Prathikarana Vedhi

ജിഷയുടെ ദാരുണമായ കൊലപാതകവും അത് മറച്ചു വയ്ക്കാന്‍ പോലീസ് കാട്ടിയ വ്യഗ്രതയും

അഞ്ജു പ്രഭീഷ് വായനക്കാരുമായി പങ്കു വയ്ക്കുന്നു

പരവൂര്‍ വെടിക്കെട്ടപകടം നടന്നു പന്ത്രണ്ടു മണിക്കൂറിനുശേഷം സംഭവസ്ഥലത്തെത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം കൃത്യനിര്‍വഹണത്തിനു തടസ്സംനേരിട്ട “സെന്‍”സ് കൂടിയ ഏമാനോടും മോഡിജിയുടെയും രാഹുല്‍ജിയുടെയും ആശുപത്രിസന്ദര്‍ശനം കാരണം ബുദ്ധിമുട്ട് നേരിട്ട ആരോഗ്യമന്ത്രാലയത്തിലെ ഉന്നതരോടും ചില ചോദ്യങ്ങള്‍….ഇവിടെ ഒരു പാവപ്പെട്ട പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടിട്ടു ഒന്‍പതു ദിവസങ്ങളായിട്ടും അതിന്റെ ഘാതകരെ കണ്ടുപിടിക്കാതെ ഇരുട്ടില്‍ തപ്പുന്ന നിങ്ങളുടെ വകുപ്പിന് അറിയുമോ എന്താണ് കൃത്യനിര്‍വഹണമെന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം?അതുപോലെ പാവപ്പെട്ട ഒരു യുവതിയുടെ ശവശരീരത്തിനു പോലും പണത്തിന്റെയും പദവിയുടെയും അതിര്‍വരമ്പുകള്‍ നോക്കി പോസ്റ്റ്മോര്‌ട്ടം നടത്തിയ ഫോറന്‍സിക് വകുപ്പിന് പറയാന്‍ കഴിയുമോ മനുഷ്യജീവന്റെ നിര്‍വചനം?ഞാന്‍ എന്നും കൂടെയുണ്ടെന്ന പൊള്ളയായ വാഗ്ദാനം നല്‍കി ജനങ്ങളെ നോക്കി യാതൊരു ഉളുപ്പുമില്ലാതെ മുഖപുസ്തകത്തില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരമന്ത്രിയോട്ഞങ്ങള്‍ പൊതുജനങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ചോദിച്ചേ തീരൂ ! ഇത് രാഷ്ട്രീയത്തിനതീതമായ,മതത്തിനതീതമായ പെന്മനസ്സുകളുടെ ചോദ്യങ്ങള്‍ .. .ഇതിനു നിങ്ങള്‍ ഉത്തരം നല്‍കിയേ മതിയാകൂ…ഈ കൊലപാതകത്തില്‍ പോലീസ് കാട്ടുന്ന തികഞ്ഞ അനാസ്ഥയ്ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി ..ഒരര്‍ത്ഥത്തില്‍ ഈ കൊലപാതകത്തിലെ മുഖ്യപ്രതി കേരളാ പോലീസ് കൂടെയാണ് ..കറുപ്പുംപടി കനാലിലെ വെള്ളത്തില്‍ ഒലിച്ചുപോയ പ്രധാനതെളിവുകളേക്കാള്‍ സാരമായതാണ് ഒരു സംസ്ഥാനത്ത് ക്രമസമാധനതിനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഒരു വകുപ്പ് മനപൂര്‍വം തെളിവുകള്‍ മായ്ച്ചു കളഞ്ഞത് ..

