Prathikarana Vedhi

ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം: അടുത്തത് ശബരിമലയെന്ന് മുന്നറിയിപ്പ് സ്ത്രീ പക്ഷവാദികൾക്ക് ആഹ്ലാദം; ഇസ്ലാമിക മത നേതൃത്വം ആശങ്കയിലും

കെ.വി.എസ് ഹരിദാസ്

മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ഹാജി അലി ദർഗയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന മുംബൈ ഹൈക്കോടതി വിധി പലതുകൊണ്ടും ശ്രദ്ധേയമാവുകയാണ്. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും വിവേചനം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് സുപ്രധാനവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് എന്ന് കരുതുന്നവരാണ് പലരും. നേരത്തെ മഹാരാഷ്ട്രയിലെ തന്നെ ശനി ഷിങ്ങാപ്പൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് ഇതിനൊപ്പം കൂട്ടിവായിക്കണം. മുംബൈ ഹൈക്കോടതി തന്നെയാണ് അതിനും അനുമതി നൽകിയത്. ” ഇനിയിപ്പോൾ ബാക്കിയുള്ളത് ശബരിമലയാണ് ” എന്നതാണ് മഹാരാഷ്ട്രയിലെ നവ വനിതാ പ്രക്ഷോഭകരുടെ നിലപാട്. ആരെതിർത്താലും ശബരിമലയിലെത്തി ദർശനം നടത്തുമെന്ന് മുൻപൊരിക്കൽ അവരുടെ നേതാവ് തൃപ്തി ദേശായ് പ്രസ്താവിച്ചത് ഈ വേളയിൽ ഓർമ്മിക്കേണ്ടതുണ്ട്. പഴയകാല കോൺഗ്രസുകാരിയയായ തൃപ്തി ദേശായ് മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ക്ഷേത്രങ്ങളിലെയും പള്ളികളിലെയും സ്ത്രീ പ്രവേശനവിഷയം ഉന്നയിക്കാൻ തുടങ്ങിയത് എന്ന ആക്ഷേപം ആദ്യമേ കേട്ടിരുന്നു. അതിനൊപ്പം കാണേണ്ട മറ്റൊരു കാര്യം, മുസ്‌ലിം ദേവാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് ഇതോടെ ശക്തികൂടുമെന്നതാണ്. ഇപ്പോൾ തന്നെ പല സംസ്ഥാനങ്ങളിലും തുല്യതക്കായി മുസ്‌ലിം സ്ത്രീകൾ പരസ്യമായി രംഗത്തുവരുന്ന സാഹചര്യത്തിൽ ഇന്നത്തെ കോടതിവിധിക്ക് പ്രാധാന്യമേറെയാണ്. അതാവട്ടെ ഇസ്ലാമിക മത നേതൃത്വത്തെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ഷാബാനോ കേസിലെ വിധിയെപ്പോലെയാണ് പല മുസ്‌ലിം നേതാക്കളും ഇതിനെ കാണുന്നത്. അവരുടെ പ്രതികരണങ്ങൾ അടുത്തദിവസങ്ങളിലുണ്ടാവും എന്നാണ് കരുതപ്പെടുന്നത്.

ശനി ഷിങാപ്പൂർ ക്ഷേത്രത്തിൽ യഥാർഥത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ശ്രീകോവിലിൽ അവർ കടന്നുകൂടാ എന്നതായിരുന്നു അവിടത്തെ സംവിധാനം. നാനൂറു വർഷമായി തുടരുന്ന സമ്പ്രദായമാണത്. എന്നാൽ അത് മാറ്റണമെന്ന പഴയകാല കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ രൂപമെടുത്ത സ്ത്രീ സംഘടനയുടെ ആവശ്യം മതപരമായ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ക്ഷേത്രത്തിലെ ആചാരക്രമത്തിൽ കോടതി ഇടപെട്ടുകൂടാ എന്നും മറ്റുമവർ വാദിച്ചു. ഇവിടെ ആചാരക്രമമല്ല മറിച്ചു ഭരണഘടന പ്രദാനം ചെയ്യുന്ന തുല്യതയും വ്യക്തികളുടെ സ്വാതന്ത്ര്യവും മറ്റുമാണ് കോടതി പരിഗണിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൾക്കും ശ്രീകോവിലിൽ പ്രവേശനം അനുവദിക്കണം എന്ന് കോടതി ഉത്തരവിട്ടത്.

