NewsIndia

സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി രാജ് താക്കറെ

മുംബൈ: പാകിസ്ഥാനി കലാകാരന്മാര്‍ ഇന്ത്യന്‍ സിനിമകളിലും മറ്റും അഭിനയിക്കുന്നത് നിരോധിക്കണം എന്ന വാദത്തില്‍ വിവാദം കത്തിനില്‍ക്കേ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ രംഗത്തെത്തി. ഇസ്ലാമാബാദില്‍ നിന്നുള്ള കലാകാരന്മാരെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ സല്‍മാന്‍റെ സിനിമകള്‍ നിരോധിക്കും എന്ന ഭീഷണിയാണ് രാജ് താക്കറെ മുഴക്കിയിരിക്കുന്നത്.

“പട്ടാളക്കാര്‍ നമുക്ക് വേണ്ടി അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്നു. തങ്ങളുടെ ആയുധം താഴെവയ്ക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ നമ്മുടെ അവസ്ഥ എന്താകും? അതിര്‍ത്തിയില്‍ ആര് നമ്മളെ സംരക്ഷിക്കും? സല്‍മാന്‍ ഖാനോ? ബോളിവുഡോ? ഈ നടന്മാര്‍ മനസിലാക്കേണ്ടത് “ആദ്യം രാഷ്ട്രം” എന്ന കാര്യമാണ്. അതില്‍ അവര്‍ക്ക് ഇത്രയധികം പ്രശ്നങ്ങളുണ്ടെങ്കില്‍ അവരുടെ സിനിമകളും നമ്മള്‍ നിരോധിക്കും,” താക്കറെ പറഞ്ഞു.

തമിഴ്നാടിനും കര്‍ണ്ണാടകയ്ക്കും കാവേരി പ്രശ്നത്തില്‍ തങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഇടപെടാമെങ്കില്‍ ഈ താരങ്ങള്‍ക്ക് രാജ്യത്തിന് വേണ്ടി എന്തുകൊണ്ട് ശബ്ദമുയര്‍ത്താന്‍ സാധിക്കുന്നില്ല എന്ന ചോദ്യമുന്നയിച്ചും താക്കറെ സല്‍മാനെ അക്രമിച്ചു.

കാവേരി പ്രശ്നത്തില്‍ തമിഴ്നാടിനായി രജനീകാന്തടക്കമുള്ള തമിഴ് താരങ്ങള്‍ രംഗത്തെത്തിയതും താക്കറെ ചൂണ്ടിക്കാണിച്ചു.

1.26-ബില്ല്യണ്‍ ആളുകളുള്ള ഒരു രാജ്യത്തിന് പാകിസ്ഥാനില്‍ നിന്ന്‍ കഴിവുള്ളവരെ കടം വാങ്ങേണ്ട കാര്യമുണ്ടോ എന്നും താക്കറെ ചോദിച്ചു.

കഴിഞ്ഞദിവസം പാകിസ്ഥാനി താരങ്ങള്‍ക്ക് അനുകൂലമായി സല്‍മാന്‍ സംസാരിച്ചതാണ് രാജ് താക്കറെയെ ചൊടിപ്പിച്ചത്. ഇന്ത്യയിലുള്ള പാകിസ്ഥാനി താരങ്ങള്‍ക്ക് രാജ്യം വിട്ടുപോകാന്‍ 48-മണിക്കൂര്‍ സമയം നല്‍കുന്നു എന്ന ഭീഷണിയും എംഎന്‍എസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‍ ബോളിവുഡിലെ പ്രമുഖ പാക്-നടന്‍ ഫവദ് ഖാന്‍ സെപ്റ്റംബര്‍ 27-ന് ഇന്ത്യ വിട്ടുപോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button