28.04.2016 തീയതി വൈകീട്ട് 8 മണിക്ക് കേരള പോലീസ് ആ വീട്ടിൽ ചെന്നിട്ടും ഈ ദാരുണ കൊലപാതകത്തിന്റെ വിവരം എന്താണ് സമൂഹം അറിയാൻ മൂന്ന് ദിവസത്തോളം എടുത്തത്‌?എന്തുകൊണ്ട് ഇത്ര ദാരുണമായ ഒരു സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ നിങ്ങളുടെ പോലീസിനു കഴിഞ്ഞു? ജിഷയും അമ്മയും പോലീസ് സ്റ്റേഷനുമായി നേരത്തെ ബന്ധപ്പെട്ടിരുന്നുവല്ലോ?അങ്ങനെയെങ്കില്‍ ഈ ദാരുണമായ കൊലപാതകത്തെ ആദ്യം മുതല്‍ക്കേ സംശയദൃഷ്ടിയോടെ നോക്കിക്കണ്ട്‌ തെളിവുകള്‍ ശേഖരിക്കാന്‍ ഉത്സാഹിക്കേണ്ടതായിരുന്നില്ലേ പോലീസ്?

എന്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഈ വാർത്ത പൊതുസമൂഹത്തിൽ നിന്നും മറച്ചു വച്ചത്….?സീന്‍ മഹസ്സര്‍ തയ്യാറാക്കിയപ്പോള്‍ എന്തുകൊണ്ട് ശാസ്ത്രീയമായ പരിശോധനയ്ക്കും ഫോറന്‍സിക് വിദഗ്ദരുടെ സഹായവും തേടിയില്ല ? മുഖ്യധാരാപത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മുന്നില്‍ അര്‍ഹിക്കുന്ന പരിഗണയോടെ ഈ കൊലപാതകത്തെ,ഇത്ര ദാരുണമായ സംഭവത്തെ അവതരിപ്പിക്കാന്‍ എന്തുകൊണ്ട് നിങ്ങളുടെ പോലീസ് വിമുഖത കാട്ടി?പോസ്റ്റ് മാർട്ടം കഴിഞ്ഞ് കിട്ടിയ ജിഷയുടെ മൃതദേഹം തിടുക്കപ്പെട്ട് 29.04.2016 തീയതി രാത്രി തന്നെ സംസ്ക്കരിച്ചത് എന്തിന്….?മൃഗീയമായ രീതിയില്‍ നടന്ന ഒരു യുവതിയുടെ മരണത്തില്‍ പീഡനം നടന്നോയെന്നു സംശയിക്കപ്പെടുമ്പോള്‍ ആ മൃതശരീരം കത്തിക്കരുതെന്നു നിയമമുള്ള വിവരം അങ്ങയുടെ പോലീസുകാര്‍ക്ക് അറിവില്ലാത്തത്‌ ആണോ? ഹെല്‍മറ്റു വേട്ടയ്ക്കും ട്രാഫിക് ലംഘനങ്ങള്‍ക്കും നിയമത്തിന്റെ എല്ലാ പഴുതുകളും നോക്കി സാധാരണജനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്ന പോലീസ് വകുപ്പ് എന്തേ ഇത്രയും വലിയ നിയമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു?ഇനി അഥവാ അങ്ങനെ സംസ്ക്കരിക്കുമ്പോൾ തന്നെ ആവശ്യമായ സാമ്പിളുകൾ ശരീരത്തിൽ നിന്ന് എടുത്ത് വയ്ക്കെണ്ടതല്ലേ?അത് ജിഷയുടെ കാര്യത്തില്‍ എന്തേ പാലിക്കപ്പെട്ടില്ല ..

ഇത്രയും ദാരുണമായ കൊലപാതകം നടന്ന ആ വീട് എന്തുകൊണ്ട് സീല്‍ ചെയ്യിക്കാന്‍ പോലീസ് ഇത്രയും സമയം എടുത്തു?മരണം കഴിഞ്ഞുള്ള അടുത്ത ദിവസങ്ങളില്‍ ആ വീട്ടില്‍ എത്രയോപേര്‍ കയറിയിട്ടുണ്ട്.ദൃശ്യ മാധ്യമങ്ങളിൽ കാണുന്ന വീഡിയോകളിൽ ഒന്നില്‍ പോലും ആ വീട് സീൽ ചെയ്തതായി കാണിച്ചിരുന്നില്ല..അപ്പോള്‍ ആ വീടിനുള്ളില്‍ ഉണ്ടായിരുന്ന തെളിവുകള്‍ നശിക്കപ്പെട്ടിട്ടില്ലയെന്നു പറയാന്‍ കഴിയുമോ ?

