NewsIndia

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായവാഗ്ദാനങ്ങളുമായി മുസ്ലീംസഹോദരങ്ങള്‍

ഉഡുപ്പി: ദളിത് നേതാവ് ജിഗ്‌നേഷിന്റെ പടയൊരുക്കത്തിന് തിരിച്ചടിനല്കി ശ്രീകൃഷ്ണ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായവാഗ്ദാനവുമായി ദളിതരും മുസ്ലീങ്ങളും രംഗത്തിറങ്ങി. പന്തിയില്‍ പക്ഷഭേദം ആരോപിച്ച് സ്വാമി വിശ്വേശതീര്‍ഥയ്ക്ക് അന്ത്യശാസനം നല്കിയ ജിഗ്‌നേഷിനെതിരെയാണ് ഉഡുപ്പി ജില്ലാ മുസ്ലിം സൗഹാര്‍ദ വേദികെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സമുദായ മൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന സ്വാമി വിശ്വേശതീര്‍ഥയ്‌ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് ജില്ലാ മുസ്ലിം സൗഹാര്‍ദവേദിയുടെ പ്രഖ്യാപനം.
ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം സംസ്‌കൃത കോളേജ് സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം നടന്ന മുസ്ലിം, ദളിത് സംയുക്ത പ്രതിഷേധയോഗത്തില്‍ പേജാവര്‍ രക്തദാന സംഘം പ്രസിഡന്റ് മുഹമ്മദ് ആരിഫ് ആണ് സമരപ്രഖ്യാപനം നടത്തിയത്.

ദളിതരെ മുന്നില്‍ നിര്‍ത്തി കര്‍ണാടകയിലെ സി.പി.ഐ., സി.പി.എം. സംഘടനകള്‍ സംയുക്തമായി നടത്തിയ ‘ചലോ ഉഡുപ്പി’ സമരത്തിന്റെ സമാപന യോഗത്തിലാണ് ജിഗ്‌നേഷ് മേവാനിയും മറ്റുചിലരും ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിനും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സ്വാമി വിശ്വേശതീര്‍ഥയ്ക്കും എതിരെ തിരിഞ്ഞത്.
ഗോസംരക്ഷണത്തിന്റെ മറവില്‍ ബി.ജെ.പി.യുടെ പ്രാദേശിക നേതാവായ പ്രവീണ്‍ പൂജാരിയെ ഒരുസംഘം വി.എച്ച്.പി., ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിനെതിരെ പാര്‍ട്ടിക്കകത്ത് രൂപപ്പെട്ടുവന്ന വിമത നീക്കം ത്വരപ്പെടുത്താനും മുതലെടുക്കാനും ഇടത് കക്ഷികള്‍ ആസൂത്രണം ചെയ്തതായിരുന്നു ‘ചലോ ഉഡുപ്പി’.

പൊതുജനങ്ങളില്‍നിന്ന് മോശമല്ലാത്ത പ്രതികരണവും യാത്രയ്ക്ക് ലഭിച്ചിരുന്നു. സ്വാഭിമാന സമാവേശമെന്ന പേരില്‍ ഉഡുപ്പിയില്‍ സമാപന സമ്മേളനം സംഘടിപ്പിച്ചതും ഇതേത്തുടര്‍ന്നായിരുന്നു. എന്നാല്‍ സമാപനയോഗത്തില്‍ ചില നേതാക്കള്‍ സ്വാമി വിശ്വേശതീര്‍ഥയ്‌ക്കെതിരെ തിരിഞ്ഞതാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണമായത്. ദളിതരെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കോളനികളിലേക്ക് പദയാത്രയും മറ്റും സംഘടിപ്പിച്ച സന്ന്യാസിയാണ് സ്വാമി വിശ്വേശതീര്‍ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button