Kerala

മാധ്യമപ്രവര്‍ത്തനം എന്നാല്‍ ജനം കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്കോ ?

കേരളം ആര്‍ക്ക് വിധിയെഴുതിയെന്നറിയാന്‍ മണിക്കൂറുകള്‍ ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രകടനങ്ങളും അവസാനിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരെക്കാള്‍ മുന്‍പന്തിയില്‍ നിന്ന മാധ്യമനേതാക്കന്മാരുടെ ഇഴകീറിയുള്ള പരിശോധനയ്ക്കും അവസാനമാകുന്നു. ഒരു മൂന്നാം മുന്നണി എന്ന നില വന്നതോടെ നേതാക്കന്മാരെ പോലെ തന്നെ ചാനലുകാര്‍ക്കും ഇരിക്കപ്പൊറുതി തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത വേണം എന്ന വര്‍ഷങ്ങളായുള്ള മാധ്യമ ധര്‍മ്മത്തെ പൊളിച്ചെഴുതുന്ന പലതും ഇക്കുറി കണ്ടു. ഇതിലൊന്നായിരുന്നു ജന്മഭൂമിയുടെ മുഖപ്രസംഗത്തിന്റെ ഇന്നത്തെ വിഷയവും.

എന്‍ഡിഎ എന്ന സഖ്യത്തെ പൊളിച്ചെഴുതാനുള്ള സകല വാശിയുമായി മാതൃഭൂമിയുടെ വേണു ബാലകൃഷ്ണന്‍ എത്തിയത് ജന്മഭൂമിയുടെ രൂക്ഷവിമര്‍ശനം ഏറ്റു വാങ്ങാന്‍ കാരണമായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം പാടില്ല എന്ന അഭിപ്രായമില്ല. എന്നാല്‍ അതിനെ രാഷ്ട്രീയം കളിക്കാനുള്ള ഇടമാക്കുന്നത് അനുവദിക്കാവുന്നതല്ല. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കാനേ പോകുന്നില്ല എന്ന നിലപാടിലായിരുന്നു ചാനല്‍ അവതാരകന്‍. എന്നാല്‍ എക്‌സിറ്റ് പോളില്‍ ബി.ജെ.പി സീറ്റ് നേടുമെന്ന പ്രവചനം അവതാരകനെ തികച്ചും അസ്വസ്ഥനാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം തേടുന്ന സമയത്ത്, ”ബി.ജെ.പിയെന്ന ആശങ്കയെ നിങ്ങള്‍ എങ്ങനെ പ്രതിരോധിക്കും, ഈ അപകടത്തില്‍ നിന്ന് എങ്ങനെയാണ് നിങ്ങള്‍ കേരളത്തെ രക്ഷിക്കാന്‍ പോകുന്നത്” എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.

വാസ്തവത്തില്‍ ഏതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വേദിയില്‍ കയറിയിരുന്ന് പുലമ്പുന്നതുപോലെയാണ് മര്യാദകെട്ട തരത്തില്‍ അവതാരകനായ വേണു സംസാരിച്ചതെന്ന് ജന്മഭൂമി ചൂണ്ടിക്കാട്ടി. എന്നുമുതലാണ് ഇയാള്‍ കേരളത്തിന്റെ മനസ്സാക്ഷിയെ മൊത്തത്തില്‍ വിലയ്ക്കുവാങ്ങിയിരിക്കുന്നത്? ആര്‍ക്കു വേണ്ടിയാണിയാള്‍ കങ്കാണിപ്പണി നടത്തുന്നത്! മാധ്യമപ്രവര്‍ത്തനം എന്നാല്‍ നാലാംകിട ഗുണ്ടാ പ്രവര്‍ത്തനമാണെന്ന് ഏത് ജേര്‍ണലിസം കോളജില്‍ നിന്നാണ് ഇയാള്‍ പഠിച്ചിറങ്ങിയത്? രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയെ ആശങ്കയായും അപകടമായും വിലയിരുത്തുന്ന മ്ലേച്ഛ മാധ്യമപ്രവര്‍ത്തനത്തിന്റെ ദല്ലാള്‍ മുഖമാണ് പ്രസ്തുത അവതാരകനിലൂടെ കാണാനായതെന്നും ജന്മഭൂമി ചോദിച്ചു.

അസഹിഷ്ണുതയ്ക്കും അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ക്കുമെതിരെ കിട്ടാവുന്ന സകല നാവുകള്‍കൊണ്ടും സംസാരിക്കുന്നവര്‍ എന്തേ ബിജെപി ജനാധിപത്യ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍ ഇത്രമാത്രം അസഹിഷ്ണുക്കളാവുന്നു? ആരുടെ അജണ്ടയാണിവര്‍ നിഷ്പക്ഷതയുടെ ലേബലൊട്ടിച്ച് ചന്തയില്‍ കൂട്ടിയിട്ട് വില്‍പ്പന നടത്തുന്നത്. ഇത്തരക്കാരുടെ ഔദാര്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹായമോ കൊണ്ടല്ല ബിജെപിയും എന്‍ഡിഎയും ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടുന്നത്. ഇത്തരക്കാരുടെ തറവാട് സ്വത്ത് ഭാഗംവെച്ചതിന്റെ പങ്കുകൊണ്ടല്ല കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ അടുക്കളയില്‍ അരി വേവുന്നത്. ഇതൊക്കെ മനസ്സിലാക്കാന്‍ മാത്രമുള്ള സാമാന്യവിവരം ജേര്‍ണലിസം ക്ലാസുകളില്‍നിന്നു മാത്രമല്ല സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നുതന്നെ ലഭിക്കേണ്ടതാണ്. അതിന്റെ സ്ഥാനത്ത് പാര്‍ട്ടി ക്ലാസുകളും യജമാന ഭക്തിയുമായാല്‍ ഇതിനെക്കാള്‍ അറപ്പുളവാക്കുന്ന സംഭവ വികാസങ്ങള്‍ ഉണ്ടാവാമെന്നും ജന്മഭൂമിയില്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖശോഭ കെടുത്തുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള ജൈവലായനി അതാത് മാധ്യമസ്ഥാപനങ്ങള്‍ ഉണ്ടാക്കി വെക്കുന്നതാവും നല്ലത്. ഇല്ലെങ്കില്‍ പ്രബുദ്ധരായ ജനങ്ങള്‍ ജനാധിപത്യ രീതിയിലൂടെ പ്രതിരോധത്തിനൊരുങ്ങുന്ന കാലം അതിവിദൂരമല്ല എന്നാണ് ജന്മഭൂമിയുടെ മുഖപ്രസംഗം അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button