ഹാജി അലി ദർഗയിൽ 2012 – വരെ നിലനിന്നിരുന്ന അവകാശം തിരിച്ചുപിടിക്കാനാണ്‌ സ്ത്രീകൾ കോടതിയിലെത്തിയത്. അവിടെയുള്ള ഒരു ശവകുടീരമാണ് ഏറ്റവും പ്രധാന ആരാധനാ കേന്ദ്രം. അത് അടുത്തുചെന്നുനിന്ന്‌ കണ്ടു പ്രാർഥിക്കാൻ മുൻപ് സ്ത്രീകൾക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ നാലുവർഷം മുൻപ് അത് തടയുകയാണ് ഹാജി അലി ദർഗ ട്രസ്റ്റ് ചെയ്തത്. അതിനവർ നിരത്തിയ കാരണം സത്യത്തിൽ അത്ഭുതമുളവാക്കുന്നതാണ്. സ്ത്രീകൾ ആ പുരുഷ ശവകുടീരത്തിൽ അടുത്തുചെന്നു നിന്ന് പ്രാർഥിക്കുന്നത് ഇസ്ലാമിന് എതിരാണ് എന്നതായിരുന്നു ആ വാദഗതി. അതിനെ ന്യായീകരിക്കാൻ അവർക്കു ഒരു കാര്യവും ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. ശവകുടീരത്തിനു സമീപം വരാതെത്തന്നെ സ്ത്രീകൾക്ക് പ്രാർഥിക്കാൻ സൗകര്യമൊരുക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ കോടതിയിൽ ബോധിപ്പിച്ചതാണ്. പക്ഷെ അതൊന്നും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, അവിടെ പ്രശ്നങ്ങളില്ലാതെ സ്ത്രീകൾക്ക് കടന്നുചെല്ലാൻ കഴിയുമാറ് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും ദർഗ ട്രസ്റ്റിനും കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്. തീർച്ചയായും അടുത്ത ദിവസങ്ങളിൽ അവിടെ അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഇതോടെ മഹാരാഷ്ട്ര സർക്കാരിനും വന്നുചേരുകയാണ്.

എന്നാലിതെല്ലാം ശബരിമലയിൽ ബാധകമാവുമോ എന്നതാണ് ഇന്നിപ്പോൾ പലരും ഉന്നയിക്കുന്നത്. സംസ്ഥാന സർക്കാർ, പ്രത്യേകിച്ച് ഇടതു സർക്കാർ, സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചുകൂടാ എന്ന നിലപാടിലാണ്. മുൻപ് വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്‌ അക്കാര്യം ചൂണ്ടിക്കാട്ടി അവർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചതുമാണ്. എന്നാൽ യുഡിഎഫ് ഭരണകൂടം ആ നിലപാട് മാറ്റുകയും മുൻപ് സമർപ്പിച്ച സത്യവാങ്‌മൂലം പിൻവലിക്കുകയും ചെയ്തു . പിണറായി സർക്കാരിന്റെ നിലപാടും സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ് എന്നാണ് കാണുന്നത്.

ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ആർ എസ് എസ്‌ ഒരു നിലപാട് മുൻപേ സ്വീകരിച്ചിരുന്നു. ക്ഷേത്ര പ്രവേശനത്തിൽ ലിംഗ വിവേചനം പാടില്ല എന്നതാണത്. ശനി ഷിങ്ങാപ്പൂർ ക്ഷേത്ര പ്രശ്നം ഉയർന്നുവന്നപ്പോൾ തന്നെ അത് അവർ വ്യക്തമാക്കിയതാണ്. അടുത്തിടെ കേരളത്തിലെത്തിയ ആർ എസ്‌ എസ്‌ സർകാര്യവാഹ്‌ ( ജനറൽ സെക്രട്ടറി) സുരേഷ് ഭയ്യാജി ജോഷി അത് ഒരിക്കൽക്കൂടി തുറന്നു പറയുകയും ചെയ്തു. കേരളത്തിൽവെച്ചും അക്കാര്യം പരസ്യമായി പറയുന്നതോടെ ഇതുസംബന്ധിച്ചു പൊതുവേയുണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതാണ്. എന്നാൽ ശബരിമലയിലേത് വ്യത്യസ്തമായ സാഹചര്യമാണ് എന്നതാണ് ഇവിടുത്തെ ഹിന്ദു സംഘടനകൾ സ്വീകരിച്ചിട്ടുള്ള നിലപാട്. ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനും അങ്ങിനെതന്നെയാണ് ശബരിമല പ്രശ്നത്തെ കണ്ടിട്ടുള്ളത്. തന്ത്രിമാരും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടും സ്ത്രീ പ്രവേശനത്തിന് എതിരാണ്. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ് എന്നതും കാണാതെ പൊയ്‌ക്കൂടാ.

