NewsIndia

മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു ബദലായി പഞ്ചാബില്‍ ‘ക്യാപ്റ്റനൊപ്പം കാപ്പി’

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചായ് പേ ചര്‍ച്ച’യ്ക്കു പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ബദല്‍: ക്യാപ്റ്റനൊപ്പം കാപ്പി (കോഫി വിത്ത് ക്യാപ്റ്റന്‍). സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ യുവാക്കളെ ലക്ഷ്യമിട്ടു നടത്തിയ ആദ്യഘട്ടം പരിപാടി വിജയിച്ചതിനു പിന്നാലെ കൂടുതല്‍ സ്ഥലങ്ങളിലേക്കെത്തുകയാണു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.
പ്രധാനമന്ത്രി പദത്തിലേക്കു മോദിയുടെ ആരോഹണം സസൂക്ഷ്മം ആസൂത്രണം ചെയ്ത പ്രശാന്ത് കിഷോര്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ തന്ത്രം മെനയുന്നത്. മോദിയുടെ പ്രചാരണവിജയത്തിന്റെ മുഖ്യ ഘടകങ്ങളിലൊന്നു ചായച്ചര്‍ച്ചയായിരുന്നു.
മോദി ടെലികോണ്‍ഫറന്‍സിങ്ങിലൂടെയാണു സംവദിച്ചിരുന്നതെങ്കില്‍, ആംഫി തിയറ്ററുകളില്‍ യുവാക്കള്‍ക്കൊപ്പമിരുന്നു കാപ്പി കുടിച്ചുകൊണ്ടാണു ക്യാപ്റ്റന്‍ സംവദിക്കുന്നത്.

പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലും ഓരോ ദിനം ചെലവിട്ടു ജനകീയ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള വിപുല പരിപാടിയാണ് അടുത്ത ഘട്ടം. അധികാരത്തിലെത്തി നൂറു ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മപരിപാടി നടപ്പാക്കു’മെന്നാണു വാഗ്ദാനം. അഞ്ചുലക്ഷം പേരെ നേരില്‍ക്കണ്ടു രണ്ടുകോടി ജനങ്ങളിലേക്കു കോണ്‍ഗ്രസിന്റെയും ക്യാപ്റ്റന്റെയും സന്ദേശമെത്തിക്കുകയാണു ദൗത്യമെന്നു പ്രശാന്ത് കിഷോര്‍ ടീമംഗങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനിറങ്ങുന്ന പതിവു കോണ്‍ഗ്രസിനില്ലാത്തതാണ്. മാറിയ സാഹചര്യത്തില്‍ ഈ രീതി പറ്റില്ലെന്ന വാദം കോണ്‍ഗ്രസ് നേതൃത്വം മനസ്സില്ലാമനസ്സോടെ അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button