NewsIndia

107 മലയാളികള്‍ ഐ.എസില്‍ : റിക്രൂട്ട്‌മെന്റ് നടത്തുന്നത് കേരളത്തിലെ ഒരു പാസ്‌പോര്‍ട്ട് ഓഫീസ് : കേരളത്തെ നടുക്കി എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് വഴി വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ച് അറബിനാടുകളിലേക്ക് ചേക്കേറിയ മലയാളികളില്‍ 107 പേര്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ലെവാന്റേ  (ഐ.എസില്‍ ) ചേര്‍ന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തെളിവു ലഭിച്ചു. കൂടുതല്‍ മലയാളികള്‍ ഐ എസിനുവേണ്ടി സിറിയയിലും ഇറാഖിലും മുന്നണിപ്പോരാളികളായി ഉണ്ടാവുമെന്ന സൂചനയുമുണ്ടെന്ന് ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) ന്യൂഡല്‍ഹിയിലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിവായി.

ഇതേത്തുടര്‍ന്ന് യു.എ.ഇയിലെ മലയാളിയായ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാരാമനോടും സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരോടും ഈ രാജ്യങ്ങളിലെത്തിയശേഷം മുങ്ങിയ മലയാളികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുമായ അജിത് ദോവലും അടിയന്തര സന്ദേശങ്ങളിലുടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കൈക്കൂലിക്കേസില്‍ ഇക്കഴിഞ്ഞ ജൂലൈ 21ന് മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനേയും കൂട്ടാളിയായ ട്രാവല്‍ ഏജന്‍സി ഉടമ അബ്ദുല്‍ അമീറിനേയും സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിലേക്ക് വന്‍തോതില്‍ മലയാളി യുവാക്കള്‍ ചേക്കേറുന്നുവെന്ന ആദ്യ സൂചനകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ രാമകൃഷ്ണന്‍ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി ചുമതലയേറ്റശേഷം അറസ്റ്റിലാകുന്നതുവരെയുള്ള ഒന്നര വര്‍ഷത്തിനുള്ളില്‍ 2,54,689 പാസ്‌പോര്‍ട്ടുകള്‍ മലപ്പുറം ഓഫീസില്‍ നിന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് സിബിഐയും എന്‍ഐഎയും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. താണ കാറ്റഗറിയിലുള്ള ഒരു റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഇത്രയധികം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് ഒരു സര്‍വകാല റിക്കാര്‍ഡാണെന്നും അന്വേഷണവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

വെറും തപാല്‍ സൂപ്രണ്ടായിരുന്ന രാമകൃഷ്ണനെ ഡപ്യൂട്ടേഷനില്‍ മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ കണ്ണായ തസ്തികയിലേക്ക് പറിച്ചുനടാന്‍ ചുക്കാന്‍ പിടിച്ചത് കേന്ദ്ര സഹമന്ത്രിയായിരുന്ന ഇ അഹമ്മദായിരുന്നുവെന്ന ആരോപണവുമുണ്ട്.

