KeralaNews

രണ്ട് ദിവസമായി കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരുന്നു

ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. വെള്ളി, ശനി ദിവസങ്ങളില്‍ ആയിരക്കണക്കിന് മലയാളികളാണ് ബസ്സിലും ട്രെയിനിലുമായി കേരളത്തിലേക്ക് തിരിച്ചത്. കേരള ആര്‍.ടി.സി. വെള്ളിയാഴ്ച നടത്തിയ പ്രത്യേകസര്‍വീസുകളിലെല്ലാം യാത്രക്കാരുടെ തിരക്കായിരുന്നു. ശനിയാഴ്ച പയ്യന്നൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ പ്രത്യേകം സര്‍വീസ് നടത്തിയത്.
മറുനാട്ടിലെ വോട്ടുകള്‍ പലമണ്ഡലങ്ങളിലും നിര്‍ണായകമാണെന്നതിനാല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധമുന്നണികള്‍ ബെംഗളൂരുവില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയിരുന്നു. രാജീവ്ഗാന്ധി സര്‍വകലാശാല 16, 17 തീയതികളില്‍ നടത്താനിരുന്ന നഴ്‌സിങ് പരീക്ഷകള്‍ തിരഞ്ഞെടുപ്പ് പരിഗണിച്ച് മാറ്റിവെച്ചതിനാല്‍ ആയിരക്കണക്കിന് നഴ്‌സിങ് വിദ്യാര്‍ഥികള്‍ വോട്ടുചെയ്യാന്‍ നാട്ടിലേക്കുപോവുന്നുണ്ട്. കെ.എം.സി.സി.യുടെ നേതൃത്വത്തിലുള്ള സൗജന്യ വോട്ടുവണ്ടികളും സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ വിവിധമണ്ഡലങ്ങളിലേക്ക് 14 സര്‍വീസുകളാണ് നടത്തുന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രമേ സീറ്റ് ലഭ്യമാക്കുകയുള്ളൂവെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. രാത്രി പത്തുമണിക്ക് കലാസിപാളയം, മാറത്തഹള്ളി, യശ്വന്തപുരം, കമ്മനഹള്ളി, മഡിവാള എന്നിവിടങ്ങളില്‍നിന്നാണ് ബസ്സുകള്‍ പുറപ്പെടുക. തിങ്കളാഴ്ചരാത്രി എട്ടിന് തിരിച്ചും സര്‍വീസുണ്ടാകും. വിവരങ്ങള്‍ക്ക് ഫോണ്‍: 9731612861. തിരക്കുകണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. 24 സര്‍വീസുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിലേക്ക് നാലുസര്‍വീസുകള്‍ നടത്തും. കോഴിക്കോട്ട്(അഞ്ച്), കോട്ടയം(നാല്), എറണാകുളം (നാല്), തൃശ്ശൂര്‍(മൂന്ന്), മാഹി(രണ്ട്), പാലക്കാട് (രണ്ട്) എന്നിങ്ങനെയാണ് മറ്റ് പ്രത്യേകസര്‍വീസുകള്‍. ടിക്കറ്റ് ഓണ്‍ലൈനായി ബുക്കുചെയ്യാം. 16 വരെയായിരിക്കും പ്രത്യേക ബസ്സുകള്‍ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ മെയിന്‍ ബസ് സ്റ്റാന്‍ഡ്, മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, പീനിയ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button