button