ഈ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള ജില്ലകള്‍ക്കുപുറമേ കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും വ്യാജമേല്‍വിലാസങ്ങളില്‍ രാമകൃഷ്ണന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം എമിഗ്രേഷന്‍ നടപടികള്‍ സുഗമമാക്കാന്‍ പത്താം തരം പോലും പാസാകാത്തവര്‍ സമര്‍പ്പിച്ച വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളിലും ഇയാള്‍ മേലൊപ്പു ചാര്‍ത്തിക്കൊടുത്തിരുന്നുവെന്നും കണ്ടെത്തി.
ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വഴി ഐ എസിലേയ്ക്ക് റിക്രൂട്ടിങ് നടത്തിയതെന്നും സൂചനകളുണ്ട്. മലയാളികളും ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായ ഷുഹൈബും അയൂബുമാണ് മലപ്പുറം റിക്രൂട്ടിങ് റാലിയുടെ സൂത്രധാരകര്‍. ഒളിവില്‍പ്പോയ ഇവര്‍ ഇപ്പോള്‍ സിറിയയിലോ ഇറാഖിലോ ഐ.എസ് ഭീകരനിരയിലുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നു.
ബഡാസജ്ജിദ് എന്നും അബുതുറാബ് അല്‍ഹിന്ദിയെന്നും മറുപേരുകളുള്ള യു പി സ്വദേശിയായ ഇന്ത്യന്‍ മുജാഹിദിന്‍ നേതാവ് മുഹമ്മദ് സജ്ജിദും മലപ്പുറം വഴി ഐ എസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റിനു നേതൃത്വം വഹിക്കാന്‍ ഒരു വര്‍ഷം മുമ്പ് കേരളത്തിലെത്തിയിരുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഏതാനും മാസം മുമ്പ് ഐ.എസ് ഭീകരരും സിറിയന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ഡല്‍ഹി ബോംബുസ്‌ഫോടനങ്ങള്‍ക്കാവശ്യമായ ടൈമറുകള്‍ കേരളത്തില്‍വച്ചായിരുന്നു സജ്ജിദ് നിര്‍മ്മിച്ചത്. പാലക്കാട് പുതുശേരി ലക്ഷം വീടുകോളനിയിലെ അബുതാഹിര്‍ എന്ന 24 കാരനെ ദുബായിലെ ഒരു മലയാള പത്രം ഓഫീസില്‍ ഡിടിപി ഓപ്പറേറ്ററായിരിക്കെ മലപ്പുറത്ത് നിന്നും സംഘടിപ്പിച്ച വ്യാജ പാസ്‌പോര്‍ട്ടില്‍ സിറിയയിലെ ഐ എസ് യുദ്ധമുന്നണിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതും സജ്ജിദ് ആയിരുന്നുവത്രെ. സൗദിയില്‍ ജോലി ചെയ്യുന്ന പിതാവിനെ കാണാനെന്നപേരില്‍ ദുബായില്‍ നിന്നു മുങ്ങിയ താഹിര്‍ റിയാദ് വിമാനത്താവളത്തില്‍ കാത്തുനിന്ന പിതാവിനെ കാണാതെ ഐ എസ് ചാവേറാകാന്‍ സിറിയയിലേയ്ക്ക് പോകുകയായിരുന്നുവെന്നും അന്വേഷണവൃത്തങ്ങള്‍ വെളിപ്പെടുത്തി.

സൗദിയിലെ മുസ്ലിം പള്ളികള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കുമെതിരെ നടന്ന ഐ എസ് ഭീകരാക്രമണങ്ങളെയും ഷരുറാഹ് പ്രവിശ്യയിലെ സൗദി സൈനികത്താവളത്തിനുനേരെയുള്ള ആക്രമണ ഗൂഢാലോചനയേയും തുടര്‍ന്ന് സൗദി സൈന്യത്തിന്റെ പിടിയിലായവരില്‍ നിന്നും ഐഎസിലെ മലയാളി സാന്നിധ്യത്തെക്കുറിച്ചു സൂചനകള്‍ ലഭിച്ചതായി ‘റോ’ വൃത്തങ്ങളില്‍ നിന്ന് അറിവായി.
മലപ്പുറം വഴി ഐ.എസിലേയ്ക്കുള്ള മലയാളി ഭീകരപ്രവാഹത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും നല്‍കണമെന്ന് കേന്ദ്ര വിദേശമന്ത്രാലയം ബന്ധപ്പെട്ട വിദേശരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സംഭവ ശ്രേണികളിലേയ്ക്കു കാര്യങ്ങള്‍ നീങ്ങുമ്പോഴും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം ഒന്നുമറിയാത്തമട്ടില്‍ ശിലാമൗനത്തില്‍ നില്‍ക്കുന്നതാണ് വിചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button