ശബരിമലയിൽ യഥാർഥത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമാക്കിയിട്ടില്ല എന്നത് മറന്നുകൂടാ. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾ അവിടെ ദർശനം നടത്തിക്കൂടാ എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ലിംഗ സമത്വ പ്രശ്‌നം മറ്റു ദേവാലയങ്ങളിലേതുപോലെ ഇവിടെ ഉയർന്നുവരുന്നില്ല എന്ന നിലപാടും നാം കാണുകയും കേൾക്കുകയും ചെയ്യുന്നു. ചില പ്രായത്തിലുള്ളവരെ പ്രവേശിപ്പിക്കാത്തതിന് കാര്യകാരണങ്ങൾ നിരത്തപ്പെടുന്നുമുണ്ട്. അതൊക്കെ ഇവിടെ അവർത്തിക്കേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമാണ് കേരളത്തിലെ ആചാര – അനുഷ്ടാന സമ്പ്രദായം. ഇവിടെ ക്ഷേത്രകാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് തന്ത്രിയാണ് . അവരുടെ അക്കാര്യത്തിലുള്ള അധികാരം കേരളം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചതുമാണ്. മറ്റൊന്ന് സുപ്രധാന വിഷയങ്ങളിൽ ഭഗവാന്റെ അഭിപ്രായം തേടുന്ന പതിവുമുണ്ട്. അതായത് ദേവപ്രശ്നത്തിലൂടെ ഭഗവാന്റെ ഹിതമറിയുക എന്നാണ് സാധാരണ പറയുക. ഗുരുവായൂരിൽ ചുരിദാർ ധരിച്ചെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ദർശനം അനുവദിച്ചിരുന്നില്ല. അത് പിന്നീട് അനുവദിച്ചു. അതൊക്കെ അടുത്തിടെയുണ്ടായ മാറ്റങ്ങളിലൊന്നാണ്. ഇവിടെ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, ദേവപ്രശ്നം മുൻപ് നടത്തിയിട്ടുണ്ട് ; ഭഗവാന്റെ ഹിതം അറിഞ്ഞിട്ടുമുണ്ട്. അതുതന്നെയാണ് ഇക്കാര്യത്തിൽ പ്രധാനം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പിന്നെ, ഈ പ്രശ്‌നമിപ്പോൾ സുപ്രീംകോടതിയുടെ മുന്നിലാണ്. കോടതി ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്ന് നോക്കാം. ഭരണഘടന അനുവദിക്കുന്ന തുല്യതയും മറ്റും ഇവിടെ ഉന്നയിക്കാൻ കോടതി മുതിരില്ല എന്നും കോടതി തന്നെ മുൻപ് സമ്മതിച്ച കാര്യങ്ങൾ വിസ്മരിക്കപ്പെടില്ല എന്നും കരുതുന്നവരാണ് പൊതുവെയുള്ള വിശ്വാസികൾ.

എന്നാൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആചാരത്തിലും അനുഷ്ഠാനത്തിലുമൊക്കെ വരുത്താൻ തന്ത്രിമാർ മുൻകൈയെടുത്ത അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ജന്മം കൊണ്ട് അബ്രാഹ്മണരായ ഹിന്ദുക്കളെ പൂജാരിമാരായി മുൻപ് നിയമിച്ചിരുന്നില്ല. ഇന്നതല്ല അവസ്ഥ. “ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം ” എന്നത് പരസ്യമായി പ്രഖ്യാപിച്ചത് കേരളത്തിലെ ബ്രാഹ്മണരാ യ താന്ത്രിക ശ്രേഷ്ഠരുൾപ്പെട്ട സമ്മേളനമാണ് . സൂചിപ്പിച്ചത്‌ , പ്രസിദ്ധമായ ‘പാലിയം വിളംബര’ത്തെക്കുറിച്ചാണ്. കേരളത്തിലെ തന്ത്രിമുഖ്യന്മാർ പാലിയത്ത് ഒത്തുകൂടി അത്തരമൊരു വിളംബരം നടത്തുകയായിരുന്നു. അതിനുമുന്പാണ്‌ കൊച്ചിയിൽ വിശാല ഹിന്ദു സമ്മേളനത്തിൽ പറവൂർ ശ്രീധരൻ തന്ത്രി ഗണപതി ഹോമം നടത്തിയപ്പോൾ താന്ത്രിക രംഗത്തെ ശ്രേഷ്ഠനായ സൂര്യകാലടി ഭട്ടത്തിരിപ്പാട് പരികർമ്മിയായത്‌ . അതൊക്കെ കേരളത്തിലെ താന്ത്രിക -ക്ഷേത്ര വിഷയങ്ങളിൽ നടപ്പിലാക്കിയ വിപ്ലവങ്ങളുടെ, മാറ്റത്തിന്റെ, ചരിത്രമാണ്. അത്തരം മാറ്റങ്ങൾക്കു തിരികൊളുത്തിയ കേരളം ഒരു തരത്തിലും അനാവശ്യ പിടിവാശി ഒരുകാര്യത്തിലും കാണിക്കില്ല എന്നത് തീർച്ചയാണ്. അതെ സമയം അനാവശ്യ പിടിവാശിയും തിടുക്കവും ഒരാളും, പ്രത്യേകിച്ച് സർക്കാരും മറ്റും, കാണിക്കുന്നത് ബുദ്ധിയാവില്ല എന്നതും പറയേണ്ടതുണ്ട്. മുംബൈ ഹൈക്കോടതി വിധികളുടെ പശ്ചാത്തലത്തിൽ ശബരിമല പ്രശ്‌നമേറ്റെടുത്ത് തെരുവിലിറങ്ങാൻ ചിലരെല്ലാം തയായാൽ എന്താവും അവസ്ഥയെന്ന് ചിന്തിക്കേണ്ട സമയവുമാണിത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button