Prathikarana Vedhi

പാകിസ്ഥാന്‍ ചൈനയുടെ ശിഖണ്ഡിയോ?

ഐ.എം.ദാസ്

കുരുക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മരെ വധിക്കാന്‍ ശിഖണ്ഡിയെ അര്‍ജ്ജുനന്‍ മുന്നിര്‍ത്തിയത് പോലെ പാകിസ്ഥാനെ മുന്‍പില്‍ വിട്ടു യുദ്ധത്തിനു ചൈന തയ്യാറാവുന്നൊ?. പാകിസ്ഥാന്‍ ചൈനയുടെ ശിഖണ്ഡിയോ എന്ന് നമ്മള്‍ ഓരോ ഭാരതീയനും ചിന്തിക്കേണ്ട കാലം ആയിരിക്കുന്നു. പാകിസ്ഥാന്‍ എന്തിനാണ് ഇന്ത്യയെ ആക്രമിക്കുന്നത്? കശ്മീര്‍ മാത്രമാണോ അവരുടെ പ്രശ്നം? അങ്ങനെ ആണെങ്കില്‍ ബാലൂചിസ്തനികളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ എന്തിനു പോര് മുറുക്കണം? ഭാരതത്തിന്‍റെ പുതിയ ഭരണകൂടം ആയ മോദി സര്‍ക്കാര്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ രാജ്യങ്ങളോട് പൊതുവേ മമതാപരമായ ബന്ധമാണ് കാട്ടിയത്. എന്നാല്‍ പാകിസ്ഥാന്‍ ആ മമതയെ ആക്രമിക്കുന്ന ഒരു രീതിയാണ്‌ പത്താന്‍ കോട്ട് ആക്രമണത്തിലൂടെ നമ്മള്‍ കണ്ടത്.

ഇനീ നമ്മള്‍ ശ്രെദ്ധിക്കേണ്ട കാര്യം ചൈനയുമായുള്ള പാക്‌ കൂട്ടാണ്. അവര്‍ എന്തിനായിരിക്കും ഒരുമിച്ചത്? ഇന്ത്യയെ നശിപ്പിക്കാന്‍ രണ്ടു ശത്രുക്കള്‍ ഒന്നായത് അല്ലെ? 1962ൽ ചൈന നമ്മെ ആക്രമിച്ചത് മുതൽ ആ രാജ്യത്തിനു നമ്മോടുള്ള ശത്രുതയ്ക്ക് മാറ്റം വന്നിട്ടുണ്ടോ? ഇല്ല എന്നതാണു സത്യം. ഏഷ്യയിൽ മേധാവിത്വം സ്ഥാപിക്കുന്നതിനു ചൈനയ്ക്ക് തടസ്സം ഇന്ത്യയാണു എന്നതാണു ആ ശത്രുതയ്ക്കുള്ള അടിസ്ഥാന കാരണം. ഇന്ത്യ എന്ന വലിയൊരു ജനാധിപത്യരാജ്യം ഏഷ്യയിൽ സുസ്ഥിരമായി നിലനിൽക്കുന്നത് ആ രാജ്യത്തിന്റെ സ്ഥാപിത താല്പര്യങ്ങൾക്ക് എതിരാണു. എന്നാല്‍ 1962ലേത് പോലെ പ്രത്യക്ഷയുദ്ധത്തിനു ചൈന തയ്യാറാവുന്നില്ലെങ്കിലും അന്നു മുതൽ ഇന്ന് വരെയും ഇന്ത്യയുമായി പരോക്ഷമായ ഒരു നിഴൽ യുദ്ധത്തിലാണെന്ന് കാണാം.

ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ ആയുധമണിയിക്കുകയാണു ചൈന ചെയ്യുന്നത്. ചൈനയുടെ സഹായം കൊണ്ടാണു പാക്കിസ്ഥാൻ ആണവായുധങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആ അണുവായുധങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മാത്രമേ പ്രയോഗിക്കാൻ സാധ്യതയുള്ളൂ. ഇന്ത്യയെ പൊതുശത്രു ആയിട്ടാണു ചൈനയും പാക്കിസ്ഥാനും കാണുന്നത്. ആ കാഴ്ചപ്പാട് തന്നെയാണ് ഇരു രാജ്യങ്ങളെയും ബന്ധത്തില്‍ ആക്കിയിരിക്കുന്നത്. ഇപ്പോള്‍ സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണവും ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനിൽക്കുന്നുണ്ട്.

