KeralaNews

തീരുമാനമാകാതെ മെഡിക്കല്‍ പ്രവേശനം

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം ധാരണയായില്ല വൈകിട്ട് വീണ്ടും ചര്‍ച്ച.മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരും തമ്മില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശന തര്‍ക്കം പരിഹരിക്കാന്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായില്ല. ഇതേത്തുടര്‍ന്ന് വൈകിട്ട് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് 5.30 നാണ് ചര്‍ച്ച.

മാനേജ്‌മെന്റുകള്‍ ഏകീകൃത ഫീസെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. എന്നാല്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ 50 ശതമാനം മെറിറ്റ് സീറ്റ് മാറ്റാനാവില്ലെന്ന് നിലപാടെടുത്തു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും 50 ശതമാനം മെറിറ്റ് സീറ്റെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു. സര്‍ക്കാരും മാനേജ്‌മെന്റുകളും ധാരണയുണ്ടാക്കി എത്രയും പെട്ടന്ന് അലോട്ട്‌മെന്റിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. വൈകുന്നേരം നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ചിലത് സ്വീകാര്യമാണ്, മറ്റ് ചിലതില്‍ വിയോജിപ്പുണ്ട്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് മുമ്പ് അസോസിയേഷന്‍ ഒരിക്കല്‍ കൂടി യോഗം ചേരുമെന്നും പറഞ്ഞു.

ജയിംസ് കമ്മിറ്റിയും പ്രവേശനപരീക്ഷാകമ്മീഷണറും ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കു. കോളേജുകളുടെ പ്രോസ്പെക്ടസുകള്‍ ജയിംസ് കമ്മിറ്റി പരിശോധിച്ചുവരുകയാണ്. സര്‍ക്കാരുമായി ഫീസ് ധാരണയെത്തിയില്ലെങ്കില്‍ കോളേജുകളുടെ വരവ് ചെലവ് കണക്കാക്കി ജയിംസ്‌കമ്മിറ്റി ഫീസ് നിര്‍ണയിച്ച് നല്കിയേക്കും. ഇതിന് കാലതാമസമുണ്ടായാല്‍ ഇടക്കാല ഉത്തരവിലൂടെ ജയിംസ് കമ്മിറ്റ് കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button