Kerala

എഴുത്തുകാരെ കലക്ടര്‍ ബ്രോ അപമാനിച്ചു; കവയത്രി ആര്യ പ്രശാന്തിനെതിരെ രംഗത്ത്

കോഴിക്കോട്: എല്ലാവര്‍ക്കും പ്രചോദനവും ഏറ്റവും നല്ല കലക്ടര്‍ എന്ന വിശേഷണവും ലഭിച്ച കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ വിമര്‍ശിച്ച് കവയത്രി ആര്യാ ഗോപി രംഗത്ത്. എഴുത്തുക്കാരെ കലക്ടര്‍ ബ്രോ അപമാനിച്ചുവെന്നാണ് പറയുന്നത്. സാഹിത്യത്തെ ആദരിക്കണമെന്ന് പറയുന്നില്ല, എന്നാല്‍ ഇങ്ങനെ അപമാനിക്കരുതെന്ന് ആര്യ പറയുന്നു. തുറന്ന കത്തിലൂടെയാണ് ഇക്കാര്യം ആര്യ ഓര്‍മ്മിപ്പിച്ചത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ് ആര്യയുടെ ആരോപണം. കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണം 2016 എന്ന പരിപാടിയില്‍ എഴുത്തുകാര്‍ക്ക് അപമാനിതരാകേണ്ടി വന്നുവെന്നാണ് ആര്യ പറയുന്നത്. ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

ഇന്നലെ കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണാഘോഷത്തില്‍ പങ്കെടുത്ത ഒരു കവിയാണ് ഞാന്‍. ഒരു സംശയം, നമുക്ക് ശരിയ്ക്കും കവികളേയും എഴുത്തുക്കാരെയുമൊക്കെ ആവശ്യമുണ്ടോ? മിമിക്രിക്കാരും സീരിയല്‍ക്കാരും സിനിമക്കാരും ഗാനമേളക്കാരുമൊക്കെ പോരേ, ജില്ലാ ഭരണകൂടത്തിന്റയും നിലപാട് ഇതാണോ? അല്ലെങ്കില്‍ എന്തിനായിരുന്നു ആരും വരില്ലായെന്നുറപ്പുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വായുവും വെളിച്ചവും കയറാത്ത, ശബ്ദത്തേക്കാള്‍ മുഴക്കമുള്ള, പ്രത്യേകിച്ചൊരാകൃതിയുമില്ലാത്ത, ഉയരം ശരിയാക്കാന്‍ പോലും ആകാത്ത ഒരു മൈക്കു മാത്രമുള്ള ഓഡിറ്റോറിയത്തില്‍ ഓണം സാഹിത്യോത്സവം കൊണ്ടു വന്നു വച്ചത്.

താങ്കള്‍ക്കറിയാമെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. മുമ്പൊക്കെ, ടൗണ്‍ഹാളിലെ നിറഞ്ഞ സദസിനു മുന്നിലാണ് കോഴിക്കോട്ടെ കവികള്‍ ഓണത്തിനു കവിത ചൊല്ലിയിരുന്നത്. അന്നൊക്കെ അതു കേള്‍ക്കാന്‍ ആളുകള്‍ വന്നിട്ടുണ്ട്. കവിത കേട്ടാനന്ദിച്ച് കൈയടിച്ചിട്ടുണ്ട്, പ്രതിഷേധിച്ച് കൂവിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. ഇനിയിതൊന്നും വേണ്ടായെന്നു ജില്ലാഭരണകൂടം തീരുമാനിച്ചതാണോ? കോഴിക്കോട്ടുക്കാരന്‍ കവിതയും നല്ല സംസാരവും കേള്‍ക്കേണ്ടായെന്ന് ഭരണകൂടം തീരുമാനിക്കുന്നത് തന്നെയല്ലേ ഭരണകൂടഫാസിസം.