പാക്കിസ്ഥാനും ചൈനയും ഭാരതത്തിന്റെ ഭൂപ്രദേശങ്ങൾ ഇപ്പോഴും കൈവശം വെച്ചനുഭവിക്കുന്നു. പാക്കിസ്ഥാ‍ൻ കൈവശം വെച്ചിരിക്കുന്ന നമ്മുടെ ഭൂമിയിൽ നിന്ന് കുറെ ഭാഗം ചൈനയ്ക്ക് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി നല്‍കുന്നു. അതുകൂടാതെ ചൈന ഭാരത്തിന്റെ അരുണാചൽ പ്രദേശിൽ എന്നും അവകാശവാദം ഉന്നയിക്കുന്നുണ്ട്.. ഇതേ പോലെ പാക്കിസ്ഥാനും കാശ്മീര്‍ വിഷയത്തില്‍ കാണിക്കുന്നത്. . കാഷ്മീരിൽ പാക്കിസ്ഥാനു ഒരു കാര്യവുമില്ല. പാക്കിസ്ഥാന്‍ കാശ്മീര്‍ പ്രദേശത്തിന്റെ കുറെ ഭാഗം കൈവശപ്പെടുത്തിയിട്ടുണ്ട്. ആ പ്രദേശം പാക്കധീന കാഷ്മീർ എന്ന പേരിൽ അറിയപ്പെടുന്നു.

പാക്കധീന കാഷ്മീരിൽ അവകാശവാദം ഉന്നയിച്ച് അത് തിരികെ പിടിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനെ തടയാൻ ഇന്ത്യയുടെ അവിഭാജ്യഭാഗമായ കാഷ്മീരിൽ പ്രശ്നം ആരോപിച്ച് ഇല്ലാത്ത കാഷ്മീർ പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണു പാക്കിസ്ഥാൻ. അങ്ങനെ ഇന്ത്യയെ ആഭ്യന്തര പ്രതിരോധത്തിൽ തളച്ചിടുകയാണ് ചെയ്യുന്നത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവു ഒരിക്കൽ പറയുകയുണ്ടായി കാഷ്മീർ പ്രശ്നം എന്നൊന്ന് ഇല്ലെന്നും ഉള്ളത് പാക്കധീന കാഷ്മീർ പ്രശ്നം ആണെന്നും. കാഷ്മീരിനെക്കാളും ശരിക്കുള്ള പ്രശ്നം പാക്കിസ്ഥാനിലാണുള്ളത്. അവിടെ പാക്ക് സർക്കാരിനാൽ അവഗണിക്കപെട്ട പ്രവിശ്യയാണു ബലൂചിസ്ഥാൻ. ബലൂചിസ്ഥാനികൾക്ക് ഇന്ത്യയോട് ചേരാനാണു താല്പര്യം. അതിന്റെ പേരിൽ പാക്ക് പട്ടാളം തന്നെ ബലൂചിസ്ഥാനിലെ പൗരന്മാരെ കടത്തിക്കൊണ്ടുപോവുകയും അവരെ പറ്റി പിന്നീട് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്നു.

അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാനിൽ ആണവമുങ്ങിക്കപ്പലുകൾക്ക് താവളമടിക്കാൻ കഴിയുന്ന അത്യാന്താധുനിക സൗകര്യമുള്ള ഗദ്വാർ തുറമുഖം ചൈന നിർമ്മിച്ചിട്ടുണ്ട്. അങ്ങനെ അറബിക്കടലിലും ചൈന അതിന്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ശ്രീലങ്കയെ കൂടി ശക്തമായ സുഹൃത്താക്കിയാല്‍ ഇന്ത്യ അക്ഷരാർത്ഥത്തിൽ ചൈനയാൽ വലയം ചെയ്യപ്പെടും. തെക്കുപടിഞ്ഞാറു പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്വദാര്‍ ചൈനയ്ക്ക് നാവികത്താവളമായി. അതിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ നിന്ന് പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്തിലേക്കും ഗ്വദാറിലേക്കും ന്യൂ സില്‍ക്ക് റോഡ് ഉണ്ടാക്കാന്‍ ചൈനയുമായി കരാറാകുന്നു. ബലൂചിസ്ഥാനിലെ ഈ തുറമുഖത്തേക്കുള്ള പ്രവേശനം ചൈനക്ക് നിര്‍ണായകമാണ്. ഇന്ത്യന്‍ സമുദ്രം, മലാക്കാ ഉള്‍ക്കടല്‍ വഴിയാണ് ചൈന ഇപ്പോള്‍ മധ്യപൂര്‍വദേശത്തുനിന്നും ആഫ്രിക്കയില്‍നിന്നും ഇന്ധനമെത്തിക്കുന്നത്. സീ ജിന്‍പിങ് പാക്കിസ്ഥാനില്‍ 3,08,200 കോടി രൂപയാണ് (46 ബില്യണ്‍ ഡോളര്‍) ചൈന നിക്ഷേപിച്ചിരിക്കുന്നത്. ഗ്വദാറില്‍ നാവികത്താവളമുണ്ടായതോടെ, ഇന്ത്യാ സമുദ്രമേഖലയില്‍, ചൈനയുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു.

എൻ.എസ്.ജി. എന്ന ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കാതെ പോയതിന്  കാരണം ചൈന-പാക്ക് കൂട്ടുകെട്ടാണ്. ഇന്ത്യയ്ക്ക് അംഗത്വം കൊടുക്കുന്നെങ്കിൽ പാക്കിസ്ഥാനും കൊടുക്കേണ്ടി വരും എന്നാണു ചൈന വാദിച്ചത്. ചൈന ഇന്ത്യയെ അനുകൂലിച്ചിരുന്നെങ്കിൽ മറ്റൊരു രാജ്യവും എതിർക്കില്ലായിരുന്നു. നമ്മൾ ആണവ നിർവ്യാപന കരാറിൽ ഒപ്പ് വയ്ക്കാതിരിക്കുന്നതിനു ന്യായമായ കാരണമുണ്ട്. Nuclear Nonproliferation Treaty (NPT) എന്ന ആണവ നിർവ്യാപന കരാറിന്റെ അന്ത:സത്ത എന്നു പറയുന്നത് ലോകത്തെ എല്ലാ രാജ്യങ്ങളും ആണവായുധ മുക്തമാവുക എന്നതാണു. അമേരിക്ക,റഷ്യ,ചൈന,ഫ്രാൻസ്,ബ്രിട്ടൻ എന്നീ പഞ്ചരാജ്യങ്ങൾ ആണവായുധങ്ങൾ കുത്തകയാക്കി വെച്ചിട്ട് നമ്മൾ എൻ.പി.ടി.യിൽ ഒപ്പ് വയ്ക്കുന്നത് കരാറിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല. ലോകം ആണവായുധ മുക്തമാകണം എന്നതാണു നമ്മുടെ നിലപാട്.

എൻ.പി.ടി.യിൽ ഒപ്പ് വെച്ചില്ലെങ്കിലും 2008ൽ ജർമ്മനിയിൽ വെച്ചു നടന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയ്ക്ക് മാത്രമായി ഇളവ് അനുവദിച്ചിരുന്നു. അത് പ്രകാരം എൻ.എസ്.ജി. അംഗരാജ്യങ്ങളിൽ നിന്ന് യുറേനിയവും മറ്റ് സാമഗ്രികളും ഇന്ത്യയ്ക്ക് വാങ്ങാൻ കഴിയും. ആ ഇളവ് ലഭിക്കാൻ സാഹചര്യമൊരുക്കിയത് അമേരിക്കയുമായി മൻമോഹൻ സിങ്ങ് സർക്കാർ ആണവക്കരാറിൽ ഏർപ്പെട്ടത് കൊണ്ടാണു. ചുരുക്കി പറഞ്ഞാൽ എൻ.എസ്.ജി. രാജ്യങ്ങളിൽ നിന്ന് ആണവധാതുക്കളും ഉപകരണങ്ങളും വാങ്ങാനും ഇന്ന് ആ ഗ്രൂപ്പിൽ അംഗത്വം ആവശ്യപ്പെടാനും ഇടയാക്കിയത് അമേരിക്കയുമായി നമ്മൾ ആണവക്കരാറിൽ ഒപ്പ് വെച്ചതാണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button