28.04.2016 തീയതിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് ഫോറന്‍സിക് ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്താൻ 02.05.2016 തീയതി വരെ കാത്തിരിക്കേണ്ടി വന്നത് ആ അമ്മയും മകളും പാവപ്പെട്ടവര്‍ ആയതുകൊണ്ട് കൊണ്ട് മാത്രമല്ലേ?എന്തുകൊണ്ട് പോസ്റ്റ്മോര്‌ട്ടം വെറുമൊരു പി ജി വിദ്യാര്‍ഥിയെ ക്കൊണ്ട് ചെയ്യിപ്പിച്ചു?ഇത്രയും ദാരുണമായ ഒരു കൊലപാതകത്തെ,ശരീരമാസകലം ഉള്ള ക്രൂരമായ മുറിവുകള്‍ ഉള്ള ഒരു ശരീരത്തെ,കുടലും പണ്ടവും ജനനേന്ദ്രിയത്തില്‍കൂടി പുറത്തേയ്ക്ക് വന്ന ആ ശരീരത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഫോറന്‍സിക് പ്രഫസര്‍ അല്ലേ വരേണ്ടിയിരുന്നത്?അവിടെപോലുംപണത്തിന്റെയും പദവിയുടെയും ലക്ഷ്മണരേഖ വരയ്ക്കാന്‍ നിങ്ങളുടെ വകുപ്പിനും ആരോഗ്യവകുപ്പിനും കഴിഞ്ഞു.തെളിവുകൾ നശിപ്പിക്കപ്പെടണമെന്ന് ആർക്കായിരുന്നു ഇത്ര നിർബന്ധം….?

ഡൽഹിയിലേ ദുരന്തത്തേക്കാൾ ഭീകരമായി ജിഷ ദാരുണമായി കൊല്ലപ്പെട്ടു എന്ന് മനസിലാക്കിയിട്ടും അത് പൊതുജനമദ്ധ്യത്തില്‍ വലിയ വാര്‍ത്ത ആക്കാതെ ഒതുക്കി തീര്‍ക്കാന്‍ നിങ്ങളുടെ വകുപ്പിനെയും ആരോഗ്യവകുപ്പിനെയും പ്രേരിപ്പിച്ച ഒരൊറ്റ ഘടകം ബാലറ്റ്പെട്ടിയാണ്……മുപ്പത്തെട്ടുമുറിവുകള്‍ ഏറ്റ ഒരു ശരീരത്തെകേവലം വോട്ടുകള്‍ക്ക് വേണ്ടി സാധാരണയായ ഒരുകൊലപാതകമായി എഴുതിത്തള്ളാന്‍ വേണ്ടി നിങ്ങളുടെ വകുപ്പ് കാട്ടിയ ആ ശുഷ്കാന്തിയുടെ ഒരു ശതമാനമെങ്കിലും ശുഷ്കാന്തി ഘാതകരെ കണ്ടുപിടിക്കാന്‍ നിങ്ങളുടെ സെന്‍സുള്ള ഉദ്യോഗസ്ഥന്‍ തലപ്പത്തിരിക്കുന്ന വകുപ്പിന്കഴിയുന്നില്ലല്ലോ…ഒരു പെണ്‍കുട്ടി ആക്രമണങ്ങളെ എത്രമേല്‍ ഭയപ്പെട്ടിട്ടാവണം വസ്ത്രത്തിനുള്ളില്‍ പെന്‍ക്യാമറ വച്ചിട്ടുണ്ടാവുക ?നേരത്തെ അവള്‍ നല്‍കിയ പരാതിയില്‍ പരാതിക്കാര്‍ക്ക് മേല്‍ എന്ത് നടപടിയാണ് നിങ്ങളുടെ വകുപ്പ് എടുത്തത് ?

