Kerala

കെ.ടി.ജലീലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പ്പിച്ചിട്ടില്ല ;കേരളം നടത്തുന്ന പ്രചാരണം വില കുറഞ്ഞത്; കുമ്മനം

തിരുവനന്തപുരം : മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജലീലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചുവാങ്ങിയ അപമാനമെന്നും കുമ്മനം ആരോപിച്ചു. നയതന്ത്ര പാസ്പോര്‍ട്ട് എളുപ്പത്തില്‍ ലഭിക്കുന്നതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അപേക്ഷിക്കുമ്പോള്‍ തന്നെ ഇതു നിരസിക്കപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ദൗത്യനിര്‍വഹണത്തിന് വിദേശത്ത് പോകാന്‍ നല്‍കുന്ന പാസ്പോര്‍ട്ടാണത്. കെ.ടി.ജലീലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പ്പിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

കേന്ദ്രം ഇടപെട്ട വിഷയത്തില്‍ സംസ്ഥാനം കൈകടത്തുന്നതു രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു. സൗദിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്ലരീതിയിലാണ് ഇടപെടുന്നതെന്ന് പാര്‍ലമെന്റില്‍ പോലും പ്രശംസിക്കപ്പെട്ടു. കേന്ദ്രമന്ത്രി വി.കെ.സിങ് നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. മറ്റൊരു മന്ത്രി എം.ജെ.അക്ബറും സൗദി ഭരണാധികാരികളുമായി നല്ല സമ്പർക്കം പുലർത്തുന്നു. മന്ത്രി സുഷമസ്വരാജ് എല്ലാത്തിനും നേതൃത്വം നല്‍കുന്നു. ഇതിനിടെ ഒരു സംസ്ഥാനമന്ത്രിക്കു സൗദിയിൽ പോയി ഒരു നയതന്ത്രവിഷയത്തിലും ഇടപെടാനോ പരിഹരിക്കാനോ കഴിയില്ല.

14 സംസ്ഥാനങ്ങളിലെ പൗരന്മാര്‍ സൗദിയില്‍ പ്രശ്നത്തില്‍ പെട്ടിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ക്കും ഡിപ്ലോമാറ്റിക് വിസ നല്‍കി അങ്ങോട്ടയക്കാന്‍ കഴിയുമോ എന്നും കുമ്മനം ചോദിച്ചു. ഇതിനിടെ നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാന്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സൗദി ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button