KeralaNews

അറിവിന്‍റെ ആകാശത്തില്‍ പറന്നുയരാന്‍ ഇന്ന്‍ വായനാദിനം

അറിവിന്‍റെ ആകാശത്തില്‍ പറന്നുയരാന്‍ ബുദ്ധിയുടെയും മനസിന്‍റെയും വളര്‍ച്ചയ്ക്കൊപ്പമേ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്‍റെയും വളര്‍ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്.വായന ചിലര്‍ക്ക് വിനോദമാണെങ്കില്‍ ചിലര്‍ക്ക് ലഹരിയാണ്. ഇതു തിരിച്ചറിഞ്ഞ് മലയാളിയെ വായനയുടെ അത്ഭുതലോകത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെചരമ ദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു.

പി.എന്‍. പണിക്കര്‍ 1909-ല്‍ കോട്ടയത്തെ നീലംപേരൂരിലാണ് ജനിച്ചത്. അച്ഛന്‍ പുതുവായില്‍ നാരായണപ്പണിക്കര്‍, അമ്മ ജാനകിയമ്മ. കൂട്ടുകാരോടൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച്‌ പി.എന്‍.പണിക്കര്‍ നാട്ടിലൊരു വായനശാലയുണ്ടാക്കിയത് 1926-ലാണ് – തന്‍റെ 17-ാം വയസില്‍. സനാതനധര്‍മം വായനശാല എന്നായിരുന്നു ലൈബ്രറിയുടെ പേര്. അത് വിജയിച്ചതോടെ മറ്റു പ്രദേശങ്ങളിലും ഇത്തരം വായനശാലകള്‍ രൂപീകരിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുത്തു. തിരുവിതാംകൂറിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് ഗ്രന്ഥശാലാസംഘം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതും പി.എന്‍. പണിക്കരാണ്. 1977-ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്.എഴുത്തു പഠിച്ച്‌ കരുത്തരാകുക, വായിച്ചു വളരുക, ചിന്തിച്ച്‌ പ്രബുദ്ധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിനു നല്‍കിയതും അദ്ദേഹമാണ്.

വായന പല തരത്തിലുണ്ട്. പുസ്തകങ്ങള്‍ വായിക്കുന്നതുപോലെ തന്‍റെ ചുറ്റുപാടുകളും വായിക്കാം, പ്രകൃതിയെ വായിക്കാം, നല്ല മനുഷ്യരെ വായിക്കാം. വായനാ ശീലം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയില്ലെങ്കില്‍ അതു പിന്നെ പരിശീലിക്കുക ബുദ്ധിമുട്ടാണ്. പാഠപുസ്തകങ്ങളൊഴിച്ച്‌ മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ ദിവസേന ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം. മനസിന്‍റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്‍റെ നൈര്‍മല്യത്തിനും സഹായിക്കുന്ന, അറിവിന്‍റെ വിശാലതയും ആഴവും കൂട്ടുന്ന, ധര്‍മ ബോധം ഉണര്‍ത്തുന്ന, നമ്മെ കര്‍മോന്മുഖരാക്കുന്ന പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കണം. നല്ല ജീവചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ നേര്‍വഴി കാണിക്കും. പുരാണകഥകള്‍ സത്യം, ധൈര്യം, നീതിബോധം എന്നീ ഗുണങ്ങളുമുണ്ടാക്കും. ചരിത്ര പുസ്തകവായനയിലൂടെ ഓരോ നാടിന്‍റെയും സംസ്കാരവും നേട്ടവും തിരിച്ചറിയുന്നതിനും സാധിക്കും,വായനയിലൂടെ നമ്മുടെ പുരോഗതിക്ക് തടസം നില്‍ക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയാനും സഹായിക്കും.

ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും അറിയാന്‍ ഭൂമിശാസ്ത്രം സഹായിക്കും. ചീത്ത പുസ്തകങ്ങള്‍ മനസിനെ ദുഷിപ്പിക്കും വികാരങ്ങളെ മലിനമാക്കും. ജീവിതം നരകമാക്കും. വായിക്കാനായി പുസ്തകം തിരഞ്ഞെടുക്കുമ്പോള്‍ള്‍ തന്‍റെ പ്രായം, ആവശ്യം എന്നിവയനുസരിച്ച്‌ നിലവാരം ഉയര്‍ന്നു വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വായിക്കുന്നതോടൊപ്പം വായിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുകയും അതില്‍ നിരൂപണ ബുദ്ധിയോടെ ഇടപെടുകയും വേണം. പുസ്തകത്തിലെ ആശയങ്ങളെ വിശകലനം ചെയ്ത് അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക, ശരിയും തെറ്റും ബലവും ദൗര്‍ബല്യവും മനസിലാക്കുക, തള്ളേണ്ടതു തള്ളുക, കൊള്ളേണ്ടത് ഉള്‍ക്കൊള്ളുക എന്നിങ്ങനെ കൃതികളെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും വേണം.

പുസ്തക നിരൂപണവും വിമര്‍ശനക്കുറിപ്പും ആസ്വാദനവുമെല്ലാം തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള വായന നിങ്ങളെ സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ ലൈബ്രറികളും പുസ്തകക്കടകളും അന്വേഷിച്ചു നടക്കേണ്ട. പണം കൊടുത്തും സൗജന്യമായും വായിക്കാവുന്ന പുസ്തകങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button