ഇത്രയും ഒക്കെ ഉണ്ടായിട്ടും എന്തേ കുറ്റക്കാരായ ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാത്തത്?തെരഞ്ഞെടുപ്പു അടുത്ത വേളയിലെ ഒരു കൊലപാതകമായത് കൊണ്ട് മാത്രം ,അതും പാവപ്പെട്ട ഒരു ദലിത് കുടുംബത്തിലെ ചോദിക്കാനും പറയാനും ആണ്‍തുണയില്ലാത്ത കുടുംബത്തിലെ അംഗമായതു കൊണ്ടുമാത്രം ഈ കൊലപാതകത്തെ ഒതുക്കിതീര്‍ത്തു ഭരണത്തിന് കോട്ടം സംഭവിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു …അല്ലെങ്കിലും പൊതുവില്‍ ഇടതുചായ്വുള്ള ദളിത് കുടുംബങ്ങളെ വോട്ടുബാങ്കില്‍ നിങ്ങള്‍ ഉള്‍പ്പെടുത്താറില്ലല്ലോ..?ഇതേ കൊലപാതകം പദവിയും പണവുമുള്ള ഒരു സവര്‍ണ്ണകുടുംബത്തിലോ വോട്ടുബാങ്കിനു മൂല്യമുള്ള ഈഴവ കുടുംബത്തിലോ ഏതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളിലോ ആയിരുന്നുവെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ നിങ്ങള്‍ കണ്ടെത്തിയേനെ..മാത്രമോ മുഖ്യധാരാപത്രങ്ങളുടെ മുന്‍പേജുകളിലും ചാനലുകളിലെ അന്തിചര്‍ച്ചയിലും അത് വലിയ വാര്‍ത്ത ആകത്തക്ക രീതിയില്‍ എഫ് ഐ ആര്‍ ഉണ്ടാക്കിയേനെ….

ഗുരുതരമായ കുറ്റകൃതം നടന്നു എന്ന് അറിഞ്ഞിട്ടും അത് മറച്ച് വച്ചത് വളരെ വലിയ തെറ്റ് തന്നെയാണ് . മറച്ച് വച്ചത് വഴി യഥാര്‍ത്ഥ കുറ്റവാളിയേ രക്ഷപെടാൻ സഹായിക്കുകയല്ലേ നിങ്ങളുടെ പോലീസ് ചെയ്തത് ? ആരുടെയോ താത്പര്യങ്ങൾ സംരക്ഷിക്കാനായി കുട പിടിച്ച പോലീസ് ഉദ്യോഗസ്ഥരേ തുറന്നുക്കാട്ടി അവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടോ ? യഥാര്‍ത്ഥ കുറ്റവാളികളെ പോലെ തന്നെ തെറ്റ് ചെയ്തവരാണ് ഈ കൊലപാതകത്തെ നിസ്സാരമായി കണ്ടു തള്ളിക്കളയാന്‍ മുന്നില്‍ നിന്ന പോലീസ് .അതുകൊണ്ടുതന്നെ ജിഷയുടെ കാര്യത്തില്‍ ഉരുണ്ടുകളിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും പ്രതിസ്ഥാനത്ത് നിറുത്തിയേ തീരൂ ..ഒപ്പം ശവശരീരത്തെ പണവും പദവിയും നോക്കി തുലനം ചെയ്ത ഫോറന്‍സിക് പ്രൊഫസര്‍ക്കും അര്‍ഹമായ ശിക്ഷ നല്‍കിയേ തീരൂ ..അതിനു ധൈര്യമുണ്ടോ ആരോഗ്യവകുപ്പിന്?സാജു പോള്‍ ചെയ്തതിനെക്കാളും വലിയ അനീതിയാണ് ആ മൃതശരീരത്തോട് പോലീസ് സേനയും ആരോഗ്യവകുപ്പും കാണിച്ചത് ..സ്വന്തം പോലീസ് വകുപ്പിനെ നേരാംവണ്ണം നയിക്കാന്‍ കഴിയാത്ത അങ്ങാണോ ഒരു സംസ്ഥാനത്തെ മുഴുവന്‍ നിയമപാലനത്തിലൂടെ സംരക്ഷിക്കാന്‍ പോകുന്നത് ?