കവിതയും സാഹിത്യവുമൊന്നും ഒരു കാലത്തും ജനകീയ കലയായിരുന്നില്ല. എന്നാല്‍, അതു കാലത്തേ അതിജീവിക്കുന്ന ജീവല്‍ സന്ദേശമാണ്. ഇന്നലെ ഉദ്ഘാടനം നടത്തി ശ്രീ ടി പി രാജിവന്‍ സാര്‍ പറഞ്ഞതു പോലെ തോല്‍പ്പിക്കപ്പെടുന്നവന്റെ അവസാനത്തെ നിലവിളിയാണ്. ഇതൊന്നുമില്ലെങ്കില്‍ കാലം കെട്ടുപ്പോകും.
ഏതെങ്കിലും ഒരു കോമഡി ഷോയില്‍ മുഖം കാണിച്ചവരെ കൂട്ടിക്കൊണ്ടു വരാന്‍ കാറയ്ക്കുകയും വഴിയില്‍ കാത്തു നില്‍ക്കുകയും ചെയ്യുന്ന ഭരണകൂടം കവികള്‍ നടന്നും ഓട്ടോയിലും വരുമെന്നു കരുതുന്നതെന്തു മനോഭാവം കൊണ്ടാണ്? ഓണം ഇന്നും ഒരു മതേതര ആഘോഷമായി നില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ കവികള്‍ക്കു വലിയ പങ്കുണ്ട്.

മാവേലി നാടു വാണിടും കാലം മനുഷ്യരെല്ലാരുമൊന്നു പോലെ, എന്നു ഇപ്പോഴും പേരറിയാത്ത കവിയെഴുതിയിരുന്നില്ലെങ്കില്‍ ഓണത്തെ നിര്‍വചിക്കുവാന്‍ വല്ലാതെ ബുദ്ധിമുട്ടാകുമായിരുന്നു. പിന്നെ പറഞ്ഞ പണം കൈയില്‍ കിട്ടാതെ സ്റ്റേജില്‍ കയറാത്ത സിനിമാക്കാരെയും പാട്ടുക്കാരെയും കോമഡിക്കാരെയും പോലെ ഞങ്ങള്‍ പണം ഗൗനിക്കാതെ വരുന്നുണ്ടെങ്കില്‍ അതു കവിത പണത്തിനു മേലെയാണെന്ന ഉറച്ച വിശ്വാസം കൊണ്ടു മാത്രമാണ്.

ഇങ്ങനെ അപമാനിക്കാനാണെങ്കില്‍ ഇനിയുമിതു നടത്തണമെന്ന് ഞങ്ങള്‍ക്കു യാതൊരു നിര്‍ബന്ധവുമില്ല. നാലാളു കൂടുന്നിടത്തു ഉച്ചത്തില്‍ കവിതചൊല്ലാന്‍ ഞങ്ങള്‍ക്കു മടിയില്ല. ഭരണകൂടം അനുവദിച്ചു തന്ന ഔദാര്യംകൊണ്ടല്ല കവിത ജീവിക്കുന്നത്. അവസാനത്തെ മനുഷ്യന്‍ മരിക്കുന്നിടത്തോളം കാലം അതു ജീവിക്കും. അദ്ധ്യക്ഷന്‍ പി കെ ഗോപി പറഞ്ഞതു പോലെ കൂടുതല്‍ ശക്തമായി തിരിച്ചു വരാന്‍ ഒന്നു പിന്‍വലിഞ്ഞെന്നിരിക്കാം, അത്രമാത്രം. കലക്ടര്‍ ബ്രോ, സാഹിത്യത്തെ ആദരിക്കണമെന്ന് പറയുന്നില്ല, ഇങ്ങനെ അപമാനിക്കരുത്, പ്ലീസ്.. ഞങ്ങള്‍ കവിത ചൊല്ലിയും മനുഷ്യനെ കുറിച്ചു ചിന്തിച്ചും ജീവിതത്തിന്റ ഓരം പറ്റിയിങ്ങനെ ജീവിച്ചു പോയിക്കൊള്ളട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button