KeralaNews

ഐഎസ് കേരള ഘടകം: വൈക്കം സ്വദേശിനിയെ അടക്കം യുവതികളെ ചാവേറുകളാക്കാന്‍ പദ്ധതിയിട്ടു!

കൊച്ചി: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) കേരളഘടകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളുടെ വിവരങ്ങളന്വേഷിച്ച് അഫ്ഗാനിസ്ഥാനില്‍ എത്തിയ എന്‍.ഐ.എ. സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വൈക്കം സ്വദേശിനിയായ യുവതിയെ ചാവേറാക്കാന്‍ ഐഎസിന്‍റെ കേരളഘടകം ശ്രമിച്ചെന്ന വിവരമുള്‍പ്പെടെ ഇവരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളാണ് എന്‍.ഐ.എ. സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ഐഎസ് കേരളഘടകം തലവനായ കണ്ണൂര്‍ സ്വദേശിയെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ എന്‍.ഐ.എ സംഘം ശേഖരിച്ചു കഴിഞ്ഞു. ഇയാളുടെ പരിശീലനം അഫ്ഗാനിസ്ഥാനിലായിരുന്നു. അഞ്ച് സംഘങ്ങളെ നിയോഗിച്ചാണ് എന്‍.ഐ.എ ഇപ്പോള്‍ കേസന്വേഷണവുമായി മുന്നോട്ടു പോകുന്നത്. ഇതിലുള്‍പ്പെട്ട ഒരു സംഘമാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ എത്തി തെളിവുകളും വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്. കണ്ണൂര്‍സ്വദേശിയുടെ നേതൃത്വത്തില്‍ ഐഎസിനു വേണ്ടി ചാവേറുകളാകാന്‍ കേരളത്തില്‍ നിന്ന്‍ ചില യുവതികളെ സംഘടിപ്പിക്കാന്‍ ഇവര്‍ ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തിയിരുന്നു.

വൈക്കം സ്വദേശിനിയായ ഒരു യുവതിയടക്കമുള്ളവരെ ചാവേറാക്കാനായിരുന്നു കേരളഘടകത്തിന്‍റെ പദ്ധതി. ചെന്നൈയില് പഠിക്കുന്ന സമയത്താണ് ഇതിനായി വൈക്കം സ്വദേശിനി യുവതിയെ സിറിയയിലേക്ക് അയച്ചത്. ചാവേറാക്രമണത്തിന്‍റെ രീതികളെക്കുറിച്ച് യുവതിയെ വിശദമായി പഠിപ്പിച്ചശേഷം കൂടുതല്‍ മലയാളി യുവതികളെ എത്തിക്കാനായിരുന്നു ശ്രമം. കേരളത്തിന്‍റെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സംഘം ഇതിനുള്ള ശ്രമങ്ങള് നടത്തിയിരുന്നതായും സംഘത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ഒട്ടും മതനിരപേക്ഷമല്ലാത്ത സിലബസില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന്‍ തെളിഞ്ഞ കൊച്ചിയിലെ പീസ്‌ ഇന്‍റര്‍നാഷണല്‍ സ്കൂളിനെതിരെയുള്ള അന്വേഷണവും എന്‍.ഐ.എ. ശക്തമാക്കി. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ള കാസര്‍ഗോഡ്‌ സ്വദേശിക്ക് സ്കൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഐ.എസുമായി ബന്ധമുള്ള പലരും സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്ന ആരോപണമാണ് എന്‍.ഐ.എ. ഇപ്പോള്‍ അന്വേഷിക്കുന്നത്.

മതം മാറി ഐ.എസില്‍ ചേര്‍ന്നു എന്ന്‍ കണ്ടെത്തിയ മലയാളിദമ്പതിമാരും ഈ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. ഇവരുടെ സഹായത്തോടെ കേരളത്തില്‍ നിന്ന് ഐ.എസില് ചേരാനായി കടന്നവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങിയതായും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button