ജിഷ ഒരു പ്രതീകം മാത്രം ..ഇനിയും ഒരുപാട് ജിഷമാര്‍ ഏതുനിമിഷവും മലര്‍ക്കെ തുറക്കപ്പെടാവുന്ന വാതിലുകളുള്ള ഒരു മുറി വീടുകളില്‍ വേട്ടക്കാരെ ഭയന്നു ജീവിക്കുന്നുണ്ട് ..എത്രയോ അമ്മമാര്‍ ചെറ്റക്കുടിലുകളില്‍ രാത്രിക്കാലങ്ങളില്‍ ഉറക്കമൊഴിച്ചു തങ്ങളുടെ പെണ്‍മക്കളുടെ മാനത്തിനു കാവലിരിക്കുന്നുണ്ട്‌ …നിങ്ങള്‍ അപ്പോഴും കണ്ടുപിടിക്കുന്നത് ഗുജറാത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ജീവിതനിലവാരങ്ങളെ കേരളത്തിലെ ജീവിതനിലവാരവുമായി താരതമ്യപെടുത്തി മുഖ പുസ്തകത്തില്‍ സ്റ്റാറ്റസ് ഇടാനുള്ള പട്ടികകളാണ് .ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിത് കൊലയെ പറ്റി മുഖപുസ്തകത്തില്‍ ഒരുളുപ്പും ഇല്ലാതെ ഈ ദിവസങ്ങളിലും പോസ്റ്റ്‌ ഇടാന്‍ എങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നു ?

സ്ത്രീ പീഡനം നേരമ്പോക്ക് മാത്രമാവുന്ന അവസ്ഥാ വിശേഷത്തില്‍ എത്തി നില്‍ക്കുമ്പോഴും ആഭ്യന്തരം അലങ്കാരം മാത്രമായി കൊണ്ട് നടക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് ഇവിടുത്തെ പീഡനങ്ങള്‍ കാണുന്നില്ല ?വോട്ടു തേടിയുള്ള പരക്കം പ്പാച്ചിലിനിടയില് പട്ടിണി പ്പാവങ്ങളെ ശ്രദ്ധിക്കുവാന്‍ എവിടെ സമയം അല്ലേ?അധികാരകൊതി മൂത്ത് പാവങ്ങളെ ചവിട്ടിമെതിച്ച്‌ കൊണ്ട് നിയമങ്ങളെ കാറ്റില്‍പ്പറത്തി കസേര കൈക്കലാക്കാനാണ് നിങ്ങളുടെ നെട്ടോട്ടമെങ്കില്‍ ഒന്നോര്‍ക്കുക ചിതയില്‍ കത്തിക്കരിഞ്ഞ ഒരു പാവം പെണ്‍കുട്ടിയുടെ ഒരു നുള്ള് ചാരത്തിന് പോലും നിങ്ങളെ പൊള്ളിക്കരിയിക്കാന്‍ കരുത്തുണ്ട് ..വറുതിയുടെ കടലാഴങ്ങളില്‍ മുങ്ങിത്തപ്പിയ ആ അമ്മയുടെ കണ്ണുനീരിനു നിങ്ങളെ ഭസ്മീകരിക്കാനുള്ള ശക്തിയുണ്ട് ..ആ കണ്ണുനീരിനോളമോ ചാരത്തിനോളമോ വരില്ല നിങ്ങള്‍ കെട്ടിപടുത്തുയര്‍ത്തിയ അധികാരസാമ്രാജ്യം…

shortlink

Related Articles

Post Your Comments

Related Articles


Back to top button