NewsInternational

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ഇന്ന് : ലഹരിയെന്ന സാമൂഹ്യ വിപത്തിനെ തുടച്ച് നീക്കാം….

ലഹരി വസ്തുക്കളുടെ ദുരുപയോഗവും അതുമൂലമുണ്ടാകുന്ന വിപത്തുകളും ലോക ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം കൂടി ഇന്ന് ആചരിക്കുകയാണ്.  ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ചാണ് 1987 മുതലുള്ള ഈ ദിനാചരണം. കേരള ജനതയെ സംബന്ധിച്ചിടത്തോളം ഈ ദിനം വളരെ പ്രധാനമാണ്. കാരണം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദുരുപയോഗവും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും കുടുംബ, സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങളും കേരളത്തില്‍ കൂടുതലാണ് എന്നതുതന്നെ. മദ്യമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ലഹരിവസ്തു. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ (ഹെറോയിന്‍), കൊക്കെയ്ന്‍, പുകയില ഉല്പന്നങ്ങള്‍, ഉറക്കഗുളികകള്‍, വേദനസംഹാരി ഔഷധങ്ങള്‍, ചുമയ്ക്കുള്ള ചില മരുന്നുകള്‍, ഫെവിക്കോള്‍ പോലുള്ള ചില പശകള്‍ മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ്‌നര്‍ തുടങ്ങിയവയാണ് ദുരുപയോഗം ചെയ്യപ്പെടുന്ന മറ്റു വസ്തുക്കള്‍ 14 മുതല്‍ 24 വയസ്സുവരെയുള്ള പ്രായത്തിലാണ് മിക്കവരിലും ഈ ദുശ്ശീലം ആരംഭിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ച് വരികയാണ്. പാരമ്പര്യഘടകങ്ങള്‍ മുതല്‍ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന താളപ്പിഴകള്‍ വരെ ഇതിന് കാരണമാകാറുണ്ട്. മാറിമാറി വരുന്ന സാമൂഹിക വ്യവസ്ഥിതികള്‍ മൂലം യുവജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ജീവിത മൂല്യച്യുതിയും പ്രശ്‌നപരിഹാര ശേഷിയിലുണ്ടായ കുറവുമൊക്കെ യുവജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ ദുരുപയോഗം നമ്മുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ലഹരിവസ്തുക്കളുടെ ദുരുപയോഗംപലപ്പോഴും തിരിച്ചറിയാത്ത മനോരോഗങ്ങളുടെ പ്രതിഫലനമാകാറുണ്ട്. ഉദാഹരണത്തിന് കൂടെക്കൂടെ ഉണ്ടാകുന്ന അമിത മദ്യപാനത്തിന്റെ രൂപത്തില്‍ വിഷാദരോഗം ചില രോഗികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാനസിക പ്രയാസം ദൂരീകരിക്കുന്നതിനായി അവര്‍ മദ്യപിച്ചു തുടങ്ങുന്നതാണ് ഇതിനുള്ള കാരണം. എന്നാല്‍ തുടര്‍ച്ചയായുള്ള മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഗുരുതരവും താരതമ്യേന ലഘുവുമായ പലതരം മനോരോഗങ്ങള്‍ക്കും ആത്മഹത്യയ്ക്കും വരെ കാരണമാകാറുണ്ട്. സംശയരോഗങ്ങള്‍, വിഷാദരോഗം മുതലായവയാണിതില്‍ പ്രധാനം.

മനുഷ്യസമൂഹത്തെ ആകമാനം ഗ്രസിച്ച് കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ വിപത്തിനെ ഫലപ്രദമായി നേരിടേണ്ടതുണ്ട്. ഒരു വ്യക്തിക്കോ, ഒരു സംഘടനയ്‌ക്കോ ഒരു സര്‍ക്കാരിനോ തനിയെ പരിഹരിക്കാന്‍ പറ്റുന്ന ഒരു പ്രശ്‌നമല്ലിത്. സമൂഹത്തിലെ ഓരോ പൗരനും അവരവരുടെ ഉത്തരവാദിത്വമായി ഇത് ഏറ്റെടുത്താല്‍ മാത്രമേ ഫലപ്രദമായ ഒരു പരിഹാരം ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂ. ലഹരിവസ്തുക്കള്‍ക്ക് അടിമയായവരെ അതില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലഹരിവസ്തുക്കളുടെ ദുരുപയോഗവും അതിനോടുള്ള വിധേയത്വവും മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തന വൈകല്യമുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണെന്നും തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദപ്പെടുത്താവുന്നതാണെന്നുമുള്ള വസ്തുത നാം മനസ്സിലാക്കി ഇത്തരക്കാരെ മനോരോഗചികിത്സകരുടെ അടുത്തെത്തിക്കുക എന്നതാണ് പരമ പ്രധാനം. ലഹരിവസ്തുക്കളുടെ ദുരുപയോഗം മിക്കപ്പോഴും തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാറില്ല എന്നതാണ് മറ്റൊരു വസ്തുത. ഈ ശീലം രഹസ്യമായി സൂക്ഷിക്കാനുള്ളവ്യക്തികളുടെ വ്യഗ്രതതന്നെയാണ് മുഖ്യകാരണം. എന്നാല്‍ ഒരു വ്യക്തിയുടെ വിശിഷ്യാ യുവജനങ്ങളുടെ സ്വഭാവത്തിലും കൂട്ടുകെട്ടിലും പെരുമാറ്റത്തിലും പ്രകടമാകുന്ന മാറ്റങ്ങള്‍ ഇതിന്റെ ഒരു സൂചനയാകാറുണ്ട് .ലഹരി വസ്തുക്കളുടെ സാര്‍വത്രികമായ ലഭ്യത കുറയ്ക്കുക എന്നതാണ് മറ്റൊരു പ്രധാന ഘടകം. ഇതിലേക്കായി വ്യക്തവും ഫലപ്രദവുമായ നയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കേണ്ടതുണ്ട്.

സമീപകാലത്ത് മദ്യത്തിന്റെയും പുകയില ഉല്പന്നങ്ങളുടെയും ലഭ്യത കുറയ്ക്കാന്‍ വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. ലഹരിവിമോചന ചികിത്സയിലൂടെ ലഹരി വിമുക്തി നേടിയ ആളുകളുടെ സ്വയംസഹായ സംഘങ്ങളാണ് ‘ആല്‍ക്കഹോളിക് അനോണിമസ്’ ചികിത്സയ്ക്ക് ശേഷം ആളുകളെ വീണ്ടും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഈ സംഘങ്ങള്‍ക്ക് സാധിക്കും. ഇത്തരം സംഘടനകള്‍ക്ക് ആവശ്യമായ അംഗീകാരവും പ്രാധാന്യവും നല്‍കേണ്ടതാണ്. ലഹരിവിമുക്തി നേടിയവരുടെ പുനരധിവാസമാണ് ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു വിഷയം.ലഹരിവസ്തുക്കളുടെ ദുരുപയോഗംമൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന ബോധവത്ക്കരണ പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക,ലഭ്യതകുറയ്ക്കുക തുടങ്ങിയ നടപടികള്‍ക്ക് ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കണമെങ്കില്‍ ഇത്തരം ലഹരി വസ്തുക്കളില്‍ നിന്നും വിട്ടു നില്‍ക്കേണ്ട ആവശ്യകതയെപ്പറ്റി പൗരന്മാര്‍ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന ഈ ദിനാചരണത്തില്‍ നമുക്കും കൈകോര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button